പയ്യോളി: അയനിക്കാട് 24-ാം മൈൽസിന് സമീപം ട്രെയിനിടിച്ച് മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയെ തിരിച്ചറിഞ്ഞു. അയനിക്കാട് സേവന നഗറിൽ ചെറിയഞ്ചാൽ താരേമ്മൽ രജില (42) യാണ് ട്രെയിനിടിച്ച് മരിച്ചത്.തിക്കോടി ഭാഗത്തേക്കുള്ള ട്രാക്കിലാണ് ചിന്നിച്ചിതറിയ നിലയിൽ മൃതദേഹം കാണപ്പെട്ടത്. ഇന്ന് രാവിലെ 7 ഓടെയായിരുന്നു സംഭവം.രാജീവൻ ആണ് രജിലയുടെ ഭർത്താവ്. മക്കൾ: തീർഥ, തരുൺ. പിതാവ്: പരേതനായ രാജു. മാതാവ്: ലീല. സഹോദരി: വിജില (ദുബൈ). മീറ്ററുകൾ അകലെ നിന്നാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടർന്ന്, സ്ഥലത്തെത്തിയ പയ്യോളി പോലീസ് നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം വടകര ജില്ല ഗവ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ആയഞ്ചേരി : വിഷു ആഘോഷങ്ങൾക്കിടെ അമ്പലത്തിൽ കണി വച്ച ശേഷം കുളത്തിൽ കുളിക്കാൻ ഇറങ്ങിയ കാക്കുനി തുലറ്റുന്നട സ്വദേശിയായ ഹേമന്ത് (16) ആണ് മുങ്ങി മരിച്ചത്. നീന്തൽ വശമില്ലാത്ത ഹേമന്ത് കുളത്തിൽ ഉണ്ടായിരുന്ന നീന്താൻ ഉപയോഗിക്കുന്ന തൊണ്ടര ഇട്ട് ഇറങ്ങിയതായിരുന്നു. തൊണ്ടര നീങ്ങി പോയതോടെ കുട്ടി വെള്ളത്തിൽ താഴ്ന്നു പോകുകയായിരുന്നു. കുളത്തിൽ കുളിക്കുകയായിരുന്നവർ ചേർന്നു ഹേമന്തിനെ പുറത്തെടുക്കാൻ ശ്രമം നടത്തി. ഇതിനിടെ വടകര ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ഫയർ ഫോഴ്സ് ഹേമന്തിനെ ഉടൻ തന്നെ വെള്ളത്തിൽ നിന്നും പുറത്തെത്തിച്ചു, ശേഷം ആയഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. വിഷു ആഘോഷങ്ങൾക്കിടയിൽ അപ്രതീക്ഷിതമായി എത്തിയ ഈ വിയോഗം നാടിനെയാകെ ദുഃഖത്തിൽ ആഴ്ത്തിയിരിക്കുകയാണ്. അച്ഛൻ പാറക്ക് താഴെ ബാബു. അമ്മ പ്രേമ, സഹോദരി ശ്രീദിയ. സംസ്കാരം ഇന്ന് രാത്രി 7മണിക്ക് വീട്ടു വളപ്പിൽ.
വടകര: ദേശീയപാത 66-ൽ വടകര പാലോളിപ്പാലത്തിന് സമീപം ടിപ്പർ ലോറി ഇടിച്ച് കൂറ്റൻ ദിശാസൂചക ബോർഡ് തകർന്നു വീണു. ഇന്ന് പുലർച്ചെയാണ് അപകടം നടന്നതെന്ന് കരുതപ്പെടുന്നു. അപകടത്തിൽ ലോറി ഡ്രൈവർക്ക് പരിക്കേറ്റു. ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.നിയന്ത്രണം വിട്ട ഭാരത് ബെൻസ് ടിപ്പർ ലോറി റോഡിന് സൈഡിലെ മീഡിയറിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ഇതേ തുടർന്ന് ഹൈവേയിലെ വലിയ ദിശാസൂചക ബോർഡ് സ്ഥാപിച്ചിരുന്ന ഇരുമ്പ് തൂണിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ കൂറ്റൻ ബോർഡ് ലോറിയുടെ ക്യാബിന് മുകളിലേക്ക് തകർന്നു വീണു. ലോറിയുടെ മുൻഭാഗം പൂർണ്ണമായും തകർന്നിരിക്കുകയാണ്.ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ക്യാബിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുത്തത്. ബോർഡ് വീണതിനെത്തുടർന്ന് ദേശീയപാതയിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. പോലീസും ഹൈവേ അതോറിറ്റി അധികൃതരും സ്ഥലത്തെത്തി ക്രെയിൻ ഉപയോഗിച്ച് തകർന്നു വീണ ബോർഡ് നീക്കം ചെയ്തു
ഗുണ്ടൽപേട്ട : ഗുണ്ടൽപേട്ട ബത്തേരി റൂട്ടിൽ ലോറിയും കാറും കൂട്ടി ഇടിച്ച് മലയാളി കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം. കോഴിക്കോട് ബേപ്പൂർ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽ പ്പെട്ടത്. അപകടത്തിൽ പരിക്കേറ്റ ഒരാൾ ഗുരുതരാവസ്ഥയിലാണ്. കോഴിക്കോട് ബേപ്പൂർ സ്വദേശിയും ബെംഗളുരു ബെല്ലിൽ ഉദ്യോഗസ്ഥനുമായ മുഹമ്മദ് അജീർ (37) സഹോദരി ആയിഷ നൂറി, ഇവരുടെ മകൾ നൂഫിയ മുബാറക്ക് (18) എന്നിവരാണ് മരിച്ചത്. 9 വയസുള്ള കുട്ടി നഹിയാൻ മുബാറക്ക് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.ഗുണ്ടൽപേട്ട് താലൂക്കിലെ ചാമരാജ് നഗർ ജില്ലയിലെ മലപുരയിൽ ഇന്ന് ഉച്ചക്ക് രണ്ടു മണിയോടെയാണ് അപക so ഗുണ്ടൽപേട്ടിൽനിന്ന് കേരളത്തിലേക്ക് വരികയായിരുന്ന ടിപ്പർ ലോറി കുടുംബം സഞ്ചരിച്ചിരുന്ന ബ്രെസ കാറിൽ ചെന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ അയിഷ നൂറിയും നൂഫിയയും സംഭവസ്ഥലത്തുതന്നെ മരിച്ചു. കുടുംബം സഞ്ചരിച്ച കാറും കേരള രെജിസ്ട്രേഷൻ ഭാരത് ബെൻസ് ലോറിയും ആണ് അപകടത്തിൽ പെട്ടത്. കാറിൽ രണ്ട് സ്ത്രീയും ഒരു പുരുഷനും ഒരു കുട്ടിയും അടക്കം നാലുപേരാണ് ഉണ്ടായിരുന്നത്. രണ്ട് സ്ത്രീകളും സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടു. മുഹമ്മദ് അജീർ ഹോസ്‌പിറ്റലിലേക്ക് കൊണ്ട് പോകുന്നതിനിടെയാണ് മരണപ്പെട്ടത്.പരിക്കേറ്റ കുട്ടിയുടെ നില അതീവ ഗുരുതരമാണ്.സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി നടക്കുന്നതായി പൊലീസ് വ്യക്തമാക്കി. ആയിഷ നൂറി, നൂഫിയ മുബാറക്ക് എന്നിവരുടെ മൃതദേഹം മൈസൂരു സർക്കാർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾക്കായി പ്രവേശിപ്പിച്ചു.
നടുവണ്ണൂർ: കിണറിന്റെ പടവ് കെട്ടി തേച്ചു കൊണ്ടിരിക്കെ പലക പൊട്ടി പതിനഞ്ചടി താഴ്ചയിലേക്ക് പതിച്ച മൂന്നു പേരെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. നടുവണ്ണൂർ അഞ്ഞോളി മുക്കിനടുത്ത് സന്തോഷ് കണ്ണച്ചികണ്ടി യുടെ വീട്ടുപറമ്പിലെ ഏകദേശം 9 മീറ്റർ ആഴവും മൂന്നു മീറ്റർ വീതിയും ഒന്നര മീറ്റർ വെള്ളവുമുള്ള കിണറിന്റെ പടവ് തേക്കാൻ വേണ്ടി കെട്ടി ഉണ്ടാക്കിയ പലകയും കമ്പി ഉപയോഗിച്ച് കെട്ടിയ തട്ട് കീഴ്മേൽ മറിഞ്ഞാണ് അപകടമുണ്ടായത്. പലക വശങ്ങളിൽ കെട്ടിവച്ച് ജോലി ചെയ്യവേ മുറിഞ്ഞു വീണ് പെട്ടെന്ന് മൂന്നു പേരും കിണറ്റിലേക്ക് പതിക്കുകയായിരുന്നു. രണ്ടാൾ ആഴത്തിലുള്ള വെള്ളത്തിലേക്ക് വീണെങ്കിലും വെള്ളത്തിൽ നിന്ന് പൊങ്ങി വന്നു പടവുകളിൽ പിടിച്ചു നിന്നത് കൊണ്ടാണ് രക്ഷപ്പെട്ടത്. കണ്ണച്ചി കണ്ടി രാജൻ (61), തറോക്കണ്ടി മനോജ് (54) കുന്നുമ്മൽ ശ്രീലേഷ് (45) എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ചുറ്റും കൂടിയവർക്ക് യാതൊന്നും ചെയ്യാൻ സാധ്യമല്ലാത്ത അവസ്ഥയിൽ പേരാമ്പ്ര ഫയർഫോഴ്സിൽ അറിയിക്കുകയും ഫയർഫോഴ്സ് എത്തി കിണറിൽ ഇറങ്ങി കുട്ട കെട്ടി മുകളിൽ കൊണ്ടുവരികയും ചെയ്തു. തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. മൂന്നുപേരും ഗുരുതരമായ പരിക്കില്ലാതെ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്.സ്റ്റേഷൻ ഓഫീസർ പി കെ ഭരതൻ്റെ നേതൃത്വത്തിൽ സ്റ്റേഷൻ ഓഫീസർ ഗ്രേഡ് മജീദ് എം, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർമാരായ സജിത്ത് പി ,അജേഷ് കെ , ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ജിനേഷ് ആർ, ജിഷാദ് എം കെ, മകേഷ് എം ടി, മനോജ് എം, ഹോം ഗാർഡ് മാരായ അജീഷ് എസി, വിജേഷ് വി എൻ എന്നിവർ ഫയർഫോഴ്സ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
കൂത്താളി: കൂത്താളി പഞ്ചായത്ത് 6 -ാം വാർഡിൽ ഇന്നലെ രാത്രിയിലെ മഴയിൽ മതിലിടിഞ്ഞ് വീണ് കുനിയിൽ കുഞ്ഞി മൊയ്‌തീൻ്റെ വീടിന് കേട് സംഭവിച്ചു .കുഞ്ഞി മൊയ്‌തീൻ താമസിക്കുന്ന വീടിനോട് ചേർന്ന് ഇയാളുടെ തന്നെ മറ്റൊരു വീടിൻ്റെ മതിലാണ് തകർന്നത്. മതിലിൻ്റെ കല്ലുകളും മണ്ണും വീടിൻ്റെ കിടപ്പുമുറിയുടെ തറക്കും ചുമരിനും മറ്റും കേടുപാടുകൾ ഉണ്ടാക്കി. പ്രദേശങ്ങളിൽ ഇന്നലെ അർദ്ധരാത്രിയിൽ അതി ശക്തമായ മഴയാണ് ഉണ്ടായത്. ഒന്നര ലക്ഷം രൂപയോളം നഷ്ടം സംഭവിച്ചതായി കുഞ്ഞി മൊയ്‌തി പറഞ്ഞു.ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഉമ്മർ തണ്ടോറ, വൈസ് പ്രസിഡൻ്റ് റഹീന അറയിൽ, ഗ്രാമ പഞ്ചായത്തംഗം രവീന്ദ്രൻ കേളോത്ത് എന്നിവർ സന്ദർശിച്ചു.
പൂക്കാട്: പൂക്കാട് ട്രെയിൻ തട്ടി മധ്യവയസ്കൻ മരിച്ചു. തെങ്ങ് കയറ്റ തൊഴിലാളി എള്ളുപറമ്പിൽ പ്രകാശൻ ആണ് മരിച്ചത്. അറുപത് വയസായിരുന്നു.ഇന്നലെ രാത്രി ഏഴരയോടെയാണ് റെയിൽവേ ട്രാക്കിന് സമീപം മൃതദേഹം കണ്ടത്. തുടർന്ന് ആംബുലൻസിൽ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നിന്ന് പൊലീസ് നടപടിക്രമങ്ങൾക്കുശേഷം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റും.
കോഴിക്കോട് : അമേരിക്കൻ കമ്പനിയായ നോർവീജിയൻ ക്രൂയിസ്‌ലൈൻ ഉടമസ്ഥതയിൽ ഉള്ള ആഡംബര യാത്രാക്കപ്പലായ എൻസിഎൽ വിവയിലെ ജീവനക്കാരനായ കോഴിക്കോട് കക്കോടി മോരിക്കര മേലേടത്ത് പറമ്പിൽ വിൻഷാർ (38) എന്ന യുവാവിനെ കാണാതായി. മെക്സിക്കൻ തുറമുഖത്തു നിന്ന് കപ്പൽ യുഎസിലേക്കു യാത്ര തിരിക്കുന്നതിനിടെ വിൻഷാറിനെ കാണാതായി എന്നാണു ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. വെള്ളിയാഴ്ച രാത്രി ഒൻപതിന് (മെക്സിക്കൻ സമയം പകൽ 11) ആണ് വിൻഷാറിന്റെ കക്കോടിയിലെ വീട്ടിലേക്ക് കപ്പൽ കമ്പനിയിലെ ഉദ്യോഗസ്ഥർ ഫോണിൽ വിളിച്ചു വിവരം അറിയിച്ചത്. മെക്സിക്കൻ കടലിൽ ഒന്നര മണിക്കൂറോളം തിരച്ചിൽ നടത്തിയശേഷം കപ്പൽ തിരിച്ചു പോയി. മെക്സിക്കൻ തീരസേന കടലിൽ തിരച്ചിൽ നടത്തി വരുന്നതായാണ് വീട്ടിൽ വിവരം അറിയിച്ചത്. ഒൻപതാം തീയതി പുലർച്ചെയാണ് വിൻഷാറിനെ കാണാതായത്. 15 വർഷത്തോളമായി വിദേശത്തു ജോലി ചെയ്യുന്ന വിൻഷാർ ഇതേ കപ്പൽ കമ്പനിയിലാണ് പ്രവർത്തിച്ചു വരുന്നത്. നാലു മാസം മുൻപാണ് എൻസിഎൽ വിവ കപ്പലിലേക്കു മാറിയത്. ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. വിൻഷാറിനെ കാണാതായതു സംബന്ധിച്ച് മന്ത്രി എ.കെ.ശശീന്ദ്രൻ, എം.കെ.രാഘവൻ എംപി, നോർക്ക അധികൃതർ തുടങ്ങിയവരെ അറിയിച്ചതായും സർക്കാർ തലത്തിൽ വിൻഷാറിനെ കണ്ടെത്തുന്നതിനായി പ്രവർത്തനങ്ങൾ തുടങ്ങി എന്നാണ് അവർ അറിയിച്ചതെന്നും ബന്ധുക്കൾ പറഞ്ഞു. വിൻഷാറിനെ കാണാതായത് സംബന്ധിച്ച് എലത്തൂർ പൊലീസ് സ്റ്റേഷനിലും ബന്ധുക്കൾ വിവരം നൽകി.
കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് പുഴയിൽ 3 പേർ മുങ്ങി മരിച്ചു. നാദാപുരത്ത് പുളിയാവ് പുഴയിലാണ് അപകടം നടന്നത്. അരീക്കുണ്ട് സ്വദേശികളായ അൻസാറും ഭാര്യയും കുട്ടിയുമാണ് മുങ്ങിമരിച്ചത്. തുണി അലക്കാൻ പോയതായിരുന്നു ഇവർ. ഇതിനിടെ കുട്ടി കയത്തിൽപെട്ടു. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കവേ അൻസാറും ഭാര്യയും മുങ്ങുകയായിരുന്നു.
കൊയിലാണ്ടി: ദേശീയപാതയിൽ കൊയിലാണ്ടി കൊല്ലം പെട്രോൾ പമ്പിന് സമീപം ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ 28 പേർക്ക് പരിക്കേറ്റു. ഇലക്ഷൻ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന പോലീസുകാർ സഞ്ചരിച്ച ടൂറിസ്റ്റ് ബസ്സും കണ്ടെയ്നർ ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ശനിയാഴ്ച പുലർച്ചെ 12:30 ഓടെയായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ബസ്സും ലോറിയും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളുടെയും മുൻഭാഗം പൂർണ്ണമായും തകർന്നു. അപകടത്തിൽ തകർന്ന വാഹനങ്ങളുടെ ക്യാബിനുള്ളിൽ ഡ്രൈവർമാർ കുടുങ്ങിക്കിടന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കൊയിലാണ്ടി അഗ്നിരക്ഷാ സേന ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് വാഹനങ്ങൾ വെട്ടിപ്പൊളിച്ചാണ് ഡ്രൈവർമാരെ പുറത്തെടുത്തത്.എസ്.എഫ്.ആർ.ഒ ഐ. ഷിജി.സംഘം: ബി. ഹേമന്ദ്, ടി.കെ. ഇർഷാദ്, എൻ.പി. അനൂപ്, കെ.പി. നവീൻകുമാർ, ഐ. ഇന്ദ്രജിത്ത്-എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. പരിക്കേറ്റ 28 പേരെയും ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ആരുടെയും പരിക്ക് അതീവ ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ അല്പസമയം ഗതാഗതം തടസ്സപ്പെട്ടു.