കോഴിക്കോട്: പേരാമ്പ്രയിലെ യു.ഡി.എഫ് സ്ഥാനാർഥി ഫാത്തിമ തഹ്ലിയയ്ക്കെതിരെ എൽ.ഡി.എഫ് പ്രചരിപ്പിച്ച 'ഖൗമിലെ കുട്ടി' പ്രയോഗത്തിൽ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്ന് മുസ്‌ലിം ലീഗ്. തഹ്ലിയ പറയാത്തത് പറഞ്ഞതായി കക്ഷികൾക്കെതിരെ മാനനഷ്ട കേസുകൾ ഫയൽ ചെയ്യുമെന്നും ലീഗ് കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി ടി.ടി. ഇസ്മായിൽ അറിയിച്ചു. ഫാത്തിമ തഹലിക്കെതിരായ അപവാദ പ്രചാരണത്തിനെതിരെ ഞങ്ങൾ കേസ് തുടരുകയാണ്. തഹ്‌ലിയ പറയാത്തത് പറഞ്ഞതായി മൂന്ന് കക്ഷികൾ പ്രചരിപ്പിച്ചിട്ടുണ്ട്. അവർക്കെതിരെ മാനനഷ്ടക്കേസ് നൽകും. പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. നടുവണ്ണൂരിലെ നിസരി സ്റ്റുഡിയോയിൽ വെച്ചാണ് 'ഖൗമിലെ കുട്ടി പ്രയോഗമുള്ള അനൗൺസ്മെൻറ് റെക്കോർഡ് ചെയ്തത്. ഈ അനൗൺസ്മെൻറ് അവിടെ റെക്കോർഡ് ചെയ്യാൻ ആരാണ് ആവശ്യപ്പെട്ടതെന്ന് പറയണം. എന്നാൽ, അങ്ങിനെ ഒരു അനൗൺസ്മെൻറ് നടന്നിട്ടില്ല എന്ന റിപ്പോർട്ടാണ് കലക്‌ടർ നൽകിയത്. ഞങ്ങൾ നിയമത്തിന്റെ എല്ലാ വഴിയും സ്വീകരിക്കും. കോടതിയിലേക്ക് ഈ വിഷയത്തെ കൊണ്ടുവരും. ടിടി ഇസ്മയിൽ പറഞ്ഞു.ആരാണ് കാഫിർ സ്ക്രീൻഷോട്ട് കൊണ്ടുവന്നത് എന്ന് തെളിയിച്ചതുപോലെ തന്നെ 'ഖൗമിലെ കുട്ടിയും' തെളിയിക്കും. ജനാധിപത്യ മതേതര സമൂഹത്തിൽ അത് ആരു പറഞ്ഞു എന്ന് കൃത്യമായി ബോധ്യപ്പെടുത്തുക എന്നത് രാജ്യത്തോട് പ്രതിബദ്ധതയുള്ള, സമൂഹത്തോട് പ്രതിബദ്ധതയുള്ള ഒരു രാഷ്ട്രീയ പാർട്ടിയെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്' -അദ്ദേഹം പറഞ്ഞു.
താമരശ്ശേരി: ചിക്കന്‍ സ്റ്റാളില്‍ മോഷണം നടത്താന്‍ ശ്രമിച്ച യുവാവിനെ കൈയ്യോടെ പിടികൂടി. കോഴിക്കോട് താമരശ്ശേരി പരപ്പന്‍ പൊയിലിലെ എം.ആര്‍ ചിക്കന്‍ സ്റ്റാളിലാണ് മോഷണശ്രമം നടന്നത്. കണ്ണൂര്‍ തോട്ടങ്കല്‍ തടിക്കാവ് സ്വദേശി ടി.സി മഹേഷി(30) നെയാണ് പിടികൂടിയത്.
കൊയിലാണ്ടി: പടക്കം പൊട്ടിക്കുന്നതിനിടയിൽ പരിക്കേറ്റു മരിച്ച കൊയിലാണ്ടി ഗവൺമെൻറ് ബോയ്സ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി കൂടിയായ അദ്വതിന് സഹപാഠികളും അധ്യാപകരും അന്ത്യാഞ്ജലി നല്കി.സ്‌കൂളിലെ ചെണ്ട ടീമിന്റെ ക്യാപ്റ്റനായിരുന്ന, ഊർജ്ജ്വസ്വലനായ ഈ വിദ്യാർത്ഥി സഹപാഠികൾക്കും അധ്യാപകർക്കും എല്ലാം പ്രിയങ്കരനായിരുന്നു. പ്രിയപ്പെട്ട അദ്വൈത് ഇനിയില്ലെന്നത് ഉൾക്കൊള്ളാൻ ഇവർക്ക് ഇനിയും കഴിഞ്ഞിട്ടില്ല. താങ്ങാനാവുന്നതിലും അപ്പുറമുള്ള വേദനയോടെയാണ് അവർ കൊയിലാണ്ടി സ്റ്റേഡിയത്തിലേക്ക് അവസാനമായി അദ്വൈതിനെ കാണാൻ എത്തിയത്.കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നുള്ള പോസ്റ്റ്മോർട്ടത്തിന് ശേഷം നേരെ കൊയിലാണ്ടി സ്റ്റേഡിയത്തിലേക്കാണ് മൃതദേഹം കൊണ്ടുവന്നത്. ന ഗരസഭാചെയർമാൻ യുകെ ചന്ദ്രൻ, വൈസ് ചെയർ പേഴ്‌സൺ ബിന്ദു സിടി എന്നിവരും അന്തിമോപചാരം അർപ്പിച്ചു. പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ അധ്യാപകരും സഹപാഠികളും അപകട സമയം അദ്വൈതിനൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളും ഉൾപ്പടെ നൂറുകണക്കിന് പേർ അന്തിമോപചാരം അർപ്പിച്ചു. കൊരയങ്ങാട് വാദ്യ കലാ കേന്ദ്രത്തിലെ കലാകാരൻ കൂടിയാണ് അദ്വൈത്. ഇവിടെയുള്ള ഗുരുക്കന്മാരും സുഹൃത്തുക്കളും തങ്ങളുടെ പ്രിയപ്പെട്ടവന് യാത്രാമൊഴിയേകാൻ എത്തിയിരുന്നു. പത്താം ക്ലാസ് പരീക്ഷാഫലം വരാനിരിക്കെയാണ് അദ്വൈതിനെ ദുരന്തം തേടിയെത്തിയത്. യൂട്യൂബിൽ കണ്ട വീഡിയോ പോലെ വിഷുവിന് പടക്കം പൊട്ടിക്കുകയായിരുന്നു. സ്‌റ്റീൽ പാത്രം നെഞ്ചിൽ തുളച്ചു കയറി അമിത രക്തസ്രാവം ഉണ്ടായതാണ് മരണകാരണം.
കൊല്ലം: കൊല്ലം അഞ്ചലില്‍ കരാട്ടെ പരിശീലനത്തിനിടെ പതിനൊന്ന് വയസുകാരി കുഴഞ്ഞുവീണ് മരിച്ചു. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. വാളകം സ്വദേശിനി അഹനയാണ് മരിച്ചത്. മാതാവിനൊപ്പമാണ് കുട്ടി ക്ലാസിനെത്തിയത്. കുഴഞ്ഞുവീണ ഉടന്‍ തന്നെ കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പാലോളി: കൂട്ടാലിടയിൽ ഹോട്ടൽ ജോലിക്കാരനായ പാലോളി സ്വദേശി കിഴക്കേ നാഗത്തും ചാലിൽ റഷീദിനെ കാണാതായി. ഇന്ന് ഉച്ചയ്ക്ക് മുതലാണ് കാണാതായത്. കോട്ടൂർ ഭാഗത്തെ കനാലിൽ കുളിക്കാൻ പോയ മകനെ തിരഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയതാണെന്ന് പറയപ്പെടുന്നു. 12 മണിക്ക് ശേഷം വീട്ടിൽ നിന്ന് തിരഞ്ഞ് പുറപ്പെട്ട റഷീദ്, മകൻ വീട്ടിലെത്തിയിട്ടും വരാതായതിനെ തുടർന്നാണ് ബന്ധുക്കളും പ്രദേശവാസികളും അന്വേഷിച്ചിറങ്ങുകയായിരുന്നു. ഒടുവിൽ വിവരം കിട്ടുമ്പോൾ ആറുമണിയോടെ നൊച്ചാട് ചാത്തോതാഴെ പ്രദേശത്ത് എത്തിയതായി വിവരം ലഭിച്ചിരുന്നു. ബന്ധുക്കൾ അന്വേഷിച്ച് ചെന്നെങ്കിലും അവിടെ നിന്നും അപ്രത്യക്ഷമായതായി പറയപ്പെടുന്നു. ലുങ്കിയും ചുവന്ന ടീഷർട്ടുമാണ് ധരിച്ചിരിക്കുന്നത്. വിവരം ലഭിക്കുന്നവർ 98464515, 9447286872 എന്നീ നമ്പറുകളിൽ ഏതെങ്കിലും ഒന്നിലോ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ വിവരമറിയിക്കേണ്ടതാണ്.
നടുവണ്ണൂർ: പാലോളിയിൽ നിന്ന് ഇന്ന് പകൽ 12 മണിയോടെ കാണാതായ കൂട്ടാലിടയിൽ ഹോട്ടൽ ജോലിക്കാരനായ കിഴക്കേ നാഗത്തും ചാലിൽ റഷീദിനെ കണ്ടെത്തി. പയ്യോളി അട്ടക്കുണ്ട് കടവ് പാലം കഴിഞ്ഞ് നടന്നു പോവുമ്പോഴാണ് റഷീദിനെ വാർത്തയിലെ വിവരം കണ്ട് നാട്ടുകാർ തടഞ്ഞു വെച്ചത്. മകനെ കാണാതായ വിഷമത്തിൽ അസ്വാസ്ഥ്യം അനുഭവപ്പെട്ട റഷീദ് കാൽനടയായിട്ടാണ് ഇത്രയും ദൂരം സഞ്ചരിച്ചത്. പകൽ സമയത്തെ കൊടും ചൂടിൽ ഇത്രയും സഞ്ചരിച്ച തിൻ്റെ ശാരീരിക ക്ഷീണം ഉണ്ട്. നാട്ടുകാർ ഫോണിൽ വിവരമറിയിച്ചതിനെ തുടർന്ന് ബന്ധുക്കൾ എത്തി റഷീദുമായി നാട്ടിലേക്ക് പുറപ്പെട്ടു. റഷീദിനെ കാണാതായ വിവരം ഉൾപ്പെട്ട വാർത്ത വ്യാപകമായി പ്രചരിച്ചിരുന്നു. ഇന്ന് ഉച്ചയ്ക്ക് മുതലാണ് ഇയാളെ കാണാതായത്. കോട്ടൂർ ഭാഗത്തെ കനാലിൽ കുളിക്കാൻ പോയ മകനെ തിരഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയതാണെന്ന് പറയപ്പെടുന്നു. 12 മണിക്ക് ശേഷം വീട്ടിൽ നിന്ന് തിരഞ്ഞ് പുറപ്പെട്ട റഷീദ്, മകൻ വീട്ടിലെത്തിയിട്ടും വരാതായതിനെ തുടർന്നാണ് ബന്ധുക്കളും പ്രദേശവാസികളും അന്വേഷിച്ചി റങ്ങുകയായിരുന്നു.
തിരുവനന്തപുരം: പാറശാല താലൂക്ക് ആശുപത്രിയില്‍ കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ ചികിത്സ കിട്ടാതെ മരിച്ചെന്ന പരാതിയില്‍ കേസെടുത്ത് പൊലീസ്. അടിയന്തര ചികിത്സ നല്‍കിയില്ലെന്നും ഓക്‌സിജന്‍ സിലിണ്ടര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആശുപത്രി ജീവനക്കാര്‍ക്ക് അറിയില്ലായിരുന്നുവെന്നും സഹപ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇന്നലെ വൈകുന്നേരമാണ് അമ്പൂരി സ്വദേശിയായ സന്തോഷ് കുമാര്‍ (38) മരിച്ചത്. പ്രാഥമിക ചികിത്സ നല്‍കിയില്ലെന്നും ആശുപത്രിയില്‍ എത്തുന്നത് വരെ സന്തോഷ് ജീവനോടെ ഉണ്ടായിരുന്നുവെന്നും സുഹൃത്തുക്കള്‍ പറഞ്ഞു. നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം തന്നെ ആശുപത്രിയില്‍ സുഹൃത്തുക്കള്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പാറശാല ആശുപത്രിക്ക് സമീപത്തെ പോസ്റ്റ് മാറ്റുന്ന സമയത്ത് സന്തോഷ് കുമാറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയും ചെയ്യുകയായിരുന്നു.സന്തോഷിനൊപ്പമുണ്ടായിരുന്ന സഹപ്രവര്‍ത്തകര്‍ ഉടനടി സന്തോഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ പ്രാഥമി ചികിത്സ നല്‍കിയില്ലെന്ന് സുഹൃത്തുക്കള്‍ ആരോപിച്ചു. നിലവില്‍ സന്തോഷിന്റെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളു. അതേസമയം കൃത്യമായ പ്രാഥമിക ചികിത്സ നല്‍കിയെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. 46 കോടി രൂപ ചെലവഴിച്ച് നവീകരിച്ച ആശുപത്രി അടുത്തിടെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു.
കൊയിലാണ്ടി: എലത്തൂർ കോരപ്പുഴയിൽ വയോധിക ട്രെയിൻ തട്ടി മരിച്ചു. എലത്തൂർ പടിഞ്ഞാറെ തെക്കിടുത്താം വീട്ടിൽ സുമിത്ര (68) യാണ് മരിച്ചത്. ഇന്നലെ രാവിലെ പത്തുമണിയോടെ കോരപ്പുഴ സ്കൂളിന് സമീപത്തെ ട്രാക്കിലാണ് അപകടം നടന്നത്. ട്രാക്ക് ക്രോസ് ചെയ്യുന്നതിനിടെ ട്രെയിനിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പോലിസ് സ്ഥലത്തെത്തി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പിതാവ്: പരേതനായ കുഞ്ഞിരാമൻ. മാതാവ്: പരേതയായ മാധവി. സഹോദരങ്ങൾ: കൃഷ്ണൻ, സുകുമാരൻ, ലീല, പരേതരായ എരേച്ചൻ, ഗംഗാധരൻ, ബാലൻ. സംസ്കാരം രാത്രിയോടെ വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.
ബാലുശ്ശേരി : കാറിടിച്ച് കാൽനട യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. എകരൂൽ വാകേരി കല്ലാച്ചികണ്ടി അഭിലാഷ് (38) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 6.45ഓടെയായിരുന്നു അപകടം.കരുമല ഉപ്പുംപെട്ടിയിലെ അമ്മയുടെ വീട്ടിൽവന്ന് തിരിച്ച് പോകവേ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിക്കുകയായിരുന്നു. ബാലുശേരി താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. അച്ഛൻ: പരേതനായ ശേഖരൻ നായർ (വിമുക്തഭടൻ).അമ്മ: രമണി.സഹോദരൻ: സരേഷ് (ഇന്ത്യൻ ആർമി).
താമരശ്ശേരി: ഫ്രിഡ്ജിൽ സൂക്ഷിച്ച ചീര പാകം ചെയ്ത് കഴിച്ചതിനെത്തുടർന്ന് ഒരു കുടുംബത്തിലെ നാലുപേർക്ക് ഭക്ഷ്യവിഷബാധേറ്റു. താമരശ്ശേരി സ്വദേശികളായ ശാന്തകുമാരി (68), ശ്രീജ (43), സുധീർ (42), ആർദ്ര (20) എന്നിവരെയാണ് ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ നാലുപേരും തീവ്രപരിചരണ വിഭാഗത്തിൽ (ICU) നിരീക്ഷണത്തിലാണ്. ഇവരുടെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.രണ്ട് ദിവസത്തിലധികമായി ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന ചീര പാകം ചെയ്ത് കഴിച്ചതാണ് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായത്. ഭക്ഷണം കഴിച്ചതിന് പിന്നാലെ ഇവർക്ക് അലർജിക്ക് സമാനമായ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു. പഴയ ചീരയിലുണ്ടായ ബാക്ടീരിയൽ അണുബാധയോ അല്ലെങ്കിൽ രാസമാറ്റങ്ങളോ ആകാം ഭക്ഷ്യ വിഷബാധയ്ക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം