കൊയിലാണ്ടി: കൊല്ലം പിഷാരി കാവ് ക്ഷേത്രത്തിൽ ഇന്നു കാളിയാട്ടം നടക്കും.ഇതിനോടനുബന്ധിച്ച് രാവിലെ 9ന് ഓട്ടൻതുള്ളൽ 10ന് ദേവ സങ്കീർത്തനം ഭജൻസ്, വൈകിട്ട് 3നു കൊല്ലത്ത് അരയന്റെയും വെട്ടുവ രുടെയും തണ്ടാന്റെയും മറ്റ് അവകാശ വരവുകളും ക്ഷേത്ര സന്നിധിയിൽ എത്തിച്ചേരും. വൈകിട്ട് 6 ന് സ്വർണ നെറ്റിപ്പട്ടം കെട്ടിയ പിടിയാനപ്പുറത്ത് പ്രധാന നന്ദകം പുറത്തെഴുന്നള്ളിച്ചു പാലച്ചുവട്ടിലേക്കു നീങ്ങി ആചാര പ്രകാ രമുള്ള ചടങ്ങുകൾക്ക് ശേഷം ക്ഷേത്ര കിഴക്കേ നടവഴി ഊരു ചുറ്റി തിരിച്ചു പാലച്ചുവട്ടിലെത്തി തെയ്യമ്പാടി കുറുപ്പിന്റെ നൃത്തത്തിനു ശേഷം വാളകം കൂടും.
കോഴിക്കോട്. എം.ഡി.എം.എയുമായി പിടിയിലായ യുവതിയുടെയും ആണ് സുഹൃത്തിന്റെയും കൂടുതൽ വിവരങ്ങൾ പുറത്തായി. മുക്കം പൂളപ്പോയില്‍ പുല്ലമ്പാടി പറമ്പില്‍ മുഹമ്മദ് ഹനീഫ പി. (36), പൂളപ്പൊയില്‍ താമസിക്കുന്ന കോഴിക്കോട് ബേപ്പൂർ സ്വദേശി റെയ്‌ഹാനത്ത് (45) എന്നിവരെയാണ് മുക്കം പൊലീസ് സ്റ്റേഷൻ പരിധിയിലെ രണ്ട് വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്ന് ഡാൻസാഫ് സംഘം പിടികൂടിയത്. രണ്ടിടങ്ങളില്‍ നിന്നായി ഇരുവരും വില്പനയ്ക്കെത്തിച്ച രണ്ടേമുക്കാല്‍ കിലോഗ്രാം എം.ഡി.എം.എയാണ് പിടിച്ചെടുത്തത്. മുഹമ്മദ് ഹനീഫയെ വ്യാഴാഴ്ച പുലർച്ചെ മുക്കം അഗസ്ത്യൻമൂഴി സിവില്‍ സ്റ്റേഷന് മുൻവശം വച്ച് 517 ഗ്രാം എം.ഡി.എം. എയുമായാണ് പിടികൂടിയത്. അഞ്ച് ദിവസം മുൻപ് റെയ്‌ഹാനത്തിനൊപ്പം ലഹരി വാങ്ങാനായി ഇയാള്‍ പോയിരുന്നു. തിരിച്ച് നാട്ടിലെത്തി മറ്റൊരാള്‍ക്ക് വില്പന നടത്തുന്നതിനിടെയാണ് പിടിയിലായത്. .
ഉള്ളിയേരി: ഉള്ളിയേരി യുപി സ്കൂൾ വാർഷികാഘോഷമായ വർണ്ണിക ആർട്സ് ഫെസ്റ്റ് നടത്തി. ജില്ല സംസ്ഥാന പരിപാടികളിൽ മികച്ച വിജയം നേടിയ കുട്ടികൾക്കുള്ള ഉപഹാര സമർപ്പണവും മഠത്തിൽ ദേവി അമ്മ പുരസ്കാരവും സ്മാർട്ട് 85 പുരസ്കാര വിതരണവും നടന്നു.വാർഷികത്തിന്റെ ഔപചാരിക ഉദ്ഘാടനം സാഹിത്യകാരൻ ഡോക്ടർ പി സുരേഷ് നിർവഹിച്ചു. രംഗപൂജ ഒപ്പന സംഘനൃത്തം, കൈകൊട്ടിക്കളി, നാടൻപാട്ട് മലയാള പദ്യം, മാപ്പിളപ്പാട്ട്, ലളിതഗാനം കരോക്കെ നാടോടി നൃത്തം, ദഫ് മുട്ട് എന്നിവയും അരങ്ങേറി. സബർമതി വില്ലേജിന്റെ ഒരു കോഴിക്കോടൻ ഹൽവ എന്ന നാടകവും ഉണ്ടായിരുന്നു. സാം സ്കാരിക സമ്മേളന ചടങ്ങിൽ ഹെഡ്മിസ്ട്രസ് പി.ടി പ മാലിനി സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡണ്ട് സതീശൻ പന്നോന അധ്യക്ഷനായി. കെ കെ സുരേഷ്, വി.വി. നജീബ്, എൻ. അനീഷ് , ഷജില എ. എം, ബിജു കുന്നത്ത്, ഇ. ചന്ദ്രൻ, ദിനേശൻ പിഎം, ബ്രജേഷ് കുമാർ, സി. വിജയകൃഷ്ണൻ, തുഷാര പ്രഭാകരൻ, പി എസ് ദ്രുപത് എന്നിവർ സംബന്ധിച്ചു.പ്രോഗ്രാം കൺവീനർ നിവേദ പി എസ് നന്ദി പറഞ്ഞു.
കണ്ണൂര്‍: വ്യാജ ആധാര്‍ കാര്‍ഡ് ആരോപണത്തില്‍ സംഘടന ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ സിപിഐഎം നേതാവ് ഇ പി ജയരാജന്‍. കോണ്‍ഗ്രസിന്റെ ദേശീയ നേതാവാണ് കെ സി വേണുഗോപാലെന്ന് ആലോചിക്കണമെന്ന് ഇ പി ജയരാജന്‍ പറഞ്ഞു. പയ്യന്നൂരിലെ യുഡിഎഫ് പിന്തുണയുള്ള സ്ഥാനാര്‍ത്ഥിയുടെ മെഗാഫോണ്‍ ആയി കെ സി വേണുഗോപാല്‍ മാറരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'കെ സി വേണുഗോപാലിന്റെ നിലവാരം കുറഞ്ഞു പോകരുത്. വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മിച്ച് ശീലം ഉള്ളത് കോണ്‍ഗ്രസിനാണ്. വിവരദോഷികളായി കോണ്‍ഗ്രസ് മാറരുത്', ഇ പി ജയരാജന്‍ പറഞ്ഞു. എസ്ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണത്തിലും ഇ പി ജയരാജന്‍ പ്രതികരിച്ചു. എല്ലാ ജനങ്ങളുടെയും പിന്തുണ എല്‍ഡിഎഫിന് വേണമെന്ന് ഇ പി ജയരാജന്‍ പറഞ്ഞു. കേരളത്തിലെ മൂന്നരക്കോടി ജനങ്ങളുടെയും മുന്നണിയാണ് എല്‍ഡിഎഫ്. വോട്ട് ചോദിച്ച് എല്ലാ പാര്‍ട്ടിക്കാരുടെയും വീട്ടില്‍ പോകാറുണ്ടെന്നും ഇ പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
മലപ്പുറം: സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന വ്യാജ പ്രചാരണങ്ങളിൽ പരാതി നൽകി യുഡിഎഫ് സ്ഥാനാർത്ഥി പി കെ കുഞ്ഞാലിക്കുട്ടി. രഘുനാഥ് മേനോൻ എന്ന ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്ന് വ്യാജ പ്രചാരണം നടക്കുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. പറയാത്ത കാര്യങ്ങൾ പറഞ്ഞുവെന്ന തരത്തിലാണ് പ്രചാരണമെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി ചീഫ് ഇലക്ഷൻ ഏജന്റാണ് മലപ്പുറം സൈബർ സെൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. 'ഗുരുവായൂർ അമ്പലം മതേതര സർക്കാരിന്റേതാണ്, ഗുരുവായൂർ ദേവസ്വം ബോർഡിൽ മുസ്‌ലിം ലീഗിന് പ്രതിനിധികളുണ്ടാകും' എന്ന് കുഞ്ഞാലിക്കുട്ടി പ്രസ്താവന നടത്തിയ രീതിയിലാണ് പോസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് വേളയിൽ സ്ഥാനാർത്ഥിയെ മതതീവ്രവാദിയായി ചിത്രീകരിക്കാനും സമൂഹത്തിൽ മതസ്പർദ്ധയും വർഗീയ ചേരിതിരിവും ഉണ്ടാക്കി സമാധാന അന്തരീക്ഷം തകർക്കാനുമുള്ള ആസൂത്രിത ശ്രമമാണിതെന്ന് പരാതിയിൽ പറയുന്നു. കുഞ്ഞാലിക്കുട്ടി ഒരു ക്ഷേത്ര ദർശനം കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ മാധ്യമങ്ങളോട് സംസാരിക്കുന്ന പഴയ ചിത്രം ദുരുപയോഗം ചെയ്താണ് വ്യാജ പ്രചാരണം.
കണ്ണൂർ: പയ്യന്നൂരില്‍ ആര് വന്നാലും ഒരു ചുക്കും സംഭവിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പയ്യന്നൂരിനെ കുറിച്ച് താന്‍ പ്രത്യേകിച്ചൊന്നും പറയേണ്ടതില്ല. രക്തസാക്ഷികളുടെ നാടാണിത്. അതുകൊണ്ടാണ് പയ്യന്നൂര്‍ ഇടതുപക്ഷ കോട്ടയായി മാറിയത്. ഈ പ്രസ്ഥാനത്തെ ഒരു പോറല്‍ പോലും ഏല്‍പ്പിക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് പയ്യന്നൂർ മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കണിശതയുള്ള നേതാക്കളാണ് ഈ നാട്ടില്‍ ഉണ്ടായിരുന്നത്. അവരുടെ പാത ഇപ്പോഴുള്ളവരും പിന്തുടരുന്നു. ഒരു പ്രതിസന്ധിയിലും ഉലഞ്ഞിട്ടില്ല. പാറ പോല ഉറച്ചുനിന്നിട്ടുണ്ട്. ആ മണ്ണില്‍ ആര് എതിരായി വന്നാലും ഒരു ചുക്കും സംഭവിക്കില്ല. പവിത്രമായ ഈ മണ്ണിനെ കളങ്കപ്പെടുത്താന്‍ ആര് ശ്രമിച്ചാലും നടക്കില്ല. പയ്യന്നൂരിന്റെ പവിത്രത സംരക്ഷിക്കണമെന്നും ടി ഐ മധുസൂദനനെ വിജയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി: യുവനടിയുടെ ലൈംഗിക പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെ കസ്റ്റഡിയിൽ വിട്ടു. തിങ്കളാഴ്ച വരെയാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. എറണാകുളം സിജെഎം കോടതിയാണ് രഞ്ജിത്തിൻ്റെ ജാമ്യാപേക്ഷ പരിഗണിച്ചത്. രഞ്ജിത്ത് നടത്തിയത് ഗുരുതര കുറ്റകൃത്യമെന്നായിരുന്നു പ്രോസിക്യൂട്ടറിൻ്റെ വാദം. രഞ്ജിത്തിൻ്റെ ആരോഗ്യ സ്ഥിതി പരിഗണിക്കണമെന്ന് അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു. നട്ടെല്ലിന് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും കരൾ മാറ്റിവെക്കലിന് വിധേയനായ ആളാണെന്നുമായിരുന്നു രഞ്ജിത്തിനുവേണ്ടി ഹാജരായ അഭിഭാഷകന്റെ വാദം. തിങ്കളാഴ്ച വരെ കസ്റ്റഡിയിൽ ലഭിച്ചതോടെ തെളിവെടുപ്പായിരിക്കും അടുത്ത നടപടി. ലൈംഗീകാതിക്രമം നടന്നു എന്ന് പറയുന്ന കാരവനിൽ എത്തിച്ചടക്കം പൊലീസ് തെളിവെടുക്കും. രഞ്ജിത്തിനു വേണ്ടി മുതിർന്ന അഭിഭാഷകൻ അഡ്വ. എസ് രാജീവ് ആണ് ഹാജരായത്. വിവാദത്തെ തുടർന്ന് ആദ്യം വക്കാലത്തെടുത്ത അഡ്വ. മുഹമ്മദ് സിയാദ് വക്കാലത്ത് ഒഴിഞ്ഞിരുന്നു. യുവനടി ലൈംഗിക അതിക്രമത്തിന് ഇരയായ സിനിമയിലെ ഐ സി സി അംഗമായിരുന്നു സിയാദ്. ഐ സി സി അംഗമായിരുന്ന സിയാദ് രഞ്ജിത്തിനായി വക്കാലത്ത് എടുത്തത് വിവാദമായിരുന്നു. വിവാദങ്ങൾക്ക് താത്പരര്യം ഇല്ലാത്തതിനാലാണ് പിന്മാറ്റമെന്ന് സിയാദ് വ്യക്തമാക്കി. ജനുവരി 9ന് ഫോർട്ട് കൊച്ചിയിലെ സിനിമാ ലൊക്കേഷനിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് യുവനടിയുടെ പരാതി. രഞ്ജിത്തിനെ കാണാൻ കാരവാനിൽ കയറിയപ്പോൾ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതിയിൽ പറയുന്നു. ഇടുക്കി എസ്പിയുടെ നിർദ്ദേശപ്രകാരം തൊടുപുഴയിൽ വെച്ച് കാർ തടഞ്ഞാണ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. അതിക്രമത്തെ തുടർന്ന് വലിയ മാനസികാഘാതം നേരിട്ട താൻ കൗൺസിലിംഗിന് ശേഷമാണ് പരാതിയുമായി മുന്നോട്ട് വന്നതെന്നും നടി പറഞ്ഞു. നടിയുടെ രഹസ്യ മൊഴിയിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതോടെയാണ് പൊലീസ് അറസ്റ്റ് നടപടികളിലേക്ക് നീങ്ങിയത്.
കൊയിലാണ്ടി: ശ്രീ പിഷാരികാവ് ദേവീക്ഷേത്ര കാളിയാട്ട മഹോത്സവത്തിനെത്തിയ ഭക്തജനങ്ങൾക്ക് ആശ്വാസമായി ജെസിഐ കൊയിലാണ്ടി സഹാനി ഹോസ്പിറ്റൽ നന്തിബസാറിന്റെ സഹകരണത്തോടെ ഉത്സവ നഗരിയിൽ പ്രവർത്തിച്ച പ്രഥമ ശുശ്രൂഷ കേന്ദ്രം ശ്രദ്ധേയമായി.മഹോത്സവത്തിന് കൊടിയേറിയ ദിവസം ജെസിഐ കൊയിലാണ്ടിയുടെ പ്രസിഡന്റ് ജസ്ന സൈനുദ്ദീന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ അപ്പുക്കുട്ടി നായർ ഉദ്ഘാടന ചെയ്ത പ്രഥമ ശുശ്രൂഷ കേന്ദ്രം കാളിയാട്ട മഹോത്സവത്തിന്റെ അവസാന ദിവസം വരെ പ്രവർത്തിച്ചു. ഉത്സവ നഗരിയിലെ ചൂടും തിരക്കും കാരണം തളർന്നുവീണവർക്കും പരിക്കേറ്റവർക്കും തത്സമയം ശുശ്രൂഷ നൽകി. ജനത്തിരക്കിനിടയിൽ നിന്ന് ആംബുലൻസിലൂടെയും മറ്റ് മാർഗ്ഗങ്ങളിലൂടെയും രോഗികളെ പ്രഥമ ശുശ്രൂഷ കേന്ദ്രത്തിലെത്തിച്ച് ചികിത്സ നൽകി. തുടർ ചികിത്സ ആവശ്യമായവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത മഹോത്സവത്തിൽ ജെസിഐ കൊയിലാണ്ടി നടത്തിയ സേവനം ഏറെ പ്രശംസനീയമാണെന്ന് ഭക്തജനങ്ങളും വിവിധ രാഷ്ട്രീയ, സാമൂഹിക നേതാക്കളും അഭിപ്രായപ്പെട്ടു. കൊറോണ കാലഘട്ടത്തിലൊഴികെ 2013 മുതൽ പിഷാരികാവ് കാളിയാട്ട മഹോത്സവത്തിൽ ജെസിഐ കൊയിലാണ്ടിയുടെ പ്രഥമ ശുശ്രൂഷ കേന്ദ്രം പ്രവർത്തിച്ചു വരുന്നുവെന്നും ഉത്സവത്തിന് എത്തുന്നവർക്ക് ഉപകാരപ്രദമായ ഈ സേവനം ചെയ്യാൻ കഴിയുന്നത് ഏറെ ചരിതാർഥ്യം ഉളവാക്കുന്നതായും ജെസിഐ കൊയിലാണ്ടിയുടെ പ്രസിഡന്റ് ജസ്ന സൈനുദ്ദീൻ, മുൻ പ്രസിഡന്റ് അഡ്വ: ജി. പ്രവീൺകുമാർ, പ്രോഗ്രാം ഡയറക്ടർ ജിതേഷ് ഉണ്ണികൃഷ്ണൻ എന്നിവർ പറഞ്ഞു.
നടുവണ്ണൂർ: കേരളത്തെ കുറിച്ചുള്ള നാണക്കേടുകൾ മാറ്റാൻ യുഡിഎഫ് അധികാരത്തിലേറിയെ പറ്റൂ എന്ന് ഐസിസി വർക്കിംഗ് കമ്മിറ്റി അംഗം ശശി തരൂർ നടുവണ്ണൂരിൽ പ്രസ്താവിച്ചു. നീതി ആയോഗ് ൻ്റെ ഏറ്റവും പുതിയ പ്രോഗ്രസ് റിപ്പോർട്ട് പ്രകാരം 18 സംസ്ഥാനങ്ങളിൽ പതിനഞ്ചാം സ്ഥാനമാണ് കേരളത്തിന്. വ്യവസായ സൗഹൃദം അല്ലാത്ത അന്തരീക്ഷം സൃഷ്ടിച്ച ഇടതുപക്ഷം കേരളത്തെ കടക്കണിയിൽ ആഴ്‌ത്തിയിരിക്കുകയാണ്. മദ്യം വ്യാപകമാക്കി സംസ്ഥാനത്തെ കുടുംബാന്തരീക്ഷം തകർത്തു. കടമെടുത്തു കടമെടുത്ത് മുടിയുകയാണ് നാട്. ഇതിലെല്ലാം കാര്യമായ മാറ്റങ്ങൾ ഉണ്ടാവണം, ശശിതരൂർ പറഞ്ഞു.ചെറുപ്പക്കാരനായ സൂരജിനെ സ്ഥാനാർത്ഥി ആക്കിയതിലൂടെ യുവത്വത്തിന് മുന്തിയ പരിഗണന നൽകിയിരിക്കുകയാണ് യുഡിഎഫ്. അദ്ദേഹത്തിൻറെ വിജയം കേരളത്തിൻറെ വിജയമാകുമെന്നും തരൂർ പറഞ്ഞു നിശ്ചയിച്ചതിൽ നിന്നും മണിക്കൂറുകൾ വൈകിയാണ് എത്തിയെങ്കിലും ശശി തരൂരിനെ സ്വീകരിക്കാൻ നൂറുകണക്കിനാളുകൾ നടുവണ്ണൂരിൽ എത്തിയിരുന്നു. വെള്ളോട്ട് നിന്നും തുറന്ന ജീപ്പിൽ ആനയിച്ചാണ് അദ്ദേഹത്തെ സ്വീകരണ സ്ഥലത്തെത്തിച്ചത്. യു ഡി എഫ് സ്ഥാനാർത്ഥി വി.ടി. സൂരജ് ചടങ്ങിൽ വോട്ടഭ്യർത്ഥിച്ച് സംസാരിച്ചു.പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റി ചെയർമാൻ ടി നിസാർ ആധ്യക്ഷം വഹിച്ചു. എം.കെ രാഘവൻ എം.പി., അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റി സ നിരീക്ഷകൻ സൂരജ് താക്കൂർ, ടി.ടി. ഇസ്‌മയിൽ, കാവിൽ പി.മാധവൻ, ബാലകൃഷ്ണൻ കിടാവ്, കെ. എം ഉമ്മർ, കെ.രാമചന്ദ്രൻ മാസ്റ്റർ, അഹമദ് കോയ മാസ്റ്റർ, സംസാരിച്ചു. കെ രാജീവൻ ചടങ്ങിന് സ്വാഗതം പറഞ്ഞു.
കോഴിക്കോട്: കുന്നമംഗലത്ത് വീടിനുള്ളില്‍ സ്‌ഫോടനം. കുരുക്കത്തൂരിലാണ് സ്‌ഫോടനമുണ്ടായത്. അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. രാമനാട്ടുകര സ്വദേശി രാഹുല്‍ (26), വീട് വാടകയ്ക്ക് എടുത്തിരുന്ന വിഷ്ണു എന്നയാളുടെ സഹോദരൻ രാഹുൽ (27) എന്നിവരാണ് മരിച്ചത്. അപകടം നടക്കുമ്പോൾ അഞ്ച് പേരായിരുന്നു വീട്ടിലുണ്ടായിരുന്നത്. പരിക്കേറ്റവരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇന്നലെ രാത്രി 9.45 ഓടെയായിരുന്നു സംഭവം നടന്നത്. കുന്നമംഗലം കുരുക്കത്തൂരില്‍ വിഷ്ണുവും ഭാര്യ സിമിയും കുഞ്ഞും അടങ്ങുന്ന കുടുംബം വാടകയ്ക്ക് താമസിക്കുകയായിരുന്നു. വീട്ടില്‍ ഇവര്‍ പടക്കനിര്‍മ്മാണം നടത്തിയിരുന്നു. പടക്കനിര്‍മ്മാണത്തിനിടെയാണ് പൊട്ടിത്തെറി ഉണ്ടായതെന്നാണ് സൂചന. തൊട്ടടുത്ത വീടുകളെ ബാധിക്കുന്ന രീതിയിലാണ് സ്‌ഫോടനമുണ്ടായത്. വിഷുവുമായി ബന്ധപ്പെട്ട പടക്കനിര്‍മ്മാണമായിരുന്നു എന്നും വിവരമുണ്ട്.സ്ഫോടനത്തിന്റെ ആഘാതത്തിൽ മരിച്ചവരുടെ ശരീരഭാഗങ്ങൾ 25 മീറ്ററോളം ദൂരേക്ക് തെറിച്ചുപോയ നിലയിലായിരുന്നു. സ്ഫോടനം നടന്ന വീട് ഭാഗികമായി തകരുകയും സമീപത്തെ വീടുകളുടെ ജനൽചില്ലുകൾ പൊട്ടിത്തെറിക്കുകയും ചെയ്തിട്ടുണ്ട്. അപകടസമയത്ത് വീട്ടിലുണ്ടായിരുന്ന ഒരു കുട്ടിയെ പരുക്കുകളോടെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്ന് പി.ടി.എ റഹീം എം.എൽ.എ അറിയിച്ചു. കുന്ദമംഗലം പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. വെടിമരുന്നിന്റെ സാന്നിധ്യം സ്ഫോടനസ്ഥലത്ത് സ്ഥിരീകരിച്ചിട്ടുണ്ട്.