കോഴിക്കോട്: ഷാഫി പറമ്പിലിൽ എം പിയെ ഉന്നംവെച്ച് ടി പി രാമകൃഷ്ണൻ. പേരാമ്പ്രയിൽ വർഗീയമായ ചർച്ചകൾ വരുന്നത് കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പ് മുതലാണെന്ന് ചൂണ്ടിക്കാണിച്ച് ഇടതുമുന്നണി കൺവീനർ ടി പി രാമകൃഷ്ണൻ. കെ മുരളീധരനും മുല്ലപ്പള്ളിയും മത്സരിച്ചപ്പോൾ ഇത്തരം ആരോപണം ഉയർന്നിരുന്നില്ലെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വർഗീയ നിലപാടുകൾ ഉപയോഗിച്ചതിന്റെ ഉദാഹരണങ്ങൾ മണ്ഡലത്തിൽ ഉണ്ടെന്നും അതിൻ്റെ ഉത്തരവാദി ആരാണെന്ന് കോൺഗ്രസിന് അറിയാമെന്നും ടി പി രാമകൃഷ്ണൻ വ്യക്തമാക്കി. കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ പേരാമ്പ്ര ഉൾപ്പെടുന്ന വടകര ലോക്സഭാ മാണ്ഡലത്തിൽ ഷാഫി പറമ്പിൽ ആയിരുന്നു മത്സരിച്ചത്.ഫാത്തിമ തഹിലിയയുമായി ബന്ധപ്പെട്ട അനൗൺസ്മെൻ്റ് വിവാദത്തിൽ പ്രതികരിക്കാനില്ലെന്നും എന്തെങ്കിലും കൂട്ടിച്ചേർക്കാൻ ഉണ്ടെങ്കിൽ ഫലം വന്ന ശേഷം കൂട്ടിച്ചേർക്കാമെന്നും ടി പി രാമകൃഷ്ണൻ വ്യക്തമാക്കി. എൽഡിഎഫിന് 90 സീറ്റ് കിട്ടാവുന്ന അന്തരീക്ഷം കേരളത്തിൽ ഉണ്ടെന്ന് ഇടതുമുന്നണി കൺവീനർ ടി പി രാമകൃഷ്ണൻ പറഞ്ഞു. സീറ്റിന്റെ എണ്ണം പറഞ്ഞ് അവകാശവാദം ഉന്നയിക്കാൻ കഴിയില്ല. ജനങ്ങളുടെ ജനാധിപത്യ ബോധത്തെ അളക്കുന്നത് ശരിയല്ല. യുഡിഎഫിന്റെ അവകാശവാദം എല്ലാതവണയും ഉള്ളത്. 2021ൽ മന്ത്രിമാരെയും പേഴ്സണൽ സ്റ്റാഫുകളെയും നിശ്ചയിച്ചുവെന്നും ടി പി രാമകൃഷ്ണൻ പരിഹസിച്ചു.
കണ്ണൂര്‍: മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന് നേരെ ഭീഷണിയുമായി കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് അരുണ്‍ രാജേന്ദ്രന്‍. മുഖ്യമന്ത്രിയുടെ സുരക്ഷാ സംഘാംഗം സന്ദീപിന്റേയും നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ പങ്കുവെച്ചാണ് കെഎസ്‌യു നേതാവിന്റെ ഭീഷണി. '22 ദിവസം കൂടെ കഴിഞ്ഞോട്ടെ, കണക്കുകള്‍ ഒരുപാടുണ്ട് തീര്‍ക്കാന്‍' എന്നാണ് ഭീഷണി. 'സാറേ' സുഖമാണല്ലോ ല്ലേ…! സുഖിക്കാന്‍ പോവുന്നതേ ഒള്ളൂ…! 22 ദിവസം കൂടെ കഴിഞ്ഞോട്ടെ….! സുഖിപ്പിക്കുന്നുണ്ട് ഞങ്ങള്‍ സാറന്മാരെ…!ഞങ്ങളുടെ പ്രിയപെട്ടവരുടെ തലയും കണ്ണും മൂക്കും അടിച്ചു പൊട്ടിക്കാന്‍ നേതൃത്വം കൊടുത്തവരൊക്കെ തൊഴിലുറപ്പ് കാര്‍ഡ് ഒരെണ്ണം എടുത്തു വച്ചോ…! ഞങ്ങളെല്ലാം മറന്നെന്നു നിങ്ങള്‍ക്ക് തോന്നിയാല്‍ ഞങ്ങള്‍ മരിച്ചെന്നു ഉറപ്പ് വരുത്തണം…! ഞങ്ങളുടെ കണക്കു പുസ്തകത്തില്‍ രക്തം കൊണ്ടെഴുതിയിട്ടിരിക്കുന്ന കണക്കുകള്‍ ഒരുപാടുണ്ട്….! ആ കണക്കുകള്‍ ഒക്കെ നമുക്ക് തീര്‍ക്കേണ്ടേ 'സാറേ '???, അരുണ്‍ രാജേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു. തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് തന്നെ സര്‍ക്കാര്‍ രൂപീകരണത്തെക്കുറിച്ചും മന്ത്രിസഭയെക്കുറിച്ചും യുഡിഎഫ് സൈബര്‍ ഇടങ്ങളില്‍ ചര്‍ച്ച സജീവമാണ്. ഇതിനിടെയാണ് നവകേരള യാത്രക്കിടെ മുഖ്യമന്ത്രി രക്ഷാപ്രവര്‍ത്തനം എന്ന് വിശേഷിപ്പിച്ച സംഭവം സൂചിപ്പിച്ച് ഭീഷണിയുമായി കെഎസ്‌യു നേതാവ് തന്നെ രംഗത്തെത്തുന്നത്. കോണ്‍ഗ്രസ് അനുകൂല പേജുകളിലും സമാനമായ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
അരിക്കുളം: നിയമസഭ തെരഞ്ഞെടുപ്പ് ദിവസം അരിക്കുളം കാരയാട് 194ാം ബൂത്തിൽ യു.ഡി.എഫ് പ്രവർത്തകയായ ബെൻസീറ പി.കെ യെ എൽ.ഡി.എഫ് നേതാകന്മാരും പ്രവർത്തകരും ചേർന്ന് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് അരിക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ നേ തൃത്വത്തിൽ കുരുടിമുക്കിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ശശി ഊട്ടേരി അധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറി ഇ അശോകൻ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു.തെരഞ്ഞെടുപ്പിൽ പരാജയം മുന്നിൽകണ്ടു അരിക്കുളത്തു അക്രമങ്ങൾ അഴിച്ചു വിട്ട് സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമമാണ് എൽ.ഡിഎഎഫ് ന്റെ ഭാഗത്തു നിന്നുണ്ടായത്. അരിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റാണ് യു.ഡി.എഫ് ന്റെ വനിതാ പ്രവർത്തകയെ മർദ്ദിച്ചതായാണ് ആരോപണം.അക്രമത്തിൽ യു.ഡി.എഫ് പ്രതിഷേധം രേഖപ്പെടുത്തി. വൈസ് പ്രസിഡന്റിന്റെ ഈ അക്രമം ഈ നാടിനുതന്നെ അപമാനമാണെന്ന് യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് ഇ അശോകൻ അഭിപ്രായപ്പെട്ടു. മുസ്ലിം ലീഗ് പേരാമ്പ്ര നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ടി.കെ.എ ലത്തീഫ്, മേപ്പയൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.പി രാമചന്ദ്രൻ മാസ്റ്റർ, മുസ് ലിം ലീഗ് അരിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ അഹമ്മദ് മൗലവി,കെ ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.
പേരാമ്പ്ര: യു.ഡി.എഫ് പ്രവർത്തകർജോലി സ്ഥലത്തെത്തി പെട്രോൾ പമ്പ് ജീവനക്കാരനെ ഭീഷണിപ്പെടുത്തിയതായും മകനെ വധിക്കുമെന്ന് ആക്രോശിച്ചതായും പരാതി. ചേനോളി സ്വദേശി ചെമ്പോളി ശ്രീധരന് നേരെയാണ് യു.ഡി.എഫ് പ്രവർത്തകർ വധഭീഷണി മുഴക്കിയതായിആരോപണമുള്ളത്.വെള്ളിയാഴ്ചയായിരുന്നു സംഭവം. പേരാമ്പ്ര പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.ശ്രീധരൻ്റെ മകൻ നിതിൻ ചെമ്പോളി ഡി.വൈ.എഫ്.ഐ നൊച്ചാട് നോർത്ത് മേഖലാ കമ്മിറ്റി അംഗമാണ്. കോൺഗ്രസ് പ്രവർത്തകനായ എം.എം.രവിയും സംഘവുമാണ് ഭീഷണിക്കു പിന്നിലെന്ന് സി.പി.ഐ.എം ആരോപിച്ചു. തെരഞ്ഞെടുപ്പിന തലേദിവസം സി.പി.എം പ്രവർത്തകർ വർഗീയ പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ച് യു.ഡി.എഫ് കേന്ദ്രങ്ങൾ വീഡിയോ പ്രചരിപ്പിച്ചിരുന്നു. എൽ.ഡി.എഫ് പ്രവർത്തകരായ ഗോപകുമാർ, പ്രമോദ് എന്നിവർ വീടുകളിൽ കയറി വർഗീയ പ്രചരണം നടത്തുന്നു വെന്നാരോപിക്കുന്നതായിരുന്നു വീഡിയോ. ഇത് വ്യാജമാണെന്ന് കാട്ടി ഡി.വൈ.എഫ്.ഐ ഡി.ജി.പിക്ക് പരാതി നൽകിയിരുന്നെന്ന് നിതിൻ പറഞ്ഞു. തുടർന്ന് ഈ പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് എം.എം.രവിയും സംഘവും ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് വഴങ്ങാതായതോടെയാണ് അച്ഛനെ ജോലി സ്ഥലത്തെത്തി ഭീഷണിപ്പെടുത്തിയതെന്നും നിതിൻ പറഞ്ഞു. വോട്ടെടുപ്പ് ദിവസം പോളിങ് ബൂത്തിനടുത്ത് വെച്ച് എൽ.ഡി.എഫ് പ്രവർത്തകരായ ഗോപകുമാർ, പ്രമോദ് എന്നിവരെ മർദിച്ചതായും പരാതിയുണ്ട്. എം.എം രവി, ആയടത്തിൽ രാമചന്ദ്രൻ, കൊല്ലമ്പത്ത് വിജയൻ, ബാലകൃഷ്ണൻ, രാജൻ, റഷീദ് എന്നിവരാണ് മർദനത്തിന് പിന്നിലെന്ന് പരിക്കേറ്റവർ പൊലീസിനോട് പറഞ്ഞു. അക്രമം തടയാനെത്തിയ പി.എം മനോജ്, പി.കെ സതീഷ്, നിതിൻ എന്നിവരെയും സംഘം കൈയേറ്റംചെയ്തിരുന്നു
അരിക്കുളം: യു.ഡി.എഫ്. പ്രവർത്തകൻ രതീഷ് അടിയോടിയെ പോളിംഗ് ബൂത്തിൽ സി.പി.എം. പ്രവർത്തകർ അക്രമിച്ച് പരിക്കേൽപ്പിച്ചതിൽ പ്രതിഷേധിച്ച് ഊരള്ളൂരിൽ യു.ഡി.എഫ്. പ്രവർത്തകർ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. മുസ്ലീം ലീഗ് നേതാവ് സാജിദ് നടുവണ്ണൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് ശശി ഊട്ടേരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ചെയർമാൻ സി.രാമദാസ് , നാസർ ചാലിൽ, എൻ.കെ. ഉണ്ണിക്കൃഷ്ണൻ, ഇ.കെ. അഹമ്മദ് മൗലവി,സുമേഷ് സുധർമൻഎന്നിവർ സംസാരിച്ചു.
പേരാമ്പ്ര : ജില്ലയിൽ മൊത്തം മണ്ഡലങ്ങൾ പരിഗണിക്കുമ്പോൾ 2021 നെ അപേക്ഷിച്ചു വോട്ട് വർദ്ധിച്ചതും വോട്ടിംഗ് ശതമാനം വർദ്ധിച്ചതും ബേപ്പൂർ കുന്നമംഗലം മണ്ഡലങ്ങളിലാണ്. ഈ മണ്ഡലങ്ങളിൽ എസ് ഐ ആറിന് ശേഷം ആകെ 10000 ത്തോളം വോട്ടുകൾ വർദ്ധിച്ചപ്പോൾ ബേപ്പൂരിൽ ചെയ്ത വോട്ടുകളുടെ എണ്ണത്തിൽ പതിനെട്ടായിരത്തിന്റെതും കുന്ദമംഗലത്ത് പന്ത്രണ്ടായിരത്തിന്റെതും വർദ്ധനവുണ്ടായി. ഇത്രയും വോട്ടുകൾ വർദ്ധിച്ച ഈ രണ്ട് മണ്ഡലങ്ങളുമാണ് ഇത്തവണ ജില്ലയിൽ നിർണായകമാവുക. മുമ്പെല്ലാം എൽഡിഎഫിനോടൊപ്പം നിന്ന് ഈ മണ്ഡലങ്ങളിൽ നടന്ന കനത്ത പോളിംഗ് അവസാനഘട്ടത്തിൽ വർദ്ധിച്ച വോട്ടുകളിൽ യുഡിഎഫിന് മുൻതൂക്കം ഉണ്ടായിയെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. ഏതായാലും ആര് ജയിച്ചാലും ഈ രണ്ടു മണ്ഡലങ്ങളിലും വലിയ ഭൂരിപക്ഷം ഇത്തവണ പ്രതീക്ഷിക്കേണ്ടതില്ല. ഇത്തവണത്തെ പോളിംഗ് കണക്കിൽ അഞ്ച് ശതമാനത്തിലേറെ വർദ്ധനവ് കാണിക്കുന്ന കോഴിക്കോട് നോർത്ത്, സൗത്ത് മണ്ഡലങ്ങളിലും യഥാർത്ഥത്തിൽ വലിയ പോളിംഗ് നടന്നിട്ടില്ല. എസ് ഐ ആർ ന് ശേഷം ജില്ലയിലെ മറ്റു മണ്ഡലങ്ങളിലെ അപേക്ഷിച്ചു ഏറ്റവും കൂടുതൽ, വോട്ട് കുറഞ്ഞ മണ്ഡലങ്ങളാണ് ഇവ. 2021ലെ അപേക്ഷിച്ച് ജില്ലയിൽ വോട്ടു ചെയ്തവരുടെ എണ്ണം ഏറ്റവും കുറഞ്ഞതും ഈ മണ്ഡലങ്ങളിലാണ്. പേരാമ്പ്രയിൽ കാടിളക്കി പ്രചരണങ്ങൾ നടന്നിട്ടും 2021 ലേതിനേക്കാൾ ഒരു ശതമാനത്തോളം വോട്ട് കുറവാണ് ഇത്തവണ. എങ്കിലും മുൻ തിരഞ്ഞെടുപ്പിന് അപേക്ഷിച്ചു മൊത്തം പോൾ ചെയ്ത വോട്ടിൻ്റെ എണ്ണത്തിൽ 4000 ത്തോളം വോട്ട് കൂടുതലുണ്ട്. 2021ന് അപേക്ഷിച്ച് 8000 ത്തോളം വോട്ട് ഇത്തവണ മണ്ഡലത്തിൽ വർദ്ധിച്ചിരുന്നു. 2021ലെ ആകെ വോട്ട് 198218 ആണെങ്കിൽ 2026 അത് 205970 ആണ്. 2021ൽ 163737 പേരും (82.60%) 2026ൽ 167985 പേരും (81.56%) വോട്ട് ചെയ്തു. ഏറ്റവും ഒടുവിലത്തെ ഈ കണക്കനുസരിച്ച് വോട്ടിംഗിൽ 2021 നെ അപേക്ഷിച്ച് വൻ കുതിപ്പ് പേരാമ്പ്രയിൽ ഉണ്ടായിട്ടില്ല എന്നാണ് വ്യക്തമാവുന്നത്. അതുകൊണ്ടുതന്നെ വോട്ടിംഗ് ശതമാനത്തിന്റെ വർദ്ധനവ് നോക്കി ഇവിടെ വിജയം പ്രവചിക്കാൻ കഴിയുന്നില്ല. അതേസമയം ബാലുശ്ശേരി മണ്ഡലത്തിൽ ഇത്തവണ വോട്ടിംഗ് ശതമാനത്തിൽ തന്നെ മാറ്റമുണ്ടായിട്ടുണ്ട്. 225,249 ആയിരുന്നു 2021ലെ ആകെ വോട്ടർമാർ. അതിൽ 181954 പേർ വോട്ട് ചെയ്തു (80. 78%). ഈ തെരഞ്ഞെടുപ്പിൽ വോട്ടർമാരുടെ എണ്ണത്തിൽ മൂവായിരത്തോളം പേരുടെ വർദ്ധനവായി. ആകെ വോട്ട് 228689. ഇതിൽ 187140 പേരാണ് വോട്ട് ചെയ്തത്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 6000 വോട്ടിന്റെ വർധനവ്. ഇത്തവണ ഒടുവിലത്തെ കണക്ക് പ്രകാരം 81.83% ആണ് പോളിങ്. നേരത്തെയുള്ള വോട്ടിൽ വലിയ വ്യത്യാസമില്ലെങ്കിൽ വർദ്ധിച്ച ആറായിരം വോട്ടിന്റെ ആനുകൂല്യം ആർക്കു വരും എന്നതിന് അനുസരിച്ച് ബാലുശ്ശേരി ഫലം.
കണ്ണൂര്‍: പയ്യന്നൂരില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി വി കുഞ്ഞികൃഷ്ണന്‍ അനുകൂലിയുടെ വീടിന് നേരെ ആക്രമണം. മഹാദേവ ഗ്രാമം സ്വദേശി ടി പുരുഷോത്തമന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. വീടിന്റെ ജനല്‍ അടിച്ചുതകര്‍ത്തു. കാറിന് തീയിട്ടു. ഇന്നലെ രാത്രി ഒരുമണിയോടെയായിരുന്നു സംഭവം. തീ ആളിക്കത്തുന്നത് കണ്ടാണ് പുരുഷോത്തമനും കുടുംബവും പുറത്തേക്ക് ഇറങ്ങിയത്. തുടര്‍ന്ന് തീ അണയ്ക്കാന്‍ ശ്രമവും നടത്തി. ആക്രമണം നടത്തിയത് പ്രദേശത്തെ സിപിഐഎം പ്രവര്‍ത്തകരാണ് എന്നാണ് പുരുഷോത്തമന്‍ ആരോപിക്കുന്നത്. പയ്യന്നൂര്‍ മണ്ഡലത്തില്‍ സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ വ്യാപക കളളവോട്ടും അക്രമവും നടന്നെന്ന് യുഡിഎഫ് ആരോപിച്ചിരുന്നു. പയ്യന്നൂര്‍ നഗരസഭയില്‍പ്പെട്ട പയ്യന്നൂര്‍, കണ്ടോത്ത്, കാറമേല്‍, പെരുമ്പ എന്നിവിടങ്ങളിലും കരിവെളളൂര്‍ പെരളം പഞ്ചായത്തിലെയും കാങ്കോല്‍ ആലപ്പടമ്പ് പഞ്ചായത്തിലെ ഭൂരിഭാഗം ബൂത്തുകളിലുമാണ് സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ വ്യാപക കളളവോട്ട് നടത്തിയതെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. ചോദ്യംചെയ്ത യുഡിഎഫ് ഏജന്റുമാരെ ഭീഷണിപ്പെടുത്തിയെന്നും കണ്ടോത്ത് സ്‌കൂളിലെ ബൂത്തില്‍ ഒരു സ്ത്രീ നാല് വോട്ട് ചെയ്‌തെന്നും യുഡിഎഫ് ആരോപിക്കുന്നു. നാലാമത്തെ വോട്ട് ചെയ്യുമ്പോള്‍ കയ്യോടെ പിടികൂടിയെങ്കിലും പൊലീസ് അവരെ അറസ്റ്റ് ചെയ്യാതെ വിട്ടയക്കുകയായിരുന്നു എന്നാണ് ആരോപണം.
കണ്ണൂര്‍: മയ്യിലില്‍ സിപിഐഎം പ്രവര്‍ത്തകന് കുത്തേറ്റ സംഭവത്തില്‍ പ്രതികരിച്ച് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പരാജയ ഭീതിയില്‍ കോണ്‍ഗ്രസ് അക്രമം അഴിച്ചുവിടുന്നുവെന്ന് എം വി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ അനുജനാണ് പരിക്കേറ്റതെന്നും ജനങ്ങളെ അണിനിരത്തി പ്രതിരോധം തീര്‍ക്കുമെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.ആര്‍എസ്എസുകാരെ പോലെയാണ് കോണ്‍ഗ്രസുകാര്‍ പെരുമാറുന്നത്. തര്‍ക്കം ഉണ്ടായപ്പോള്‍ സമാധാനിപ്പിക്കാന്‍ പോയ ആളെയാണ് കുത്തിയതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. മുല്ലക്കൊടി അരിമ്പ്ര സ്വദേശിയായ പി പി പ്രകാശനാണ് കുത്തേറ്റത്. വോട്ടെടുപ്പിന് ശേഷമായിരുന്നു അക്രമം നടന്നത്. കോണ്‍ഗ്രസ് പ്രാദേശിക നേതാവ് കൃഷ്ണനാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഐഎം ആരോപിച്ചിരുന്നു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പേരാമ്പ്ര :നിയമസഭാ തെരഞ്ഞെടുപ്പ് കടുത്ത പോരാട്ടത്തിന്റെ പ്രതീതി നൽകി പോളിംഗ്ശതമാനം റിക്കാർഡ് വേഗതയിൽ എത്തുമ്പോൾ കള്ള വോട്ടിനുള്ള സാധ്യതയും വർദ്ധിക്കുന്നതായി രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നു. പതിവിൽനിന്ന് വ്യത്യസ്തമായി ഇത്തവണ ഒരേ വീട്ടിലുള്ളവോട്ടർമാരെ പല ബൂത്തുകളിലായി വിഭജിച്ചത് വലിയ ആശങ്കകൾ ഉണ്ടാക്കിയിട്ടുണ്ട്. പേരാമ്പ്ര നിയോജകമണ്ഡലത്തിലെ വിവിധ ബൂത്തുകളിൽ ഒരു വീട്ടിൽ നിന്നുള്ളവർ തന്നെ വളരെ ദൂരെയുള്ള ബൂത്തുകളിൽ വിഭജിച്ച് നൽകിയിരിക്കുകയാണ്. ആ ബൂത്തിൽ ഉള്ളവർക്ക് ഇവരെ പരിചയമില്ലാത്തതിനാൽ വോട്ടേഴ്സ് സ്ലിപ്പ് പോലും ഏജൻറ്മാർ നൽകിയിട്ടില്ല. വിദേശത്ത് ജോലിയുള്ളവരെയും ദൂരെ പഠിക്കുന്ന വിദ്യാർത്ഥികളെയും ആണ് ഇങ്ങനെ വിദൂര സ്ഥലങ്ങളിലെ ബൂത്തുകളിലേക്ക് മാറ്റിയിട്ടത്. എന്നാൽ അവിടെ ബൂത്ത് ഏജൻറ് മാരായിട്ട് ഇരിക്കുന്നവർക്ക് ഇവരെ പരിചയ സാധ്യത കുറവായതിനാൽ കള്ള വോട്ടിന് സാധ്യത കൂടുതലാണ്. ഇത് തിരിച്ചറിഞ്ഞ് മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിന് വേണ്ടിയാണ് പാർട്ടി പ്രവർത്തകരും ഏജൻറ് മാരും അവസാന നിമിഷം ശ്രമിക്കുന്നത്.
ബാലുശ്ശേരി : കനത്ത പോളിങ്ങിന്റെ സൂചന നൽകി കേരളത്തിൽ നിയമസഭ വോട്ടെടുപ്പ് തുടരുന്നു. വൈകീട്ട് 3.30 ലഭ്യമായ വിവരമനുസരിച്ച് 53.78 ശതമാനം പോളിങ്ങുമായി കേരളം കുതിക്കുകയാണ്. ജില്ലകളിൽ 55. 49% വുമായി എറണാകുളം ജില്ലയാണ് മുന്നിൽ. കോഴിക്കോട് ജില്ലയിൽ 53. 30% ആണ്. 50. 03% പോളിംഗ് നടന്ന കണ്ണൂർ ഇടുക്കി ജില്ലകളാണ് പിറകിൽ. പതിവിൽനിന്ന് വ്യത്യസ്തമായി കണ്ണൂരിൽ പോളിങ്ങിലെ കുറവും എറണാകുളത്തെ വർദ്ധനവുംരാഷ്ട്രീയ കേരളത്തെ ഞെട്ടിക്കുകയാണ്. കോഴിക്കോട് ജില്ലയിൽ നാദാപുരം നിയോജകമണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ നടന്നത്. ഏറ്റവും പുതിയകണക്ക് അനുസരിച്ച് 56. 63 പേർ ഇവിടെ വോട്ട് ചെയ്തു. തൊട്ടുപിന്നാലെ കുറ്റ്യാടിയും ഉണ്ട് 56.4% . കൊയിലാണ്ടി 54.08 , ബാലുശ്ശേരി 54.0, എലത്തൂർ 53.04 കോഴിക്കോട് 55.0 കോഴിക്കോട് സൗത്ത് 56.0, വടകര 56.1 , ബേപ്പൂർ 50. 64,കുന്നമംഗലം 49. 64.എന്നിങ്ങനെയാണ് മറ്റു മണ്ഡലങ്ങളിലെ കണക്കുകൾ. ഇപ്പോൾ കുന്നമംഗലം നിയോജകമണ്ഡലത്തിലാണ് ഏറ്റവും കുറഞ്ഞ ശതമാനം കാണിക്കുന്നത്.