കെ സി വേണുഗോപാലിന്റെ നിലവാരം കുറഞ്ഞ് പോകരുത്
കണ്ണൂര്‍: വ്യാജ ആധാര്‍ കാര്‍ഡ് ആരോപണത്തില്‍ സംഘടന ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ സിപിഐഎം നേതാവ് ഇ പി ജയരാജന്‍. കോണ്‍ഗ്രസിന്റെ ദേശീയ നേതാവാണ് കെ സി വേണുഗോപാലെന്ന് ആലോചിക്കണമെന്ന് ഇ പി ജയരാജന്‍ പറഞ്ഞു. പയ്യന്നൂരിലെ യുഡിഎഫ് പിന്തുണയുള്ള സ്ഥാനാര്‍ത്ഥിയുടെ മെഗാഫോണ്‍ ആയി കെ സി വേണുഗോപാല്‍ മാറരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'കെ സി വേണുഗോപാലിന്റെ നിലവാരം കുറഞ്ഞു പോകരുത്. വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മിച്ച് ശീലം ഉള്ളത് കോണ്‍ഗ്രസിനാണ്. വിവരദോഷികളായി കോണ്‍ഗ്രസ് മാറരുത്', ഇ പി ജയരാജന്‍ പറഞ്ഞു. എസ്ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണത്തിലും ഇ പി ജയരാജന്‍ പ്രതികരിച്ചു. എല്ലാ ജനങ്ങളുടെയും പിന്തുണ എല്‍ഡിഎഫിന് വേണമെന്ന് ഇ പി ജയരാജന്‍ പറഞ്ഞു. കേരളത്തിലെ മൂന്നരക്കോടി ജനങ്ങളുടെയും മുന്നണിയാണ് എല്‍ഡിഎഫ്. വോട്ട് ചോദിച്ച് എല്ലാ പാര്‍ട്ടിക്കാരുടെയും വീട്ടില്‍ പോകാറുണ്ടെന്നും ഇ പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.