നൂറുകണക്കിന് വിദ്യാർഥികൾക്ക് നൃത്തകലയുടെ ബാലപാഠങ്ങൾ പകർന്നു
കൂരാച്ചുണ്ട്: സാംസ്കാരിക വകുപ്പിന്റെ കീഴിലുള്ള കേരള ഫോക്‌ലോർ അക്കാദമിയുടെ 2024-ലെ യുവപ്രതിഭ പുരസ്കാരം കരസ്ഥമാക്കിയ കൂരാച്ചുണ്ട് സ്വദേശി എസ്.വി. പ്രവീണിന് യൂത്ത് കോൺഗ്രസ് കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപഹാരം നൽകി ആദരിച്ചു. കലാരംഗത്ത്, പ്രത്യേകിച്ച് മാർഗംകളി പരിശീലന മേഖലയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രവീണിനെ
നാലാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ നൃത്തവേദികളിൽ സജീവമായ പ്രവീൺ, ഭരതനാട്യം, നാടോടി നൃത്തം, മോഹിനിയാട്ടം, ചാക്യാർകൂത്ത് തുടങ്ങിയ കലാരൂപങ്ങളിലെല്ലാം തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. സംസ്ഥാനതല മത്സരങ്ങളിലുൾപ്പെടെ പങ്കെടുത്തുകൊണ്ട് മികച്ച നേട്ടങ്ങൾ കൈവരിച്ച പ്രവീൺ, കഴിഞ്ഞ 15 വർഷത്തിലേറെയായി നൃത്തവിദ്യാലയം നടത്തി വരുന്നുണ്ട്. ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നൂറുകണക്കിന് വിദ്യാർഥികൾക്ക് നൃത്തകലയുടെ ബാലപാഠങ്ങൾ പകർന്നു നൽകുന്നതിലും അദ്ദേഹം സജീവമാണ്. ഈ കഠിനാധ്വാനത്തിനുള്ള അംഗീകാരമായാണ് ഫോക്‌ലോർ അക്കാദമി അദ്ദേഹത്തെ യുവപ്രതിഭ പുരസ്കാരം നൽകി ആദരിച്ചത്.
യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ആദരവ് ചടങ്ങിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാജു കാരക്കട ഉപഹാരം കൈമാറി. കലാരംഗത്ത് പ്രവീൺ നടത്തുന്ന നിസ്വാര്ത്ഥ സേവനങ്ങൾ നാടിന് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിസാം കക്കയം അധ്യക്ഷത വഹിച്ച ചടങ്ങിൽ, കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ജെറിൻ കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി.