പയ്യോളി: കോഴിക്കോട് പയ്യോളിയിൽ യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. അയനിക്കാട് 24-ാം മൈലിന് സമീപം റെയിൽവേ ട്രാക്കിലാണ് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.മൃതദേഹം പൂർണ്ണമായും ഛിന്നഭിന്നമായ നിലയിലാണ്. തിക്കോടി ഭാഗത്തേക്കുള്ള ട്രാക്കിലാണ് ജഡാവശിഷ്ടങ്ങൾ കിടന്നത്. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് പ്രദേശവാസികൾ മൃതദേഹം കണ്ടെത്തിയത്.ഒന്നിലധികം ട്രെയിനുകൾ മൃതദേഹത്തിലൂടെ കയറിയിറങ്ങിയതായി കരുതപ്പെടുന്നു. ശരീരഭാഗങ്ങൾ റെയിൽവേ ട്രാക്കിൽ ദൂരത്തോളം ചിതറിക്കിടക്കുന്നിരുന്നു. പയ്യോളി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹാവശിഷ്ടങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
പൂനത്ത് : കൂട്ടാലിടയിലെ പ്രമുഖ മരക്കച്ചടക്കാരനായ പൂനത്തെ ഒറ്റ പിലാവുള്ളതിൽ അബൂബക്കർ ഹാജി(70)നിര്യാതനായി. ഭാര്യ നഫീസ മക്കൾ മുജീബ്,ഷബ്ന,സഫീന.മരുമക്കൾ: ജാസ്മിൻ (കുറ്റ്യാടി)ഷമീർ (പൂനൂർ അവെലം) സമീർ (പുറക്കാട്ടേരി)
കോഴിക്കോട്: കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സമരം ഒത്തുതീർപ്പായി. മാനേജു മെൻ്റുകളുമായി നടത്തിയ ചർച്ചയിലാണ് ഒത്തുതീർപ്പായത്. ശമ്പള വർധനവടക്കം പരിഗണിക്കാമെന്ന് ഉറപ്പു ലഭിച്ചെന്നും നഴ്സുമാർ പറഞ്ഞു. ഇതോടെ ജില്ലയിലെ രാപ്പകൽ സമരം അവസാനിപ്പിച്ചു. ആറ് ആശുപത്രികളിൽ മാനേജുമെൻ്റുമായി നടത്തിയ ചർച്ചയാണ് വിജയത്തിലെത്തിയത്. ബേബി മെമ്മോറിയൽ ആശുപത്രിയിൽ തുടക്ക ശമ്പളം 36000 രൂപയും മെയ്ത്രയിൽ ശമ്പളം 37000 രൂപയുമാക്കി. സംസ്ഥാനത്ത് ഇനി സമരം ഒത്തു തീർപ്പാകാനുള്ളത് മൂന്ന് ആശുപത്രികളിൽ മാത്രമാണ്. വെള്ളിയാഴ്ച മുതലാണ് യുഎൻഎയുടെ നേതൃത്വത്തിൽ രാപ്പകൽ സമരം ആരംഭിച്ചത്. ഒരു മാസം മുമ്പ് ശമ്പളവർധന ആവശ്യപ്പെട്ടു കൊണ്ടുള്ള നഴ്സുമാരുടെ സമരം ഹൈക്കോടതി ഇടപെടലിനെ തുടർന്ന് നിർത്തിവെച്ചിരുന്നു. എന്നാൽ ശമ്പള വർധനയിൽ നടപടികൾ കൈകൊള്ളാത്തതു കൊണ്ട് സമരം പുനരാരംഭിക്കുകയായിരുന്നു.40,000 രൂപ മിനിമം വേതനം ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സമ്പൂർണ പണിമുടക്ക് മാർച്ചിലാണ് തുടങ്ങിയത്. ശമ്പള വർധനയിൽ യുഎൻഎയുമായി ധാരണയിൽ എത്താത്ത എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലെ ആശുപത്രികളിലാണ് ശക്തമായ സമരം ഉണ്ടായത്. മറ്റു ജില്ലകളിലെ 200 ഓളം സ്വകാര്യ ആശുപത്രികളിൽ കൂടുതൽ വേതനം നൽകാമെന്ന് ഉറപ്പു നൽകിയതോടെ സമരം പിൻവലിച്ചിരുന്നു. അടിസ്ഥാന ശമ്പളം വർധിപ്പിച്ച് കരാർ ഒപ്പിടുന്ന ആശുപത്രികളിലെ സമരം അവസാനിപ്പിച്ചിരുന്നു. മിനിമം വേതനം വർധിപ്പിച്ച കരട് വിജ്ഞാപനം നഴ്സുമാരുടെ സംഘടനയായ യുഎൻഎ അംഗീകരിച്ചിരുന്നില്ല. സർക്കാർ നിശ്ചയിച്ച വേതനത്തേക്കാൾ കൂടുതൽ തുക മാനേജ്മെൻറ് നൽകാമെന്ന് അറിയിച്ചതോടെയാണ് ആശുപത്രികൾ കേന്ദ്രീകരിച്ച് നടത്തിവന്ന സമരം പിൻവലിച്ചിരുന്നത്.
ട്രംപ് പ്രഖ്യാപിച്ച ഹോർമുസ് നാവിക ഉപരോധം ആരംഭിച്ചു. ഉപരോധം നടപ്പാക്കാൻ അമേരിക്കൻ നാവിക സേനക്ക് ട്രംപ് നിർദേശം നൽകി.ഇറാനിയൻ തുറമുഖങ്ങളിൽ പ്രവേശിക്കുന്നതും പുറത്തേക്ക് പോകുന്നതുമായ എല്ലാ സമുദ്ര ഗതാഗതവും തടയുമെന്ന് യുഎസ് നാവിക സേന അറിയിച്ചു. ട്രംപിന്റെ തീരുമാനം അനുസരിച്ച് അനിശ്ചിത കാലത്തേക്ക് ഉപരോധം നടപ്പാക്കുമെന്ന് യുഎസ് നാവിക സേന വ്യക്തമാക്കി. അതിനിടെ ഇറാന്റെ കപ്പലുകൾ അടുത്തുവന്നാൽ തകർത്തുകളയുമെന്ന് ട്രംപിന്റെ ഭീഷണി. ട്രൂത്ത് സോഷ്യലിലൂടെയാണ് ഭീഷണി മുഴക്കിയത്. മയക്കുമരുന്ന് മാഫിയ ബോട്ടുകളെ തകർത്തത് പോലെ ഇറാന്റെ കപ്പലുകളും തകർക്കും. മാരകമായ ആക്രമണമായിരിക്കും നടത്തുക. ഇറാന്റെ നാവികസേനയെ കടലിന്റെ അടിത്തട്ടിലേക്ക് പറഞ്ഞയച്ചു. 158 കപ്പലുകളാണ് ഇതുവരെ തകർത്തതെന്നും ട്രംപ് ചൂണ്ടിക്കാട്ടി.ഇറാൻ തുറമുഖങ്ങളിൽ അമേരിക്ക പ്രഖ്യാപിച്ച നാവിക ഉപരോധം ഔദ്യോഗികമായി ആരംഭിച്ചു. ഇന്ത്യൻ സമയം രാത്രി ഏഴരയ്ക്കാണ് ഉപരോധം നിലവിൽ വന്നത്. ഇറാൻ ഇതര രാജ്യങ്ങളിലെ തുറമുഖങ്ങളിലേക്ക് പോകുന്ന കപ്പലുകളെ തടയില്ലെന്ന് അമേരിക്ക അറിയിച്ചിട്ടുണ്ടെങ്കിലും, ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഇവിടെ സംഘർഷാവസ്ഥ നിലനിൽക്കുന്നത് ആഗോള എണ്ണവിലയെ ബാധിക്കാൻ സാധ്യതയുണ്ട്.അതേസമയം അമേരിക്കയും ഇറാനും തമ്മിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ വീണ്ടും ശ്രമിക്കുമെന്ന് പാകിസ്താൻ. സമാധാന ശ്രമങ്ങൾ ഇപ്പോഴും നടക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് അറിയിച്ചു. വെടിനിർത്തൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഇസ്ലാമാബാദ് സമാധാന ചർച്ചകൾ ഒരു ചരിത്ര നിമിഷമായിരുന്നുവെന്ന് ഷെഹബാസ് ഷെരീഫ് വ്യക്തമാക്കി.
നരിക്കുനി : കൊടോളി പടിഞ്ഞാറെ കുടുക്കാക്കിൽ മൊയ്തി മാസ്റ്റർ(73)(റിട്ട. അധ്യാപകൻ കുട്ടമ്പൂർ എച്ച് എസ് എസ്) നിര്യാതനായി. ഏർവാടി യാത്രയ്ക്കിടെയാണ് മരണം സംഭവിച്ചത് ഭാര്യ: ഫാത്തിമ(മുൻ അധ്യാപിക, യു.പി സ്കൂൾ കാവുംവട്ടം) മക്കൾ: ഹനീഫ് (അണ്ടോണ എയുപി സ്കൂൾ അധ്യാപകൻ) നജ്മത്ത് (പറമ്പത്ത് കാവ് എ എൽ പി സ്കൂൾ അധ്യാപിക) സഹറുന്നിസ (കൃഷി അസിസ്റ്റന്റ്, കുരുവട്ടൂർ) മരുമക്കൾ : മുഹമ്മദ് ബഷീർ (എം ജെ എച്ച് എസ് എസ് അധ്യാപകൻ) ആരിഫ് മൂസ (ടാറ്റ മോട്ടോർസ് ) ഷാന(ഈർപ്പോണ എഎൽപി സ്കൂൾ അധ്യാപിക)
തുറയൂർ: മുൻ തുറയൂർ ഗ്രാമ പഞ്ചായത്ത് അംഗവും ഇരിങ്ങത്ത് എം.എൽ.പി സ്‌കൂൾ അധ്യാപികയുമായിരുന്ന ടി.എ അലീമ ടീച്ചർ നിര്യാതയായി.ഭർത്താവ്: ഒ.പി കുഞ്ഞബ്ദുള്ള മാസ്റ്റർ. മക്കൾ: റഫീഖ് (അധ്യാപകൻ) ഷഫീഖ് (ബഹറൈൻ), റഈസ്, ഉബൈസ് (കുവൈറ്റ് ), റൈഹാന ത്ത്. മരുമക്കൾ: അഷറഫ് (മുളിയങ്ങൽ ), സലീന, ഷമീന, നജ്‌മ, റിഷാന. സംസ്ക്കാരം രാവിലെ 10 മണിക്ക് ഇരിങ്ങത്ത് ജുമാ മസ്‌ജിദിൽ.
തിരുവനന്തപുരം :പാളയം പെട്രോള്‍ പമ്പില്‍ വന്‍ കവര്‍ച്ച. ഒന്നര ലക്ഷം രൂപയോളം മോഷണം പോയി. പുലര്‍ച്ചെയായിരുന്നു സംഭവം. ഓഫീസിനുള്ളില്‍ കയറി പണവുമെടുത്ത് മോഷ്ടാവ് ഇറങ്ങിയോടുകയായിരുന്നു. ഒരാള്‍ നടന്നു വരുന്നതും, ജീവനക്കാരന്റെ കണ്ണുവെട്ടിച്ച് ഓഫീസിനുള്ളില്‍ കയറുകയുമായിരുന്നു. ഇയാള്‍ പണവുമെടുത്ത് ഓടുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. മ്യൂസിയം പൊലീസ് അന്വേഷണം ആരംഭിച്ചു.ഇവിടെ രണ്ടാമത്തെ തവണയാണ് മോഷണം നടക്കുന്നത്. പുലര്‍ച്ചെ ഒരു ജീവനക്കാരന്‍ മാത്രമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ മൂന്നു ദിവസത്തെ കളക്ഷനാണ് പമ്പില്‍ സൂക്ഷിച്ചിരുന്നതെന്ന് പമ്പ് ഉടമകള്‍ പറയുന്നു.
താമരശ്ശേരി: പരപ്പൻപൊയിലിലെ തറവാട് വീടിനുള്ളിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. താമരശേരി ഈങ്ങാപ്പുഴ സ്വദേശി ഭാസ്‌കരന്‍ ആണ് മരിച്ചത്. പോക്സോ കേസില്‍ പ്രതി ചേര്‍ത്തതില്‍ മനംനൊന്താണ് ജീവനൊടുക്കിയതെന്ന് കുടുംബം. ഭാസ്‌കരനെതിരെ ആറുവയസുകാരിയുടെ മൊഴി പ്രകാരം പോക്സോ കേസ് എടുത്തിരുന്നു.നിലവിൽ പൂലോട് പ്രദേശത്ത് വ്യാപാരം നടത്തിവരികയായിരുന്നു ഭാസ്കരൻ. ഇന്ന് രാവിലെയാണ് ഇദ്ദേഹം പരപ്പൻ പൊയിലിലുള്ള തന്റെ തറവാട് വീട്ടിലെത്തിയത്. എന്നാൽ ഏറെ സമയം കഴിഞ്ഞിട്ടും ഇദ്ദേഹത്തെ പുറത്തു കാണാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ അന്വേഷിച്ചെത്തുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിനിടയിലാണ് വീടിനുള്ളിൽ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിൽ ഭാസ്കരനെ കണ്ടെത്തിയത്.താമരശേരി പരപ്പന്‍പൊയില്‍ കരുവാറമ്മലുള്ള തറവാട് വീടിനകത്തെ ജനല്‍ കമ്പിയില്‍ ആണ് തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. കൈയുടെ ഞരമ്പറുത്ത ശേഷം ആണ് തൂങ്ങിയത്. രണ്ട് ദിവസം മുന്‍പാണ് കേസെടുത്തത്. ഇന്നലെ രാവിലെയാണ് ഇയാള്‍ തറവാട്ട് വീട്ടില്‍ എത്തിയത്. വൈകുന്നേരമായിട്ടും പുറത്തേക്ക് കാണാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കടയിലെത്തിയ കുട്ടിയോട് മോശമായി പെരുമാറി എന്നായിരുന്നു മൊഴി.നേരത്തെ ഈങ്ങാപ്പുഴയിൽ 'ബാൽസൺ' എന്ന പേരിൽ ഇൻഡസ്ട്രിയൽ യൂണിറ്റ് നടത്തിയിരുന്ന ഭാസ്കരൻ മേഖലയിലെ അറിയപ്പെടുന്ന വ്യവസായിയായിരുന്നു. ഇദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം നാട്ടുകാർക്കും സുഹൃത്തുക്കൾക്കും വലിയ ആഘാതമായി. ബാപ്പൂട്ടിയുടെയും കൊറ്റിയുടെയും മകനാണ്. ഷീലയാണ് ഭാര്യ.മക്കൾ: ബാഷിത, ഷിബിത, ഷിബിന.മരുമക്കൾ: ഷാജി (തോട്ടുമുക്കം), ഷിനോബ് (വടകര), മഹേഷ് (കുന്ദമംഗലം).മൃതദേഹം പോലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ താമരശ്ശേരി പോലീസ് മേൽനടപടികൾ സ്വീകരിച്ചു വരുന്നു.
നടുവണ്ണൂർ: നടുവണ്ണൂർ ജവാൻ ഷൈജു വളവിൽ വീണ്ടും വാഹനപകടം. കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ യാത്രക്കാരായിരുന്ന ആറുപേർക്ക് പരിക്കേറ്റു. പരിക്കേറ്റ അഞ്ചുപേരും സ്ത്രീകളാണ്. പരിക്കേറ്റവരെ മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്ത് വരികയായിരുന്നു അത്തോളി കോതങ്ങൽ സ്വദേശികൾ സഞ്ചരിച്ച ഓട്ടോറിക്ഷയിലാണ് കാർ നിയന്ത്രണം വിട്ട് ഇടിച്ചുകയറിയത്. കെ എൽ 7633 ഓട്ടോയും കെഎൽ 11 സി ബി 7623 ഗ്രാൻഡ് വിസ്താര കാറുമാണ് അപകടത്തിൽപ്പെട്ടത്. ഓട്ടോയുടെ വലതുവശത്ത് ഇരുന്നവർക്കാണ് കൂടുതൽ പരിക്കേററത്. സംഭവം നടന്ന ഉടനെ പ്രദേശവാസികളും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. അപകട വളവ് എന്ന പേരുകേട്ട ഇവിടെ നിരവധി അപകടങ്ങൾ മുൻപ് നടന്നിട്ടുണ്ട്. നിരവധി ആളുകൾക്ക് ജീവനും നഷ്ടമായിട്ടുണ്ട്.വളവ് നിവർത്താൻ പദ്ധതികൾ ഉണ്ടെങ്കിലും ഒന്നും ഫലപ്രാപ്തിയിൽ എത്തിയിട്ടില്ല.
കൊച്ചി: കുംഭമേള വൈറല്‍ താരത്തെ വിവാഹം ചെയ്ത കേസില്‍ ഉത്തര്‍ പ്രദേശ് സ്വദേശി മുഹമ്മദ് ഫര്‍മാന്‍ ഖാന്‍റെ അറസ്റ്റ് തടഞ്ഞ നടപടി ഹൈക്കോടതി നീട്ടി. അഞ്ചാഴ്ചത്തേക്കാണ് അറസ്റ്റ് തടഞ്ഞ നടപടി ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് നീട്ടിയത്. മുഹമ്മദ് ഫര്‍മാനെതിരെ കേസെടുത്തോ എന്നതില്‍ മധ്യപ്രദേശ് സംസ്ഥാന പൊലീസ് മേധാവിയില്‍ നിന്ന് സ്ഥിരീകരണം ലഭിച്ചില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കുംഭമേള വൈറല്‍ താരത്തിന് പ്രായപൂര്‍ത്തിയായില്ല എന്നതിനാൽ വിവാഹം ചെയ്തതിന് പോക്സോ കുറ്റം ചുമത്തിയാണ് മധ്യപ്രദേശ് പൊലീസ് ഫര്‍മാനെതിരെ കേസെടുത്തത്. പെണ്‍കുട്ടിക്ക് 18 വയസ് തികഞ്ഞുവെന്നാണ് ഫര്‍മാന്‍ ഹൈക്കോടതിയെ അറിയിച്ചത്. 2025 ജൂണില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ നല്‍കിയ ജനന സര്‍ട്ടിഫിക്കറ്റും ഫര്‍മാന്‍ ഹൈക്കോടതിയില്‍ ഹാജരാക്കിയിരുന്നു. മുഹമ്മദ് ഫര്‍മാന്റെയും പെണ്‍കുട്ടിയുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി അടുത്തമാസം 20ന് വീണ്ടും പരിഗണിക്കും.വിവാഹവുമായി ബന്ധപ്പെട്ട് ഇതിനകം കേരള പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തങ്ങള്‍ക്ക് മുന്നില്‍ പെണ്‍കുട്ടിയും വിവാഹം കഴിച്ച ഫര്‍മാനും ഹാജരാക്കിയ രേഖകള്‍ യഥാര്‍ത്ഥമാണെന്നാണ് വിവാഹം രജിസ്റ്റര്‍ ചെയ്ത പൂവാര്‍ പഞ്ചായത്ത് ഓഫീസിലെ അധികൃതര്‍ പൊലീസിന് നല്‍കിയ മൊഴി. രേഖകളുടെ ആധികാരികത സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി പൂവാര്‍ പൊലീസ് നാളെ സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കും. ദേശീയ പട്ടികവര്‍ഗ കമ്മീഷന്റെയും മധ്യപ്രദേശ് പൊലീസിന്റെയും ഇടപെടലോടെയാണ് കേരളാ പൊലീസും വിവാഹ വിവാദത്തില്‍ അന്വേഷണം തുടങ്ങിയത്.കേരളത്തില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ പെണ്‍കുട്ടിയും വിവാഹം കഴിച്ച ഫര്‍മാന്‍ ഖാനും ഉപയോഗിച്ച സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത സംബന്ധിച്ചാണ് ആദ്യ അന്വേഷണം. ആധാര്‍ കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ്, പാന്‍ കാര്‍ഡ് എന്നിവ പരിശോധിച്ചെന്നും ഇവ പ്രകാരം പെണ്‍കുട്ടിക്ക് 18 വയസ് പൂര്‍ത്തിയായിരുന്നുവെന്ന് ബോധ്യപ്പെട്ടിരുന്നുവെന്നുമാണ് അധികൃതര്‍ മൊഴി നല്‍കിയത്. സര്‍ട്ടിഫിക്കറ്റ് എടുക്കാനായി കൊടുത്ത വിവരങ്ങള്‍ തെറ്റാണോയെന്ന് അറിയില്ലെന്നും മൊഴിയിലുണ്ട്.