തിരുവനന്തപുരം: സമൃദ്ധിയുടെ കണികണ്ടുണർന്ന് മലയാളികൾ. നാടും നഗരവും വിഷു ആഘോഷത്തിലാണ്. അമ്പലങ്ങളിൽ വിഷുക്കണി ദർശനത്തിന് വൻ ഭക്തജനത്തിരക്കാണ് ഉള്ളത്. അതേസമയം ഗുരുവായൂരപ്പനെ കണികാണാനെത്തിയത് പതിനായിരങ്ങൾ ആയിരുന്നു. ഗുരുവായൂരപ്പനെ കണികണ്ട് തൊഴാൻ ഇന്ന് ലക്ഷക്കണക്കിന് ഭക്തർ ഗുരുവായൂർ ക്ഷേത്രത്തിൽ എത്തും. ഭക്തർക്ക് സുഗമമായ വിഷുക്കണി ദർശനത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. പുലർച്ചെ 2.55മുതൽ 3.55 വരെയാണ് വിഷു കണി ദർശനം നടന്നത്. തുടർന്ന് നിർമ്മാല്യം ,അഭിഷേകം ഉൾപ്പെടെ പതിവ് പൂജകളും ദർശനവും. പൊതുവരിയിൽ കാത്തിരിക്കുന്ന ഭക്തർക്കാകും ദർശനത്തിന് മുൻഗണന. തിരക്ക് പരിഗണിച്ച് പ്രത്യേക ദർശന സൗകര്യമുള്ള സീനിയർ സിറ്റിസൻ , പ്രാദേശികം വിഭാഗങ്ങളുടെ ദർശനം ആദ്യമെത്തുന്ന 500 പേർക്ക് വീതമായി ടോക്കൺ മുഖേനെപരിമിതപ്പെടുത്തും. പ്രാദേശിക വിഭാഗക്കാർക്ക് പടിഞ്ഞാറേ ഗോപുരത്തിന് പുറത്തു നിന്നും മുതിർന്ന പൗരൻമാർക്ക് ഭഗവതി ക്ഷേത്രത്തിന് പുറത്തെ നെയ്യ് വിളക്ക് കൗണ്ടർ വഴി പുലർച്ചെ 3.30 മുതൽ ദർശനത്തിനായുള്ള ടോക്കൺ നൽകും. ശ്രീകോവിൽ നെയ്യ് വിളക്ക് വഴിപാട് ശീട്ടാക്കുന്ന ഭക്തർക്കുള്ള ദർശനം രാവിലെ 7.30 മുതലാകും. തിരക്കേറിയാൽ നെയ്യ് വിളക്ക് ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തും. അഭൂതപൂർവ്വമായ തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ വിഷു ദിവസം പുലർച്ചെ മുതൽ തന്നെ കിഴക്കേ നടയിലൂടെ ഭക്തരുടെ സഞ്ചാരം ക്രമീകരിക്കും. ദീപസ്തംഭത്തിന് മുന്നിൽ നിന്ന് ദർശനം തേടുന്നവർക്ക് വൺവേ സമ്പ്രദായം ഏർപ്പെടുത്തും. തിരക്ക് കുറയുന്നതിണ് അനുസരിച്ച് നിയന്ത്രണങ്ങളിലും ഇളവ് ഉണ്ടാകും.ക്രമാതീതമായ ഭക്തജന തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ ഭക്തരുടെ സുരക്ഷ ഉറപ്പാക്കാൻ ക്ഷേത്രം സുരക്ഷാ ജീവനക്കാർക്ക് പുറമെ കൂടുതൽ പൊലീസും രംഗത്തുണ്ട്.
അരിക്കുളം: അരിക്കുളം മ്യൂസിക് ലവേഴ്‌സ് ഏർപ്പെടുത്തിയ പ്രഥമ സർഗ സംഗീത പുരസ്കാരം മണി രാജൻ ചാലയിലിന് സമർപ്പിച്ചു. ഗാന രചയിതാവും സംഗീത സംവിധായകനുമാണ് മണി രാജൻ ചാലയിൽ അരിക്കുളം മ്യൂസിക് ലവേഴ്‌സ് ആണ് രാജഗീതം എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചത്. ഗാന രചയിതാവും പ്രശസ്ത സംഗീതജ്ഞനുമായ വയലാർ ശത്ചന്ദ്ര വർമ്മ പുരസ്കാര സമർപ്പണം നിർവഹിച്ചു. . രാമചന്ദ്രൻ നീലാംബരിയുടെ അദ്ധ്യതയിൽ ചേർന്ന ചടങ്ങിൽ പാലക്കാട് പ്രേം രാജ്, കെ.ടി. ശ്രീധരൻ, തേജലക്ഷ്മി എന്നിവർ ആദരവ് ഏറ്റുവാങ്ങി. വി.ടി മുരളി എൻ. കെ ഉണ്ണികൃഷ്ണൻ , സി രാഘവൻ, അഡ്വ : കെ.ടി ശ്രീനിവാസൻ മോഹനൻ നടുവത്തൂർ തുടങ്ങിയവർ സംസാരിച്ചു.
അരിക്കുളം: മ്യൂസിക് ലവേഴ്സ് അരിക്കുളം നാളെ വൈകുന്നേരം നാല് മണിക്ക് അരിക്കുളം യു.പി.സ്കൂളിൽ സംഘടിപ്പിക്കുന്ന രാജഗീതം പരിപാടി കവിയും ഗാനരചയിതാവുമായ വയലാർ ശരത്ചന്ദ്രവർമ ഉദ്ഘാടനം ചെയ്യും. 50 ഗാനങ്ങളുടെ രചനയും സംഗീതവും നിർവ്വഹിച്ച മണി രാജൻ ചാലയിലിന് സർഗ സംഗീത പുരസ്ക്കാര സമർപ്പണകർമവുംവേദിയിൽ നടക്കും. സംഗീതജ്ഞൻ പാലക്കാട് പ്രേംരാജ്, നൃത്ത അവതരണത്തിൽ ഗിന്നസ് ബുക്കിൽ ഇടം നേടിയ കെ.ടി. ശ്രീധരൻ എന്നിവരെ ആദരിക്കലും ഗായിക തേജാ ലക്ഷ്മിയ്ക്കുള്ള അനുമോദനവും ഇതോടൊന്നിച്ച് നടക്കും. ചടങ്ങിൽ ഡോ: മോഹനൻ നടുവത്തൂർ, വി.ടി.മുരളി, വി.ആർ.സുധീഷ്, ചെങ്ങന്നൂർ ശ്രീകുമാർ , ജനപ്രതിനിധികൾ, സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. കൊയിലാണ്ടി മലരി കലാമന്ദിരത്തിന്റെ സ്വാഗതഗാനം,വയലാറിന്റെ ഗാനങ്ങളുടേയുംമണിരാജന്റെ ഗാനങ്ങളുടെയും ആലാപനവും നടക്കുമെന്ന് സ്വാഗത സംഘം ചെയർമാൻ രാമചന്ദ്രൻ നീലാംബരി, കൺവീനർ എൻ.കെ. ഉണ്ണിക്കൃഷ്ണൻ എന്നിവർ അറിയിച്ചു.
കൊച്ചി: ലൈംഗികാതിക്രമ കേസില്‍ സംവിധായകന്‍ രഞ്ജിത്തിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയാണ് വിധി പറയുന്നത്. സംവിധായകന്‍ എന്ന നിലയില്‍ നടിയുടെ അഭിനയത്തെ വിമര്‍ശിച്ചതിന്റെ വൈരാഗ്യത്തെ തുടര്‍ന്നുള്ള വ്യാജ പരാതിയെന്നാണ് രഞ്ജിത്തിന്റെ വാദം. കേസില്‍ ഡിജിറ്റല്‍ തെളിവുകള്‍ അടക്കം പരിശോധിക്കുകയാണ് അന്വേഷണ സംഘം. കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്ന രഞ്ജിത്തിനെ കാരവാനില്‍ അടക്കം എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. വോട്ട് രേഖപ്പെടുത്താനുള്ള മൗലികാവകാശം ഉപയോഗപ്പെടുത്തണം, ആരോഗ്യസ്ഥിതി മോശമാണ് എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നേരത്തെ ഇടക്കാല ജാമ്യത്തിന് വേണ്ടി രഞ്ജിത്ത് കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നില്ല.സമാനമായ കേസില്‍ നേരത്തെയും രഞ്ജിത്ത് പ്രതിയായിരുന്നുവെന്നും സാഹചര്യം അനുകൂലമായതിനാലാണ് രഞ്ജിത്ത് രക്ഷപ്പെട്ടതെന്നുമാണ് പ്രോസിക്യൂഷന്റെ വാദം. അതുകൊണ്ട് പ്രതിച്ചേര്‍ക്കപ്പെട്ടതില്‍ അസ്വാഭാവികതയില്ലെന്നും ജാമ്യം നല്‍കി വിട്ടാല്‍ കേസിന്റെ ഗതിയെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷന്‍ ഇന്ന് കോടതിയെ അറിയിക്കും.സിനിമാ ലൊക്കേഷനില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന നടിയുടെ പരാതിയിലാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. രഞ്ജിത്തിന്റെ പുതിയ സിനിമയില്‍ അഭിനയിക്കുന്ന നടിയാണ് പരാതിക്കാരി. കൂടുതല്‍ പ്രാധാന്യമുള്ള റോള്‍ നല്‍കാമെന്ന് പറഞ്ഞ് കാരവാനിലേക്ക് വിളിച്ചുവരുത്തി രഞ്ജിത്ത് ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് നടിയുടെ പരാതി.
കോക്കല്ലൂർ:വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയ നാടക കലാകാരൻ തങ്കയം ശശികുമാറിന് നാടിൻ്റെ അന്ത്യാഞ്ജലി. വ്യാഴാഴ്ച വൈകീട്ട് നാലു മണിയോടെ കോക്കല്ലൂർ ഐ എച്ച് ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ കലാ- സാംസ്ക്കാരിക- രാഷ്ട്രീയ രംഗത്തെ പ്രമുഖർ അന്തിമോപചാരമർപ്പിച്ചു. പ്രിയ കലാകാരനെ ഒരു നോക്കു കാണാൻ നാടൊന്നാകെ കോക്കല്ലൂരിലേക്ക് ഒഴുകി.വൻ ജനാവലിയാണ് ഇവിടെയെത്തി അന്തിമോപചാരമർപ്പിച്ചത്. എം കെ രാഘവൻ എം പി, അഡ്വ. കെ എം സച്ചിൻദേവ് എംഎൽഎ, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇസ്മയിൽ കുറുമ്പൊയിൽ, യുവകലാസാഹിതി സംസ്ഥാന ട്രഷറർ അഷ്റഫ് കുരുവട്ടൂർ, ജില്ലാ സെക്രട്ടറി കെ വി സത്യൻ, ബാലുശ്ശേരി മണ്ഡലം പ്രസിഡൻ്റ് മജീദ് ശിവപുരം, ടി. എംശശി, സിനിമാ നാടക പ്രവർത്തകരായ വിജയൻ വി നായർ, വിജയൻ കാരന്തൂർ, വിൽസൺ സാമുവൽ, പ്രദീപ് കുമാർ കാവുന്തറ, മുഹമ്മദ് പേരാമ്പ്ര, സുധീർ അമ്പലപ്പാട്, വിനീഷ് ആരാധ്യ, എം കെ രവിവർമ്മ, ഹരീന്ദ്രനാഥ് ഇയ്യാട്, ഷിബു മുത്താട്ട്, ഗിരീഷ് ആമ്പ്ര, വാസു വാളിയിൽ, രാജീവൻ കോക്കല്ലൂർ, എഴുത്തുകാരനായ അഷ്റഫ് കാവിൽ, പൃഥ്വിരാജ് മൊടക്കല്ലൂർ തുടങ്ങിയവർ അന്തിമോപചാർപ്പിച്ചു. തുടർന്ന് വീട്ടുവളപ്പിൽ സംസ്കരിച്ചു. ശബ്ദ ഗാംഭീര്യം കൊണ്ടും അസാധ്യ അഭിനയ ശൈലി കൊണ്ടും അസ്വാദക മനം കവർന്ന കലാകാരനായിരുന്നു തങ്കയം ശശികുമാർ. ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളെ ഇദ്ദേഹം വേദികളിൽ അവതരിപ്പിച്ചു. മികച്ച ശബ്ദകലാകാരനായ തങ്കയം ശശികുമാർ പ്രഥമ ഖാൻകാവിൽ പുരസ്‌കാര ജേതാവാണ്. ചെറുപ്രായത്തിൽ നാടകവേദിയിലെത്തിയ ഇദ്ദേഹം നിരവധി നാടകങ്ങൾ സംവിധാനം ചെയ്യുകയും ചെയ്‌തിട്ടുണ്ട്. കലിഗുല, മേരി ഫെറർ, മ്മളെ പുള്ളി പൈ കരയുകയാണ്, ജൂലിയസ് സീസർ, ടിപ്പു സുൽത്താൻ, ഭഗത് സിങ്, വെള്ളപ്പൊക്കം, സിന്ദൂരച്ചെപ്പ് തുടങ്ങിയ നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കുട്ടികളുടെ നാടകങ്ങൾ എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്‌തു. വർഷങ്ങളായി പ്രോഗ്രാം അനൗൺസിങ് രംഗത്ത് പ്രവർത്തിക്കുന്ന തങ്കയം ഈ നിയമസഭാ തെരഞ്ഞെടുപ്പിലും അനൗൺസ്മെൻ്റിൽ സജീവമായിരുന്നു. തിങ്കളാഴ്ച്‌ച രാത്രി പറമ്പിൻ്റെ മുകളിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തങ്കയം ശശികുമാർ. ബുധാനാഴ്ച വൈകീട്ടാണ് മരിച്ചത്.
നടുവണ്ണൂർ: പ്രമുഖ ശബ്ദ കലാകാരനും നാടക സാംസ്കാരിക പ്രവർത്തകനും അവതാരകനുമായ തങ്കയം ശശികുമാർ അന്തരിച്ചു. നാടകത്തിന്റെ കളിവിളക്കണയും പോലെ, തങ്കയം ശശികുമാർ എന്ന നാടകകാരന്റെ അപ്രതീക്ഷിത വിടപറയലിൽ വിറങ്ങലിച്ചു നിൽക്കുകയാണ് സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും. ശബ്ദഗാംഭീര്യം കൊണ്ടും അസാമാന്യമായ അഭിനയശൈലി കൊണ്ടും ആസ്വാദക ഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയ ശശികുമാർ, സംവിധാന രംഗത്തും വിസ്മയങ്ങൾ തീർത്തു. കാലം മായ്ക്കാത്ത ഒട്ടനവധി കഥാപാത്രങ്ങളെ അവശേഷിപ്പിച്ച് കൊണ്ടാണ് തങ്കയം കാലയവനികക്കുള്ളിൽ മറയുന്നത് പറമ്പിന്റെ മുകളിൽ വച്ച് സ്കൂട്ടറടിച്ച് പരിക്കേറ്റതിനെ തുടർന്ന് കോഴിക്കോട് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശശികുമാറിനെ ഇടിച്ച സ്കൂട്ടർ നിർത്താതെ പോവുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് അന്ത്യം. ബാലുശ്ശേരി ഉള്ളിയേരി മേഖലകളിലെ സാംസ്കാരിക രംഗത്ത് നിറഞ്ഞു നിന്ന തങ്കയം ശശികുമാറിന് മികച്ച ശബ്ദ കലാകാരനുള്ള ഖാൻ കാവിൽ പുരസ്കാരമടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർത്ഥിയായ മകൾ അഭിനയയും നാടക കലാരംഗത്ത് പ്രവർത്തിക്കുന്നു. അഭിനയയെ കൂടാതെ ഒരു മകനുമുണ്ട്. പറമ്പിന്റെ മുകളിലാണ് വീട്. വൈകിട്ട് വീട്ടു വളപ്പിൽ സംസ്കാരം നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
കൊയിലാണ്ടി: ശ്രീ പിഷാരികാവ് ദേവീക്ഷേത്ര കാളിയാട്ട മഹോത്സവത്തിനെത്തിയ ഭക്തജനങ്ങൾക്ക് ആശ്വാസമായി ജെസിഐ കൊയിലാണ്ടി സഹാനി ഹോസ്പിറ്റൽ നന്തിബസാറിന്റെ സഹകരണത്തോടെ ഉത്സവ നഗരിയിൽ പ്രവർത്തിച്ച പ്രഥമ ശുശ്രൂഷ കേന്ദ്രം ശ്രദ്ധേയമായി.മഹോത്സവത്തിന് കൊടിയേറിയ ദിവസം ജെസിഐ കൊയിലാണ്ടിയുടെ പ്രസിഡന്റ് ജസ്ന സൈനുദ്ദീന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ അപ്പുക്കുട്ടി നായർ ഉദ്ഘാടന ചെയ്ത പ്രഥമ ശുശ്രൂഷ കേന്ദ്രം കാളിയാട്ട മഹോത്സവത്തിന്റെ അവസാന ദിവസം വരെ പ്രവർത്തിച്ചു. ഉത്സവ നഗരിയിലെ ചൂടും തിരക്കും കാരണം തളർന്നുവീണവർക്കും പരിക്കേറ്റവർക്കും തത്സമയം ശുശ്രൂഷ നൽകി. ജനത്തിരക്കിനിടയിൽ നിന്ന് ആംബുലൻസിലൂടെയും മറ്റ് മാർഗ്ഗങ്ങളിലൂടെയും രോഗികളെ പ്രഥമ ശുശ്രൂഷ കേന്ദ്രത്തിലെത്തിച്ച് ചികിത്സ നൽകി. തുടർ ചികിത്സ ആവശ്യമായവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത മഹോത്സവത്തിൽ ജെസിഐ കൊയിലാണ്ടി നടത്തിയ സേവനം ഏറെ പ്രശംസനീയമാണെന്ന് ഭക്തജനങ്ങളും വിവിധ രാഷ്ട്രീയ, സാമൂഹിക നേതാക്കളും അഭിപ്രായപ്പെട്ടു. കൊറോണ കാലഘട്ടത്തിലൊഴികെ 2013 മുതൽ പിഷാരികാവ് കാളിയാട്ട മഹോത്സവത്തിൽ ജെസിഐ കൊയിലാണ്ടിയുടെ പ്രഥമ ശുശ്രൂഷ കേന്ദ്രം പ്രവർത്തിച്ചു വരുന്നുവെന്നും ഉത്സവത്തിന് എത്തുന്നവർക്ക് ഉപകാരപ്രദമായ ഈ സേവനം ചെയ്യാൻ കഴിയുന്നത് ഏറെ ചരിതാർഥ്യം ഉളവാക്കുന്നതായും ജെസിഐ കൊയിലാണ്ടിയുടെ പ്രസിഡന്റ് ജസ്ന സൈനുദ്ദീൻ, മുൻ പ്രസിഡന്റ് അഡ്വ: ജി. പ്രവീൺകുമാർ, പ്രോഗ്രാം ഡയറക്ടർ ജിതേഷ് ഉണ്ണികൃഷ്ണൻ എന്നിവർ പറഞ്ഞു.
കൊയിലാണ്ടി: കൊല്ലം പിഷാരി കാവ് ക്ഷേത്രത്തിൽ ഇന്നു കാളിയാട്ടം നടക്കും.ഇതിനോടനുബന്ധിച്ച് രാവിലെ 9ന് ഓട്ടൻതുള്ളൽ 10ന് ദേവ സങ്കീർത്തനം ഭജൻസ്, വൈകിട്ട് 3നു കൊല്ലത്ത് അരയന്റെയും വെട്ടുവ രുടെയും തണ്ടാന്റെയും മറ്റ് അവകാശ വരവുകളും ക്ഷേത്ര സന്നിധിയിൽ എത്തിച്ചേരും. വൈകിട്ട് 6 ന് സ്വർണ നെറ്റിപ്പട്ടം കെട്ടിയ പിടിയാനപ്പുറത്ത് പ്രധാന നന്ദകം പുറത്തെഴുന്നള്ളിച്ചു പാലച്ചുവട്ടിലേക്കു നീങ്ങി ആചാര പ്രകാ രമുള്ള ചടങ്ങുകൾക്ക് ശേഷം ക്ഷേത്ര കിഴക്കേ നടവഴി ഊരു ചുറ്റി തിരിച്ചു പാലച്ചുവട്ടിലെത്തി തെയ്യമ്പാടി കുറുപ്പിന്റെ നൃത്തത്തിനു ശേഷം വാളകം കൂടും.
കോഴിക്കോട്: ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്‍റെയും ഓർമ പുതുക്കി വിശ്വാസികൾ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു. വിവിധ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിന്റെ വഴിയുമുണ്ടാകും. തിരുവനന്തപുരം പാളയത്ത് രാവിലെ 6.30ന് സംയുക്ത കുരിശിന്റെ വഴിയിൽ കർദിനാൾ ക്ലിമിസ് കാതോലിക്കാ ബാവയും തോമസ് ജെ നെറ്റോയും തോമസ് തറയിലും പങ്കെടുക്കും. സെന്‍റ് മേരീസ് കത്തീഡ്രലിലെ ശുശ്രൂഷകൾക്ക് ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍ നേതൃത്വം നൽകും. ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പാമ്പാടി മാർ കുറിയാക്കോസ് ദയറായിൽ ദുഖ വെള്ളി ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും.
ഉള്ളിയേരി: കുന്നത്തറയുടെ അക്ഷര സാക്ഷാത്കാരമായി നൂറു വർഷം മുമ്പ് ആരംഭിച്ച കുന്നത്തറ എ.എം.എൽ.പി സ്കൂൾ വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പൂർവവിദ്യാർത്ഥി സംഗമം, കുട്ടികളുടെയും രക്ഷിതാക്കളുടെയും വിവിധ കലാപരിപാടികൾ, കലാകാരൻമാരുടെ ദേശീയ സംഘടനയായ നൻമയുടെ അത്തോളി യൂണിറ്റ് അവതരിപ്പിച്ച ഫോൾ ക്കസ്ട്ര എന്നിവ ആഘോഷപരിപാടികളുടെ ഭാഗമായി.'കലോപ്സിയ 202 6' എന്ന പേരിൽ നടത്തിയ ആഘോഷ പരിപാടികൾ പൃഥ്വീരാജ് മൊടക്കല്ലൂർ ഉദ്ഘാടനം ചെയ്തു. 'പി.ടി.എ. പ്രസിഡൻ്റും ചിത്രകാരനുമായ ജിജുലാൽ ബോധി അധ്യക്ഷനായി.പി.വി. ഭാസ്കരൻ കിടാവ്, പ്രഥമാധ്യാപകൻ എ. രജിത്, സുനിൽകുമാർ കാവിടുക്കിൽ, പി. എൻ. ദീപ ടീച്ചർ, അനിൽകുമാർ തെക്കേടത്ത്, എസ്.ആർ.ജി കൺവീനർ എം.കെ .ശോഭന എന്നിവർ ആശംസാപ്രസംഗം നടത്തി.