കോഴിക്കോട് :സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടിംഗ് പുരോഗമിക്കുകയാണ്. സമയം ഉച്ചയ്ക്ക് 1മണിയാവുമ്പോൾ 45.72 % പോളിംഗ് നടന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പോളിംഗ് എറണാകുളം ജില്ലയിലാണ് 44. 47% . കോഴിക്കോട് 41.32 ശതമാനമാണ് പോളിങ്ങ്. കനത്ത ചൂടിനെ അവഗണിച്ചും പലയിടത്തും ബൂത്തുകളിൽ സമ്മതിദായകരുടെ നീണ്ടനിരയാണ് അനുഭവപ്പെടുന്നത്. 38.2 ശതമാനം വോട്ടിംഗ് നടന്ന കാസർകോട് ജില്ലയിലാണ് ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത്. കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി പേരാമ്പ്ര മണ്ഡലങ്ങളിലാണ് ഏറ്റവും കൂടുതൽ പോളിംഗ് നടന്നത്. കൊയിലാണ്ടിയിൽ 40.96% പേർ വോട്ട് ചെയ്തപ്പോൾ പേരാമ്പ്രയിൽ 40.55%പോളിംഗ് ആയി. നാദാപുരത്ത് 40.91% പേരും ബാലുശ്ശേരിയിൽ : 40.56% പേരും വടകരയിൽ 40.24% പെരും വോട്ട് ചെയ്ത് കഴിഞ്ഞു. കുന്ദമംഗലം: 39.82%കൊടുവള്ളി: 39.09%, തിരുവമ്പാടി: 39.58% വടകര: 40.24% കുറ്റ്യാടി: 39.79%, നാദാപുരം : 40.91%, കൊയിലാണ്ടി: 40.96%പേരാമ്പ്ര: 40.55%, ബാലുശ്ശേരി : 40.56% എലത്തൂർ:39.49%, കോഴിക്കോട് നോർത്ത് : 39.75%, കോഴിക്കോട് സൗത്ത്:40.43% നിങ്ങളെ ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ പോളിംഗ് ശതമാനം.
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കനത്ത പോളിംഗ്. വൈകിട്ട് അഞ്ച് മണി വരെയുള്ള കണക്ക് പ്രകാരം 7 7.75 ശതമാനമാണ് പോളിംഗ്. എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിംഗ് 80 ശതമാനം കടക്കുമെന്നാണ് സൂചന. രാവിലെ മുതൽ നഗര-ഗ്രാമ വ്യത്യാസമില്ലാതെ പോളിങ് ബൂത്തുകളിൽ പ്രകടനമായ തിരക്ക് ഇതാണ് സൂചിപ്പിക്കുന്നത്. കുന്നമംഗലം ചിറ്റൂർ കുന്നത്തുനാട് അരൂർ മണ്ഡലങ്ങളിൽ 80ന് മുകളിൽ പോളിംഗ് നടന്നു . കുന്നത്ത് നാട് മണ്ഡലത്തിലാണ് ഏറ്റവും ഉയർന്ന പോളിംഗ്-81.99%. 140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടന്നത്. 2.71 കോടി വോട്ടർമാരാണ് വിധിയെഴുതുന്നത്. 883 സ്ഥാനാർത്ഥികൾ 23 ദിവസം നടത്തിയ ചൂടേറിയ പ്രചാരണത്തിന് ഒടുവിലാണ് കേരളം പോളിംഗ് ബൂത്തിലെത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍, നടൻ മോഹൻലാൽ തുടങ്ങിയവരും സ്ഥാനാര്‍ത്ഥികളുമെല്ലാം രാവിലെ തന്നെ പോളിങ് ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി.
കോക്കല്ലൂർ:വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയ നാടക കലാകാരൻ തങ്കയം ശശികുമാറിന് നാടിൻ്റെ അന്ത്യാഞ്ജലി. വ്യാഴാഴ്ച വൈകീട്ട് നാലു മണിയോടെ കോക്കല്ലൂർ ഐ എച്ച് ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ കലാ- സാംസ്ക്കാരിക- രാഷ്ട്രീയ രംഗത്തെ പ്രമുഖർ അന്തിമോപചാരമർപ്പിച്ചു. പ്രിയ കലാകാരനെ ഒരു നോക്കു കാണാൻ നാടൊന്നാകെ കോക്കല്ലൂരിലേക്ക് ഒഴുകി.വൻ ജനാവലിയാണ് ഇവിടെയെത്തി അന്തിമോപചാരമർപ്പിച്ചത്. എം കെ രാഘവൻ എം പി, അഡ്വ. കെ എം സച്ചിൻദേവ് എംഎൽഎ, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇസ്മയിൽ കുറുമ്പൊയിൽ, യുവകലാസാഹിതി സംസ്ഥാന ട്രഷറർ അഷ്റഫ് കുരുവട്ടൂർ, ജില്ലാ സെക്രട്ടറി കെ വി സത്യൻ, ബാലുശ്ശേരി മണ്ഡലം പ്രസിഡൻ്റ് മജീദ് ശിവപുരം, ടി. എംശശി, സിനിമാ നാടക പ്രവർത്തകരായ വിജയൻ വി നായർ, വിജയൻ കാരന്തൂർ, വിൽസൺ സാമുവൽ, പ്രദീപ് കുമാർ കാവുന്തറ, മുഹമ്മദ് പേരാമ്പ്ര, സുധീർ അമ്പലപ്പാട്, വിനീഷ് ആരാധ്യ, എം കെ രവിവർമ്മ, ഹരീന്ദ്രനാഥ് ഇയ്യാട്, ഷിബു മുത്താട്ട്, ഗിരീഷ് ആമ്പ്ര, വാസു വാളിയിൽ, രാജീവൻ കോക്കല്ലൂർ, എഴുത്തുകാരനായ അഷ്റഫ് കാവിൽ, പൃഥ്വിരാജ് മൊടക്കല്ലൂർ തുടങ്ങിയവർ അന്തിമോപചാർപ്പിച്ചു. തുടർന്ന് വീട്ടുവളപ്പിൽ സംസ്കരിച്ചു. ശബ്ദ ഗാംഭീര്യം കൊണ്ടും അസാധ്യ അഭിനയ ശൈലി കൊണ്ടും അസ്വാദക മനം കവർന്ന കലാകാരനായിരുന്നു തങ്കയം ശശികുമാർ. ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളെ ഇദ്ദേഹം വേദികളിൽ അവതരിപ്പിച്ചു. മികച്ച ശബ്ദകലാകാരനായ തങ്കയം ശശികുമാർ പ്രഥമ ഖാൻകാവിൽ പുരസ്‌കാര ജേതാവാണ്. ചെറുപ്രായത്തിൽ നാടകവേദിയിലെത്തിയ ഇദ്ദേഹം നിരവധി നാടകങ്ങൾ സംവിധാനം ചെയ്യുകയും ചെയ്‌തിട്ടുണ്ട്. കലിഗുല, മേരി ഫെറർ, മ്മളെ പുള്ളി പൈ കരയുകയാണ്, ജൂലിയസ് സീസർ, ടിപ്പു സുൽത്താൻ, ഭഗത് സിങ്, വെള്ളപ്പൊക്കം, സിന്ദൂരച്ചെപ്പ് തുടങ്ങിയ നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കുട്ടികളുടെ നാടകങ്ങൾ എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്‌തു. വർഷങ്ങളായി പ്രോഗ്രാം അനൗൺസിങ് രംഗത്ത് പ്രവർത്തിക്കുന്ന തങ്കയം ഈ നിയമസഭാ തെരഞ്ഞെടുപ്പിലും അനൗൺസ്മെൻ്റിൽ സജീവമായിരുന്നു. തിങ്കളാഴ്ച്‌ച രാത്രി പറമ്പിൻ്റെ മുകളിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തങ്കയം ശശികുമാർ. ബുധാനാഴ്ച വൈകീട്ടാണ് മരിച്ചത്.
താമരശ്ശേരി: താമരശ്ശേരി അമ്പലമുക്കിൽ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസ്സിന്റെ എഞ്ചിനിൽ നിന്നും പുക ഉയർന്നത് യാത്രക്കാരെ പരിഭ്രാന്തിയിലാക്കി.ഇന്ന് രാവിലെ എട്ടേമുക്കാലോടെയായിരുന്നു സംഭവം. കൂരോട്ടുപാറയിൽ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന മലബാർ ഡിപ്പോയിലെ ബസ്സിനാണ് തീപിടിച്ചത്. ബസ്സിനകത്ത് പുക നിറഞ്ഞതോടെ യാത്രക്കാർ ബഹളം വെക്കാൻ തുടങ്ങി. അപകടം മണത്ത ഡ്രൈവർ ഉടൻ തന്നെ ബസ് നിർത്തി യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി. തുടർന്ന് ജീവനക്കാരും നാട്ടുകാരും യാത്രക്കാരും ചേർന്ന് ബസ്സിന് താഴെ പടർന്ന തീയണക്കുകയായിരുന്നു. ഇലക്ട്രിക്കൽ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.വിവരമറിഞ്ഞ് പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയിരുന്നെങ്കിലും നാട്ടുകാർ അതിനുമുമ്പ് തന്നെ തീ പൂർണ്ണമായും അണച്ചിരുന്നു. ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ കാരണം വലിയൊരു അപകടമാണ് ഒഴിവായത്.
പേരാമ്പ്ര : ജില്ലയിൽ മൊത്തം മണ്ഡലങ്ങൾ പരിഗണിക്കുമ്പോൾ 2021 നെ അപേക്ഷിച്ചു വോട്ട് വർദ്ധിച്ചതും വോട്ടിംഗ് ശതമാനം വർദ്ധിച്ചതും ബേപ്പൂർ കുന്നമംഗലം മണ്ഡലങ്ങളിലാണ്. ഈ മണ്ഡലങ്ങളിൽ എസ് ഐ ആറിന് ശേഷം ആകെ 10000 ത്തോളം വോട്ടുകൾ വർദ്ധിച്ചപ്പോൾ ബേപ്പൂരിൽ ചെയ്ത വോട്ടുകളുടെ എണ്ണത്തിൽ പതിനെട്ടായിരത്തിന്റെതും കുന്ദമംഗലത്ത് പന്ത്രണ്ടായിരത്തിന്റെതും വർദ്ധനവുണ്ടായി. ഇത്രയും വോട്ടുകൾ വർദ്ധിച്ച ഈ രണ്ട് മണ്ഡലങ്ങളുമാണ് ഇത്തവണ ജില്ലയിൽ നിർണായകമാവുക. മുമ്പെല്ലാം എൽഡിഎഫിനോടൊപ്പം നിന്ന് ഈ മണ്ഡലങ്ങളിൽ നടന്ന കനത്ത പോളിംഗ് അവസാനഘട്ടത്തിൽ വർദ്ധിച്ച വോട്ടുകളിൽ യുഡിഎഫിന് മുൻതൂക്കം ഉണ്ടായിയെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. ഏതായാലും ആര് ജയിച്ചാലും ഈ രണ്ടു മണ്ഡലങ്ങളിലും വലിയ ഭൂരിപക്ഷം ഇത്തവണ പ്രതീക്ഷിക്കേണ്ടതില്ല. ഇത്തവണത്തെ പോളിംഗ് കണക്കിൽ അഞ്ച് ശതമാനത്തിലേറെ വർദ്ധനവ് കാണിക്കുന്ന കോഴിക്കോട് നോർത്ത്, സൗത്ത് മണ്ഡലങ്ങളിലും യഥാർത്ഥത്തിൽ വലിയ പോളിംഗ് നടന്നിട്ടില്ല. എസ് ഐ ആർ ന് ശേഷം ജില്ലയിലെ മറ്റു മണ്ഡലങ്ങളിലെ അപേക്ഷിച്ചു ഏറ്റവും കൂടുതൽ, വോട്ട് കുറഞ്ഞ മണ്ഡലങ്ങളാണ് ഇവ. 2021ലെ അപേക്ഷിച്ച് ജില്ലയിൽ വോട്ടു ചെയ്തവരുടെ എണ്ണം ഏറ്റവും കുറഞ്ഞതും ഈ മണ്ഡലങ്ങളിലാണ്. പേരാമ്പ്രയിൽ കാടിളക്കി പ്രചരണങ്ങൾ നടന്നിട്ടും 2021 ലേതിനേക്കാൾ ഒരു ശതമാനത്തോളം വോട്ട് കുറവാണ് ഇത്തവണ. എങ്കിലും മുൻ തിരഞ്ഞെടുപ്പിന് അപേക്ഷിച്ചു മൊത്തം പോൾ ചെയ്ത വോട്ടിൻ്റെ എണ്ണത്തിൽ 4000 ത്തോളം വോട്ട് കൂടുതലുണ്ട്. 2021ന് അപേക്ഷിച്ച് 8000 ത്തോളം വോട്ട് ഇത്തവണ മണ്ഡലത്തിൽ വർദ്ധിച്ചിരുന്നു. 2021ലെ ആകെ വോട്ട് 198218 ആണെങ്കിൽ 2026 അത് 205970 ആണ്. 2021ൽ 163737 പേരും (82.60%) 2026ൽ 167985 പേരും (81.56%) വോട്ട് ചെയ്തു. ഏറ്റവും ഒടുവിലത്തെ ഈ കണക്കനുസരിച്ച് വോട്ടിംഗിൽ 2021 നെ അപേക്ഷിച്ച് വൻ കുതിപ്പ് പേരാമ്പ്രയിൽ ഉണ്ടായിട്ടില്ല എന്നാണ് വ്യക്തമാവുന്നത്. അതുകൊണ്ടുതന്നെ വോട്ടിംഗ് ശതമാനത്തിന്റെ വർദ്ധനവ് നോക്കി ഇവിടെ വിജയം പ്രവചിക്കാൻ കഴിയുന്നില്ല. അതേസമയം ബാലുശ്ശേരി മണ്ഡലത്തിൽ ഇത്തവണ വോട്ടിംഗ് ശതമാനത്തിൽ തന്നെ മാറ്റമുണ്ടായിട്ടുണ്ട്. 225,249 ആയിരുന്നു 2021ലെ ആകെ വോട്ടർമാർ. അതിൽ 181954 പേർ വോട്ട് ചെയ്തു (80. 78%). ഈ തെരഞ്ഞെടുപ്പിൽ വോട്ടർമാരുടെ എണ്ണത്തിൽ മൂവായിരത്തോളം പേരുടെ വർദ്ധനവായി. ആകെ വോട്ട് 228689. ഇതിൽ 187140 പേരാണ് വോട്ട് ചെയ്തത്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 6000 വോട്ടിന്റെ വർധനവ്. ഇത്തവണ ഒടുവിലത്തെ കണക്ക് പ്രകാരം 81.83% ആണ് പോളിങ്. നേരത്തെയുള്ള വോട്ടിൽ വലിയ വ്യത്യാസമില്ലെങ്കിൽ വർദ്ധിച്ച ആറായിരം വോട്ടിന്റെ ആനുകൂല്യം ആർക്കു വരും എന്നതിന് അനുസരിച്ച് ബാലുശ്ശേരി ഫലം.
അരിക്കുളം: യു.ഡി.എഫ്. പ്രവർത്തകൻ രതീഷ് അടിയോടിയെ പോളിംഗ് ബൂത്തിൽ സി.പി.എം. പ്രവർത്തകർ അക്രമിച്ച് പരിക്കേൽപ്പിച്ചതിൽ പ്രതിഷേധിച്ച് ഊരള്ളൂരിൽ യു.ഡി.എഫ്. പ്രവർത്തകർ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. മുസ്ലീം ലീഗ് നേതാവ് സാജിദ് നടുവണ്ണൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് ശശി ഊട്ടേരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ചെയർമാൻ സി.രാമദാസ് , നാസർ ചാലിൽ, എൻ.കെ. ഉണ്ണിക്കൃഷ്ണൻ, ഇ.കെ. അഹമ്മദ് മൗലവി,സുമേഷ് സുധർമൻഎന്നിവർ സംസാരിച്ചു.
താമരശ്ശേരി : താമരശ്ശേരി ചുരത്തിൽ അഞ്ചാം വളവിൽ ലോറിയും, ആറ് ഏഴ് വളവിന്റെ ഇടയിൽ കെ എസ് ആർ ടി സി ബസ്സും തകരാറിലായി രൂക്ഷമായ ഗതാഗത തടസ്സം നേരിടുന്നുണ്ട്. അവധി ദിവസം ആയതിനാൽ ചുരം കയറുന്ന വാഹനങ്ങളും കൂടുതലുണ്ട്. രണ്ടാം വളവ് മുതൽ മുകളിലേക്ക് വലിയ വാഹനനിരയാണ്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ രേഖപ്പെടുത്തിയത് ഈ വര്‍ഷത്തെ റെക്കോര്‍ഡ് ചൂട്. പാലക്കാട് ജില്ലയിലാണ് ഇന്നലെ ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത്. 40.1°C താപനില ആണ് ഇന്നലെ ജില്ലയില്‍ രേഖപ്പെടുത്തിയത്. സാധാരണയേക്കാള്‍ 3.4 °C താപനില ആണിത്. കൊല്ലം ജില്ലയിലെ പുനലൂരിലും റെക്കോര്‍ഡ് ചൂടാണ് രേഖപ്പെടുത്തുന്നത്. പുനലൂരില്‍ ഇന്നലെ രേഖപെടുത്തിയത് 39.8°C താപനിലയായിരുന്നു അനുഭവപ്പെട്ടത്. ചൂട് കൂടിയതോടെ 12 ജില്ലകളില്‍ ഇന്ന് താപനില മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ്.തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാമെന്നും പൊതുജനങ്ങൾ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പകൽ 10 മണി മുതൽ മൂന്ന് മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മൽസ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, ആൽബനിസം അവസ്ഥയുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.
താമരശ്ശേരി: താമരശ്ശേരിയിൽ കാമുകന്‍റെ സുഹൃത്തുക്കളും പെൺകുട്ടിയുടെ ബന്ധുക്കളും തമ്മിൽ കൂട്ടത്തല്ല്.മുക്കം ചെറുവാടിയിൽ നിന്നും കാണാതായ പെൺകുട്ടിയെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാൻ കോടതി അനുമതി നൽകി പുറത്തിറങ്ങിയപ്പോഴാണ് ഇരുവിഭാഗങ്ങൾ തമ്മിൽ കോടതിക്ക് മുൻവശം സംസ്ഥാന പാതയിൽ പരസ്പരം ഏറ്റുമുട്ടിയത്. മുക്കം ചെറുവാടി സ്വദേശിനിയായ പെൺകുട്ടിയെ കഴിഞ്ഞ നാലാം തിയ്യതി ശനിയാഴ്ച രാത്രി 9.30 മുതൽ കാണ്മനില്ല എന്നു കാണിച്ച് ബന്ധുക്കൾ മുക്കം പോലീസിൽ പരാതി നൽകിയിരുന്നു.ഇതേ തുടർന്ന് ഇന്നു രാവിലെ പെൺകുട്ടി കാമുകനായ കാരശ്ശേരി സ്വദേശി ഷാമിലിനൊപ്പം മുക്കം പോലീസ് സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു.തുടർന്ന് നടപടികൾ പൂർത്തീകരിച്ച് പെൺകുട്ടിയെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി.
കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് പുഴയിൽ 3 പേർ മുങ്ങി മരിച്ചു. നാദാപുരത്ത് പുളിയാവ് പുഴയിലാണ് അപകടം നടന്നത്. അരീക്കുണ്ട് സ്വദേശികളായ അൻസാറും ഭാര്യയും കുട്ടിയുമാണ് മുങ്ങിമരിച്ചത്. തുണി അലക്കാൻ പോയതായിരുന്നു ഇവർ. ഇതിനിടെ കുട്ടി കയത്തിൽപെട്ടു. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കവേ അൻസാറും ഭാര്യയും മുങ്ങുകയായിരുന്നു.