കൊടുവള്ളി:കിഴക്കോത്ത് കച്ചേരിമുക്കിൽ വെച്ച് കാറും സ്കൂട്ടർ ഇടിച്ച് ഉണ്ടായ അപകടത്തെ തുടർന്ന് യുവതി മരണപ്പെട്ടു.തയ്യിൽ തൊടുക മുഹമ്മദ് മുസ്ലിയാരുടെ മകൾ പന്നൂർ പറയരു കണ്ടി ഉമ്മു ഹഫ്സത്ത് (39) ആണ് മരണപ്പെട്ടത്. മാതാവ് : ആയിഷക്കുട്ടി കരുവൻപൊയിൽ. ഭർത്താവ്: റഷീദ് അട്ടക്കുളങ്ങര. മക്കൾ: മുഹമ്മദ് സിനാൻ,ആയിഷ ഹന്ന. സഹോദരങ്ങൾ: ത്വൽഹത്ത് , ഉഖ്ബത്ത്.
പേരാമ്പ്ര: ചെറുവണ്ണൂർ അൽ മദ്രസത്തുൽ ഇസ്ലാമിയയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി ജല തരണം 2026 എന്ന പേരിൽ നീന്തൽ പരിശീലന പരിപാടി ആരംഭിച്ചു. പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിലെ സ്റ്റേഷൻ ഓഫീസർ പി കെ ഭരതൻ പരിശീലനം ഉദ്ഘാടനം ചെയ്തു. മദ്രസ പ്രിൻസിപ്പാൾ കെഎം മുഹിയുദ്ധീൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ റഫീഖ് കാവിൽ, ലിറ്റിൽ ഫ്ലവർ സ്കൂൾ പ്രിൻസിപ്പാൾ എം കെ രാജീവൻ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മദ്രസ വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്ത ഉദ്ഘാടന ചടങ്ങിൽ പി ടി എ പ്രസിഡണ്ട് എം കെ അബ്ദുൽ അസീസ് സ്വാഗതവും ഹസീന നസ്റിൻ നന്ദിയും പറഞ്ഞു.
തിരുവനന്തപുരം: വേനലവധിക്കാലത്തെ സ്‌പെഷ്യല്‍ ക്ലാസുകള്‍ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. നിയമലംഘനം നടത്തുന്ന വിദ്യാലയങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.കേരള വിദ്യാഭ്യാസ ചട്ടങ്ങളിലെ വ്യവസ്ഥകള്‍ പ്രകാരം മാര്‍ച്ച് മാസത്തിലെ അവസാന പ്രവൃത്തിദിവസം മുതല്‍ മേയ് മാസം വരെ കുട്ടികള്‍ക്ക് വേനലവധി അനുവദിച്ചിട്ടുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.ചുട്ടുപൊള്ളുന്ന വേനല്‍ച്ചൂട് കണക്കിലെടുത്ത് തൊഴിലാളികള്‍ക്ക് ഉള്‍പ്പെടെ സര്‍ക്കാര്‍ പുതുക്കിയ തൊഴില്‍ സമയക്രമം നിശ്ചയിച്ചിരിക്കുന്ന സാഹചര്യത്തില്‍ കുട്ടികളെ വിദ്യാലയങ്ങളില്‍ എത്തിക്കുന്നത് അവരുടെ മൗലികാവകാശങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും ലംഘനമാണ്.കഠിനമായ ചൂടില്‍ സ്‌കൂളുകളിലെ പഠന അന്തരീക്ഷം കുട്ടികള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. ബാലാവകാശ കമ്മീഷന്റെയും കോടതികളുടെയും മുന്‍ ഉത്തരവുകള്‍ പ്രകാരം കുട്ടികളുടെ അവധിക്കാലം തടസ്സപ്പെടുത്താന്‍ ആര്‍ക്കും അവകാശമില്ല എന്നും മന്ത്രി വി പറഞ്ഞു.സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകള്‍ക്ക് പുറമെ സിബിഎസ്ഇ, ഐസിഎസ്ഇ തുടങ്ങി എല്ലാ സ്ട്രീമുകളില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങളും ഈ നിര്‍ദ്ദേശം പാലിക്കാന്‍ ബാധ്യസ്ഥരാണ്. അതിനാല്‍ യാതൊരു കാരണവശാലും സ്‌പെഷ്യല്‍ ക്ലാസുകള്‍ അനുവദിക്കില്ലെന്നും ഇത് ലംഘിക്കുന്ന വിദ്യാലയങ്ങളെ നിരീക്ഷിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
കോഴിക്കോട്: കോൺവെൻറ് റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. മദര്‍ ഓഫ് ഗോഡ് കത്തീഡ്രല്‍ പള്ളിയുടെ പുറകുവശത്തായാണ് മൃതദേഹം കണ്ടെത്തിയത്. കൊഴിഞ്ഞാമ്പാറ സ്വദേശിനിയുടേതാണ് കുഞ്ഞ്.പള്ളിയില്‍ വെച്ച് പ്രസവിച്ച് ശേഷം കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു. പൊലീസ് കസ്റ്റഡിയിലെടുത്ത മാതാവിനെ നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സിസിടിവിയില്‍ ഇവരുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു.പാലക്കാട് നിന്നെത്തിയ തീര്‍ത്ഥാടക സംഘമാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടത്. ഉടന്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസും ഫോറന്‍സിക് സംഘവും സംഭവസ്ഥലത്ത് പരിശോധന നടത്തുകയാണ്.
അരിക്കുളം: വരമ്പിച്ചേരി മീത്തൽ നാരായണൻ നായർ (86) നിര്യാതനായി. ഭാര്യ: പുഷ്പ (കൊളത്തൂർ ). മക്കൾ : ചന്ദ്രശേഖരൻ (കസ്റ്റംസ്, കോയമ്പത്തൂർ), ദീപ (കെ.എസ്. എഫ് ഇ, ബാലുശ്ശേരി ). മരുമകൻ: സജിത്ത് (ദുബായ് ) സഹോദരങ്ങൾ: രാമൻ കുട്ടി നായർ (മേലൂർ), കൃഷ്ണൻ നായർ (കോട്ട മഠം,അരിക്കുളം) കുമാരൻ നായർ വരമ്പിച്ചേരി മീത്തൽ, പരേതനായ രാരുക്കുട്ടി നായർ.
തിരുവനന്തപുരം: വിഴിഞ്ഞത്ത് യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തി. ബാറില്‍ വെച്ചുണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് കൊലപാതകം. തിരുവല്ലം വണ്ടിത്തടം സ്വദേശിയായ സുമൻ (38)ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. അക്രമത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തായി. ബാറില്‍ രണ്ട് സഹോദരങ്ങള്‍ തമ്മില്‍ വാക്കു തര്‍ക്കമുണ്ടായിരുന്നു. ഇത് കണ്ട ഇവരുടെ സുഹൃത്ത് കൂടിയായ സുമന്‍ ഇടപെടുകയായിരുന്നു. ഒടുവില്‍ സഹോദരങ്ങള്‍ ചേര്‍ന്ന് സുമനെ മര്‍ദിക്കുകയായിരുന്നു. ആദ്യം ബാറില്‍ വെച്ചും പിന്നീട് റോഡില്‍ വെച്ചുമാണ് യുവാക്കൾ മർദിക്കുന്നത്. അവശ നിലയിലായ സുമനെ റോഡില്‍ ഉപേക്ഷിച്ച് ഇവര്‍ കടന്നു കളഞ്ഞു. ഇതിനിടെ അതുവഴി വന്ന കാര്‍ യാത്രികന്‍ സുമനെ വിഴിഞ്ഞം ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബാറില്‍ ഉള്ളവര്‍ നോക്കിനില്‍ക്കെയായിരുന്നു അക്രമം. ഇടിച്ചും തൊഴിച്ചുമാണ് കൊലപാതകം നടത്തിയിരിക്കുന്നത്. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു.സഹോദരങ്ങളായ അച്ചു, അനന്തു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കണ്ണൂര്‍: അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജില്‍ ആത്മഹത്യ ചെയ്ത നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിഷേധം ശക്തം. വകുപ്പ് മേധാവി ഡോ. റാമിനെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് റാമിന്റെ കണ്ണൂര്‍ എടക്കാടുള്ള ദന്തല്‍ ക്ലിനിക്കിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച് നടത്തി. റാമിന്റെ ക്ലിനിക്കിന്റെ ബോര്‍ഡ് വലിച്ച് കീറി ഡിവൈഎഫ്‌ഐയുടെ പ്രതിഷേധ പോസ്റ്ററും ഒട്ടിച്ചു. അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജില്‍ എസ്എഫ്‌ഐ യൂണിറ്റ് രൂപീകരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പതാക ഉയര്‍ത്തിയാണ് സംഘടന രൂപീകരിക്കുന്നത്. നിതിന്റെ മരണത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികള്‍ പരാതികള്‍ ശേഖരിച്ച് വരികയാണ്. പ്രത്യേക മെയില്‍ ഐ ഡി ഉപയോഗിച്ചാണ് പരാതികള്‍ ശേഖരിക്കുന്നത്. ഇതുവരെ നൂറ്റമ്പതിലേറെ പരാതികളാണ് അധ്യാപകര്‍ക്കെതിരെ ലഭിച്ചത്. ഡോ റാം ഉള്‍പ്പെടെ മൂന്ന് അധ്യാപകര്‍ക്കെതിരെയാണ് പരാതികള്‍ ലഭിച്ചത്. റാമിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവും സംഘടിപ്പിച്ചു. പ്രകടനമായി കോളേജിലേക്ക് എത്തിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. കോളേജില്‍ നിന്നും റാമിനെ പുറത്താക്കണമെന്നും നീതി വേണം എന്നും ആവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം.വൈറ്റ് കോട്ട് അഴിച്ചുള്ള പ്രതിഷേധമാണ് വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിക്കുന്നത്. 'അച്ഛന്റെയും അമ്മയുടെയും വിയര്‍പ്പാണ് ഈ കോട്ട്. ആദ്യം ഇതില്‍ കണ്ണീര്‍ പൊടിഞ്ഞു. പിന്നീട് ചോര പൊടിഞ്ഞു', എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം നടത്തുന്നത്.കോളേജില്‍ പിടിഎ പ്രവര്‍ത്തിക്കുന്നതായി അറിയില്ലെന്ന് രക്ഷിതാക്കളും പ്രതികരിച്ചു. രക്ഷിതാക്കളെ വ്യക്തിപരമായി വിളിച്ച് സംസാരിക്കുക മാത്രമാണ് ചെയ്യാറുള്ളതെന്നും പിടിഎ ജനറല്‍ബോഡിയോ മറ്റ് യോഗങ്ങളോ കോളേജില്‍ വിളിക്കാറില്ലെന്നും രക്ഷിതാക്കള്‍ വ്യക്തമാക്കി. പിടിഎ ഭാരവാഹികള്‍ ആരാണെന്ന് അറിയില്ലെന്നും രക്ഷിതാക്കള്‍ വ്യക്തമാക്കി. എല്ലാം കടലാസില്‍ മാത്രം ഒതുങ്ങുന്ന സംവിധാനമാണ് ഇവിടെയുള്ളതെന്നും രക്ഷിതാക്കള്‍ പറഞ്ഞു. നിലവില്‍ റാമിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് യൂണിവേഴ്‌സിറ്റി അന്വേഷണ സമിതിക്ക് പരാതി നല്‍കാനിരിക്കുകയാണ് രക്ഷിതാക്കള്‍. നിതിന്റെ മരണത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു. റാമിനെതിരെ മുന്‍പും പരാതികള്‍ ഉണ്ടായിരുന്നുവെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.അതേസമയം കേസ് ലോണ്‍ വിഷയത്തില്‍ ഒതുക്കാന്‍ ശ്രമം നടക്കുകയാണെന്ന് നിതിന്‍ രാജിന്റെ അച്ഛന്‍ രാജന്‍ പ്രതികരിച്ചു. നിതിന്‍ മരിച്ചത് ലോണ്‍ ആപ്പിന്റെ പേരിലാണെന്നാണ് എസ് പി പറയുന്നത്. ടോര്‍ച്ചര്‍ ചെയ്താണ് അവനെ മരണത്തിലേക്ക് തള്ളി വിട്ടതെന്ന് രാജന്‍ കൂട്ടിച്ചേര്‍ത്തു. പൊലീസ് അന്വേഷണത്തില്‍ തൃപ്തരല്ലെന്നും രാജന്‍ പറഞ്ഞു. എസ്പിയുടെ പ്രതികരണം വേദനിപ്പിച്ചു. സിദ്ധാര്‍ത്ഥിന്റെയും രോഹിത് വെമുലയുടെ കേസ് പോലെ ഇതും ഒതുക്കി തീര്‍ക്കാന്‍ ശ്രമം നടന്നു. ഗ്രാമപ്രദേശങ്ങളിലെ കുട്ടികള്‍ ലോണ്‍ എടുത്താണ് പഠിക്കുന്നത്. ഞങ്ങള്‍ കൂലിപ്പണിക്കാരാണ്. എല്ലാ ദിവസവും ജോലിയുണ്ടായെന്നു വരില്ല. ലോണ്‍ ആപ്പിലോ മൈക്രോഫിനാന്‍സിലോ ലോണെടുത്ത് പഠിക്കേണ്ടിവരും. എസ്പി ഇക്കാര്യങ്ങളൊക്കെ മനസ്സിലാക്കണം. അവന്റെ അമ്മ രണ്ടാഴ്ചയായി ആശുപത്രിയിലായിരുന്നു. അങ്ങനെ ഒന്ന് രണ്ട് തവണ ലോണ്‍ മുടങ്ങിയിട്ടുണ്ട്. മാനേജ്‌മെന്റിനെ സംരക്ഷിക്കാനാണ് ശ്രമം', രാജന്‍ പറഞ്ഞു.
കൊയിലാണ്ടി: കോരപ്പുഴയിൽ വയോധികയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഏകദേശം അറുപത് വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയാണ് മരിച്ചത്. രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം കോരപ്പുഴ സ്കൂലിന് സമീപത്തെ ട്രാക്കിലാണ് അപകടം നടന്നത്. ട്രാക്ക് ക്രോസ് ചെയ്യുന്നതിനിടെ ട്രെയിനിടിക്കുക്കയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പോലിസ് സ്ഥലത്തെത്തി.
പേരാമ്പ്ര: നൊച്ചാട് മലാപ്പൊയിൽ ചാത്തുക്കുട്ടി (85) നിര്യാതനായി. ഭാര്യ: ജാനകി.മക്കൾ: ബീന (റിട്ട: ടീച്ചർ ഫാത്തിമ മെമ്മോറിയൽ എച്ച് എസ് കരിങ്കല്ലത്താണി മലപ്പുറം), ബിന്ദു (പ്രധാനാധ്യാപിക, ജി യു പി എസ് ചോലക്കുണ്ട് മലപ്പുറം ) ബിജി (ജി എച്ച് എസ് എസ് ,ആവള കുട്ടോത്ത്) ബിനീഷ് (അധ്യാപകൻ, എ എൽ പി എസ് മുതുവാട്)മരുമക്കൾ: വാസു (റിട്ട: ടീച്ചർ എച്ച് എസ് താഴെക്കോട് മലപ്പുറം ) പവിത്രൻ (റിട്ട: ടീച്ചർ ജി യു പി എസ് ക്ലാരി. എടരിക്കോട് ) ദിനേശൻ (ജി എച്ച് എസ് എസ് ആവള കുട്ടോത്ത്) ഷിജിന (എ എൽ പി എസ് ഒളവണ്ണ)സഹോദരങ്ങൾ:ശങ്കരൻ, ദാമോദരൻ, കാർത്യായനി, പരേതരായ ചെക്കിണി മാണിക്യം ചീരു,
കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ആരോപണ വിധേയനായ വകുപ്പ് മേധാവി ഡോ. എം കെ റാമിനെ കോളേജില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനം. റാമിനെ പുറത്താക്കുമെന്ന് ചര്‍ച്ചയില്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പ് നല്‍കുകയായിരുന്നു.നിതിന്റെ മരണത്തിന് പിന്നാലെ നിരവധി വിദ്യാര്‍ത്ഥികളാണ് റാമിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. ഇതും കൂടി കണക്കിലെടുത്താണ് റാമിനെ പുറത്താക്കാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചത്. നിലവില്‍ സസ്‌പെന്‍ഷനിലിരിക്കുന്ന റാം ഒളിവിലാണ്. റാമിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ ഇന്ന് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പ്രകടനമായി കോളേജിലേക്ക് എത്തിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. കോളേജില്‍ നിന്നും റാമിനെ പുറത്താക്കണമെന്നും നീതി വേണം എന്നും ആവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്. വൈറ്റ് കോട്ട് അഴിച്ചുള്ള പ്രതിഷേധമാണ് വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ചത്. 'അച്ഛന്റെയും അമ്മയുടെയും വിയര്‍പ്പാണ് ഈ കോട്ട്. ആദ്യം ഇതില്‍ കണ്ണീര്‍ പൊടിഞ്ഞു. പിന്നീട് ചോര പൊടിഞ്ഞു', എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്.