അപകടം പടക്ക നിർമ്മാണത്തിനിടെ എന്ന് സൂചന
കോഴിക്കോട്: കുന്നമംഗലത്ത് വീടിനുള്ളില്‍ സ്‌ഫോടനം. കുരുക്കത്തൂരിലാണ് സ്‌ഫോടനമുണ്ടായത്. അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. രാമനാട്ടുകര സ്വദേശി രാഹുല്‍ (26), വീട് വാടകയ്ക്ക് എടുത്തിരുന്ന വിഷ്ണു എന്നയാളുടെ സഹോദരൻ രാഹുൽ (27) എന്നിവരാണ് മരിച്ചത്. അപകടം നടക്കുമ്പോൾ അഞ്ച് പേരായിരുന്നു വീട്ടിലുണ്ടായിരുന്നത്. പരിക്കേറ്റവരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
ഇന്നലെ രാത്രി 9.45 ഓടെയായിരുന്നു സംഭവം നടന്നത്. കുന്നമംഗലം കുരുക്കത്തൂരില്‍ വിഷ്ണുവും ഭാര്യ സിമിയും കുഞ്ഞും അടങ്ങുന്ന കുടുംബം വാടകയ്ക്ക് താമസിക്കുകയായിരുന്നു. വീട്ടില്‍ ഇവര്‍ പടക്കനിര്‍മ്മാണം നടത്തിയിരുന്നു. പടക്കനിര്‍മ്മാണത്തിനിടെയാണ് പൊട്ടിത്തെറി ഉണ്ടായതെന്നാണ് സൂചന. തൊട്ടടുത്ത വീടുകളെ ബാധിക്കുന്ന രീതിയിലാണ് സ്‌ഫോടനമുണ്ടായത്. വിഷുവുമായി ബന്ധപ്പെട്ട പടക്കനിര്‍മ്മാണമായിരുന്നു എന്നും വിവരമുണ്ട്.സ്ഫോടനത്തിന്റെ ആഘാതത്തിൽ മരിച്ചവരുടെ ശരീരഭാഗങ്ങൾ 25 മീറ്ററോളം ദൂരേക്ക് തെറിച്ചുപോയ നിലയിലായിരുന്നു. സ്ഫോടനം നടന്ന വീട് ഭാഗികമായി തകരുകയും സമീപത്തെ വീടുകളുടെ ജനൽചില്ലുകൾ പൊട്ടിത്തെറിക്കുകയും ചെയ്തിട്ടുണ്ട്. അപകടസമയത്ത് വീട്ടിലുണ്ടായിരുന്ന ഒരു കുട്ടിയെ പരുക്കുകളോടെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്ന് പി.ടി.എ റഹീം എം.എൽ.എ അറിയിച്ചു. കുന്ദമംഗലം പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. വെടിമരുന്നിന്റെ സാന്നിധ്യം സ്ഫോടനസ്ഥലത്ത് സ്ഥിരീകരിച്ചിട്ടുണ്ട്.