കോഴിക്കോട്: പേരാമ്പ്രയിലെ അനൗൺസ്മെന്റ് വിവാദത്തിൽ നിലപാട് കടുപ്പിച്ച് മുസ്‌ലിം ലീഗ്. വിദ്വേഷ പരാമർശത്തിൽ സർക്കാർ നിരുത്തരവാദപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന് ലീഗ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഷാ പറഞ്ഞു. സ്വമേധയാ കേസെടുത്ത് അറസ്റ്റ് ചെയ്യേണ്ട കേസിൽ സർക്കാർ നടപടി സ്വീകരിക്കുന്നില്ല. അത്തരം പ്രവണതകൾ സർക്കാർ പ്രോത്സാഹിപ്പിക്കുകയാണെന്നും മുഹമ്മദ് ഷാ പറഞ്ഞു. നിയമപരമായി തന്നെ മുന്നോട്ട് പോകും. സ്വന്തമായി ഉണ്ടാക്കി ആസൂത്രിതമായ വിദ്വേഷം പ്രചരിപ്പിക്കുകയാണ്. എൽഡിഎഫ് കൺവീനറുടെ മണ്ഡലത്തിലാണ് ഇത് നടക്കുന്നത്. നിയമസംവിധാനം പൂർണമായും തകർന്നിരിക്കുകയാണ്. വിദ്വേഷം പ്രചരിപ്പിക്കുകയും എന്നിട്ട് മറുവിഭാഗത്തിനെതിരെ ആരോപണമുന്നയിക്കുകയാണ് സിപിഎം ചെയ്യുന്നത്. ഒരു വാഹനത്തിൽ സ്പീക്കർവെച്ചാണ് വിദ്വേഷപ്രചാരണം നടത്തുന്നത്. ഇതിന് പിന്നിൽ പ്രവർത്തിച്ചവർ ഒരുപാട് പേരുണ്ട്. ഇവരെല്ലാം ഈ കേസിൽ പ്രതികളാവും. പൊലീസ് വിദ്വേഷപ്രചാരകരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. അവർക്കെതിരെയും നിയമപരമായി നീങ്ങുമെന്നും മുഹമ്മദ് ഷാ പറഞ്ഞു.
നടുവണ്ണൂർ: കേരളത്തെ കുറിച്ചുള്ള നാണക്കേടുകൾ മാറ്റാൻ യുഡിഎഫ് അധികാരത്തിലേറിയെ പറ്റൂ എന്ന് ഐസിസി വർക്കിംഗ് കമ്മിറ്റി അംഗം ശശി തരൂർ നടുവണ്ണൂരിൽ പ്രസ്താവിച്ചു. നീതി ആയോഗ് ൻ്റെ ഏറ്റവും പുതിയ പ്രോഗ്രസ് റിപ്പോർട്ട് പ്രകാരം 18 സംസ്ഥാനങ്ങളിൽ പതിനഞ്ചാം സ്ഥാനമാണ് കേരളത്തിന്. വ്യവസായ സൗഹൃദം അല്ലാത്ത അന്തരീക്ഷം സൃഷ്ടിച്ച ഇടതുപക്ഷം കേരളത്തെ കടക്കണിയിൽ ആഴ്‌ത്തിയിരിക്കുകയാണ്. മദ്യം വ്യാപകമാക്കി സംസ്ഥാനത്തെ കുടുംബാന്തരീക്ഷം തകർത്തു. കടമെടുത്തു കടമെടുത്ത് മുടിയുകയാണ് നാട്. ഇതിലെല്ലാം കാര്യമായ മാറ്റങ്ങൾ ഉണ്ടാവണം, ശശിതരൂർ പറഞ്ഞു.ചെറുപ്പക്കാരനായ സൂരജിനെ സ്ഥാനാർത്ഥി ആക്കിയതിലൂടെ യുവത്വത്തിന് മുന്തിയ പരിഗണന നൽകിയിരിക്കുകയാണ് യുഡിഎഫ്. അദ്ദേഹത്തിൻറെ വിജയം കേരളത്തിൻറെ വിജയമാകുമെന്നും തരൂർ പറഞ്ഞു നിശ്ചയിച്ചതിൽ നിന്നും മണിക്കൂറുകൾ വൈകിയാണ് എത്തിയെങ്കിലും ശശി തരൂരിനെ സ്വീകരിക്കാൻ നൂറുകണക്കിനാളുകൾ നടുവണ്ണൂരിൽ എത്തിയിരുന്നു. വെള്ളോട്ട് നിന്നും തുറന്ന ജീപ്പിൽ ആനയിച്ചാണ് അദ്ദേഹത്തെ സ്വീകരണ സ്ഥലത്തെത്തിച്ചത്. യു ഡി എഫ് സ്ഥാനാർത്ഥി വി.ടി. സൂരജ് ചടങ്ങിൽ വോട്ടഭ്യർത്ഥിച്ച് സംസാരിച്ചു.പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റി ചെയർമാൻ ടി നിസാർ ആധ്യക്ഷം വഹിച്ചു. എം.കെ രാഘവൻ എം.പി., അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റി സ നിരീക്ഷകൻ സൂരജ് താക്കൂർ, ടി.ടി. ഇസ്‌മയിൽ, കാവിൽ പി.മാധവൻ, ബാലകൃഷ്ണൻ കിടാവ്, കെ. എം ഉമ്മർ, കെ.രാമചന്ദ്രൻ മാസ്റ്റർ, അഹമദ് കോയ മാസ്റ്റർ, സംസാരിച്ചു. കെ രാജീവൻ ചടങ്ങിന് സ്വാഗതം പറഞ്ഞു.
കോഴിക്കോട്: കുന്നമംഗലത്ത് വീടിനുള്ളില്‍ സ്‌ഫോടനം. കുരുക്കത്തൂരിലാണ് സ്‌ഫോടനമുണ്ടായത്. അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. രാമനാട്ടുകര സ്വദേശി രാഹുല്‍ (26), വീട് വാടകയ്ക്ക് എടുത്തിരുന്ന വിഷ്ണു എന്നയാളുടെ സഹോദരൻ രാഹുൽ (27) എന്നിവരാണ് മരിച്ചത്. അപകടം നടക്കുമ്പോൾ അഞ്ച് പേരായിരുന്നു വീട്ടിലുണ്ടായിരുന്നത്. പരിക്കേറ്റവരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇന്നലെ രാത്രി 9.45 ഓടെയായിരുന്നു സംഭവം നടന്നത്. കുന്നമംഗലം കുരുക്കത്തൂരില്‍ വിഷ്ണുവും ഭാര്യ സിമിയും കുഞ്ഞും അടങ്ങുന്ന കുടുംബം വാടകയ്ക്ക് താമസിക്കുകയായിരുന്നു. വീട്ടില്‍ ഇവര്‍ പടക്കനിര്‍മ്മാണം നടത്തിയിരുന്നു. പടക്കനിര്‍മ്മാണത്തിനിടെയാണ് പൊട്ടിത്തെറി ഉണ്ടായതെന്നാണ് സൂചന. തൊട്ടടുത്ത വീടുകളെ ബാധിക്കുന്ന രീതിയിലാണ് സ്‌ഫോടനമുണ്ടായത്. വിഷുവുമായി ബന്ധപ്പെട്ട പടക്കനിര്‍മ്മാണമായിരുന്നു എന്നും വിവരമുണ്ട്.സ്ഫോടനത്തിന്റെ ആഘാതത്തിൽ മരിച്ചവരുടെ ശരീരഭാഗങ്ങൾ 25 മീറ്ററോളം ദൂരേക്ക് തെറിച്ചുപോയ നിലയിലായിരുന്നു. സ്ഫോടനം നടന്ന വീട് ഭാഗികമായി തകരുകയും സമീപത്തെ വീടുകളുടെ ജനൽചില്ലുകൾ പൊട്ടിത്തെറിക്കുകയും ചെയ്തിട്ടുണ്ട്. അപകടസമയത്ത് വീട്ടിലുണ്ടായിരുന്ന ഒരു കുട്ടിയെ പരുക്കുകളോടെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്ന് പി.ടി.എ റഹീം എം.എൽ.എ അറിയിച്ചു. കുന്ദമംഗലം പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. വെടിമരുന്നിന്റെ സാന്നിധ്യം സ്ഫോടനസ്ഥലത്ത് സ്ഥിരീകരിച്ചിട്ടുണ്ട്.
തൃശ്ശൂര്‍: ഒളരിയില്‍ വോര്‍ട്ടര്‍മാര്‍ക്ക് ബിജെപി ഭക്ഷ്യകിറ്റ് വിതരണം ചെയ്‌തെന്ന പരാതിയില്‍ തൃശ്ശൂര്‍ വെസ്റ്റ് പൊലീസ് കേസെടുത്തു. ഏകദേശം 900 രൂപ വിലയുള്ള 26 കിറ്റുകളായിരുന്നു 'കാര്‍ത്തിക' സൂപ്പര്‍മാര്‍ക്കറ്റ് വഴി വിതരണം ചെയ്തത്. സൂപ്പര്‍മാര്‍ക്കറ്റില്‍ കിറ്റുകള്‍ ഓര്‍ഡര്‍ ചെയ്ത രാധാകൃഷ്ണന്‍ എന്നയാളെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തത്. ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള വകുപ്പുകള്‍ ഉള്‍പ്പെടെയാണ് ചുമത്തിയിരിക്കുന്നത്. വോട്ടിന് കിറ്റ് നല്‍കിയെന്നാരോപിച്ച് എല്‍ഡിഎഫ് ആയിരുന്നു പരാതി നല്‍കിയത്. ശിവരാമപുരം നഗറിലെ താമസക്കാര്‍ക്കാണ് സൂപ്പര്‍മാര്‍ക്കറ്റ് വഴി കിറ്റുകള്‍ വിതരണം ചെയ്തത്. എല്‍ഡിഎഫ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ 26 കിറ്റുകള്‍ പിടിച്ചെടുത്തു. ബിജെപി കിറ്റ് നല്‍കുന്നുവെന്ന് അറിഞ്ഞ് മൂന്ന് സ്ത്രീകള്‍ സൂപ്പര്‍ മാര്‍ക്കറ്റിൽ എത്തിയതോടെയാണ് പരാതി ഉയര്‍ന്നത്. അയല്‍ക്കാര്‍ കിറ്റ് വാങ്ങി പോകുന്നത് കണ്ട് അറിഞ്ഞാണ് കിറ്റ് വാങ്ങാന്‍ വന്നതെന്നാണ് മൂവരും റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചത്. രാധാകൃഷ്ണന്‍ എന്ന വ്യക്തി കഴിഞ്ഞദിവസം വന്ന് അമ്പത് കിറ്റുകള്‍ ഓര്‍ഡര്‍ ചെയ്തുവെന്നാണ് സൂപ്പര്‍ മാര്‍ക്കറ്റ് ഉടമ പ്രതികരിച്ചത്. പലചരക്ക് സാധനങ്ങള്‍ അടങ്ങിയ ഒരു കിറ്റിന് 900രൂപയാണ് വില. 48കിറ്റുകള്‍ ഇതുവരെ ആളുകള്‍ വാങ്ങിപ്പോയെന്നും കടയുടമ പറയുന്നു. വരുന്ന ആളുകളുടെ എണ്ണമറിയിക്കുകയും അതിനനുസരിച്ച് ആളുകള്‍ വന്ന് വാങ്ങിപ്പോകുകയാണെന്നും കടയുടമ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു. രാധാകൃഷ്ണന്‍ പ്രാദേശിക ബിജെപി നേതാവാണെന്നാണ് വിവരം.
കൊയിലാണ്ടി: കൊയിലാണ്ടി മാർക്കറ്റ പരിസരത്ത് ബുള്ളറ്റ് നിയന്ത്രണം വിട്ടുള്ള അപകടത്തിൽ മരിച്ചത് പന്തലായനി സ്വദേശി. മണ്ണാത്ത് മീത്തൽ അജയ് ആണ് മരിച്ചത്. ഇരുപത്തിരണ്ട് വയസായിരുന്നു. നിയന്ത്രണം വിട്ട ബുള്ളറ്റ് ഫുട്‌പാത്തിൽ ഇടിച്ചുകയറിയുകയും ടെലിഫോൺ പോസ്റ്റിൽ യുവാവിന്റെ തല ഇടിക്കുകയുമായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. യുവാവിനൊപ്പമുണ്ടായിരുന്ന പന്തലായനി കനക നിവാസിൽ പരമേശ്വരൻ്റെ മകൻ ഉണ്ണിക്ക് പരിക്കുണ്ട്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചുതാമരശ്ശേരി ഇൻഡസ് മോട്ടോഴ്‌സിൽ മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്നു അജയ്. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. മണ്ണാത്ത് മീത്തൽ സുനിയുടെയും നിഷയുടെയും മകനാണ്.
പേരാമ്പ്ര : വിജയഭേരി മുഴക്കി പേരാമ്പ്രയുടെ വികസന നായകൻ ടി പി രാമകൃഷ്ണൻ്റെ രണ്ടാം ഘട്ട മണ്ഡല പര്യടനം സമാപിച്ചു. പര്യടനത്തിൻ്റെ മൂന്നാം ദിവസമായ ശനിയാഴ്ച രാവിലെ അരിക്കുളം പഞ്ചായത്തിലെ ഏക്കാട്ടൂരിൽ നിന്നാരംഭിച്ച പര്യടനം അമ്പല ഭാഗം, തറമ്മലങ്ങാടി, വാകമോളി, ഊട്ടേരി,കുന്നോത്ത് മുക്ക്, തത്തം വള്ളിപ്പൊയിൽ, കുറുമയിൽ താഴ, നടുവത്തൂർ സ്‌കൂൾ, മാവട്ട്, മുണ്ടോളിത്താഴ, ചൂരക്കാട് സ്വീകരണ കേന്ദ്രങ്ങൾക്ക് ശേഷം ഇരിങ്ങത്ത് പൊതുസമ്മേളനത്തോടെ സമാപിച്ചു. ഓരോ സ്വീകരണ കേന്ദ്രങ്ങളിലും അഭൂതപൂർവമായ ജനക്കൂട്ടമാണ് പങ്കാളികളായത്. മുത്തുക്കുടകളും വാദ്യമേളങ്ങളും വർണബലൂണുകളുംപുഷ്പവൃഷ്ടിയുമായാണ് ജനം സ്ഥാനാർത്ഥിയെ വരവേറ്റത്.
ന്യൂഡൽഹി: ഹരിയാനയിൽ മഹിളാ കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സുചിത്രാ ദേവിക്ക് നിയമസഭാ സീറ്റ് വാഗ്ദാനം ചെയ്ത് പണം കൈപ്പറ്റിയെന്ന ആരോപണത്തിൽ നിയമനടപടിയുമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഗൗരവ് കുമാറിന് എതിരെ കെ സി വേണുഗോപാൽ മാനനഷ്ടകേസ് ഫയൽ ചെയ്തു. കേരള നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ആരോപണമെന്നും തന്റെ സത്കീർത്തിയും പ്രതിച്ഛായയും തകർക്കുകയാണ് ലക്ഷ്യമെന്നും കെ സി വേണുഗോപാൽ പരാതിയിൽ പറയുന്നു. ഹരിയാനയിൽ 2024ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ സംബന്ധിച്ച പരാതി രണ്ടു വർഷം കഴിഞ്ഞ് 2026ൽ മാത്രമാണ് ഉയർന്നുവന്നത്. ഇതു സംബന്ധിച്ച് പത്രസമ്മേളനം നടത്തുകയും പല മാധ്യമങ്ങളിലും വാർത്ത വരികയും ചെയ്തു. കൂടാതെ 23.2.26ൽ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതിയും നൽകി. കൈരളി ന്യൂസ് ഉൾപ്പെടെയുള്ള മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും പ്രതി വ്യാജ വാർത്തകൾ പ്രചരിപ്പിച്ചതായും പരാതിയിൽ പറയുന്നു. വ്യക്തമായ ലക്ഷ്യത്തോടെയാണ് ഈ പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പാക്കുന്നതെന്നും ആരോപിക്കുന്നു. കേരള നിയമസഭാ തെരഞ്ഞെടുപ്പ് അതിന്റെ മൂർധന്യത്തിലേക്കു കടക്കുമ്പോഴാണ് ഇതുവരെ ഇല്ലാതിരുന്ന ആരോപണം പൊട്ടിമുളച്ചത്. യുഡിഎഫ് അധികാരത്തിൽ വരുന്നതു തടയാനുള്ള ഗൂഢാലോചന പരാതിക്കു പിന്നിലുണ്ടെന്നും ദീർഘകാലമായി പൊതുരംഗത്തു പ്രവർത്തിക്കുന്ന താൻ കഠിനാധ്വാനത്തിലൂടെ പടുത്തുയർത്തിയ യശസ് തകർക്കാൻ പരാതിക്കാരന് ലക്ഷ്യമുണ്ടെന്നും സംശയിക്കുന്നു. മുമ്പ് അയച്ച വക്കീൽ നോട്ടീസിന് മറുപടി നൽകുകയോ ആരോപണം പിൻവലിക്കുകയോ ചെയ്യാത്ത സാഹചര്യത്തിലാണ് കെ സി വേണുഗോപാൽ പരാതി ഫയൽ ചെയ്തത്.
തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതി വീട്ടില്‍ ജന്മം നല്‍കിയ കുഞ്ഞ് മരിച്ചതില്‍ ദുരൂഹത. കുഞ്ഞിന്റെ കഴുത്തിലും ശരീരത്തിലും മുറിവുകള്‍ കണ്ടെത്തി. ഇന്ന് ഉച്ചയോടെയായിരുന്നു യുവതി കുഞ്ഞിന് ജന്മം നല്‍കിയത്. അമിത രക്തസ്രാവത്തെ തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആശുപത്രി അധികൃതരാണ് സംശയം തോന്നി വിവരം പൊലീസിനെ അറിയിച്ചത്.തിരുനന്തപുരം കാട്ടാക്കട പൂഴനാടാണാണ് സംഭവം നടന്നത്. പ്ലാവിളവീട്ടില്‍ അല്‍ത്താഫിന്റെ ഭാര്യ ഷംന(21)യാണ് ഇന്ന് ഉച്ചയോടെ വീട്ടില്‍ പ്രസവിച്ചത്. പുറത്തു പോയിരുന്ന അല്‍ത്താഫ് വീട്ടില്‍ തിരിച്ചെത്തിയ സമയത്ത് വയറുവേദനയെ തുടര്‍ന്ന് കിടക്കുകയായിരുന്നു ഷംന. ആശുപത്രിയില്‍ പോകണം എന്ന് പറഞ്ഞതോടെ അല്‍ത്താഫ് ഓട്ടോറിക്ഷ വിളിക്കുന്നതിന് പോയി. ഈ സമയത്താണ് ഷംന കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞ് മരിക്കുകയും ചെയ്തിരുന്നു.
ഉള്ളിയേരി: ഉള്ള്യേരിയിൽ ബൈക്ക് ബുള്ളറ്റിലിടിച്ചുണ്ടായ അപകടത്തിൽ ബുള്ളറ്റ് യാത്രികന് പരിക്ക്. നടുവത്തൂർ സ്വദേശിക്കാണ് പരിക്കേറ്റത് എന്നാണ് വിവരം . ഇന്ന് വൈകീട്ട് 7:30 ഓടെ ഉള്ള്യേരി 19 ലായിരുന്നു സംഭവം. പരിക്കേറ്റയാളെ മലബാർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
കൊല്ലം: കുന്നത്തൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കോവൂര്‍ കുഞ്ഞുമോന്റെ റോഡ് ഷോയ്ക്കിടെ കല്ലേറ്. രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. അനന്ദു, ഷാഹിര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.കോവൂര്‍ കുഞ്ഞുമോന്റെ തെരഞ്ഞെടുപ്പ് പര്യടന ജാഥ ഭരണിക്കാവില്‍ എത്തിയപ്പോഴാണ് കല്ലേറുണ്ടായത്. സംഭവത്തിന് പിന്നില്‍ യൂത്ത് കോണ്‍ഗ്രസ് ആണ് എന്നാണ് എല്‍ഡിഎഫിന്റെ ആരോപണം. യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഡിജെ പരിപാടി നടന്ന സ്ഥലത്തുനിന്നാണ് കല്ലേറുണ്ടായതെന്നാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. അതേസമയം, ആരോപണം നിഷേധിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.