പേരാമ്പ്ര : ലോക്സഭ പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ രാഹുൽഗാന്ധി നാളെ ചൊവ്വാഴ്ച കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചരണ യോഗങ്ങളിൽ പ്രസംഗിക്കും. 31 ന് വൈകീട്ട് 4 മണിക്ക് കൊയിലാണ്ടിയിൽ നടക്കുന്ന റോഡ് ഷോയിലാണ് രാഹുൽ ഗാന്ധി പങ്കെടുക്കുന്നത്. ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി അഡ്വ കെ. പ്രവീൺ കുമാറിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണം കടുപ്പിക്കാനാണ് രാഹുൽ ഗാന്ധിയുടെ വരവ്. കൊയിലാണ്ടിയ്ക്ക് പുറമേ പേരാമ്പ്ര, കോഴിക്കോട്, നാദാപുരം, ബാലുശ്ശേരി, നന്മണ്ട തുടങ്ങിയ സ്ഥലങ്ങളിലും രാഹുൽ ഗാന്ധി സന്ദർശിക്കുന്നുണ്ട്. പേരാമ്പ്ര നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ഫാത്തിമ തെഹിലിയയുടെ പ്രചരാണാർത്ഥം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ചൊവ്വാഴ്‌ച പേരാമ്പ്രയിൽ എത്തും. ഉച്ചക്ക് 12 മണിക്ക് കല്ലാച്ചിയിൽ പ്രത്യേകം തയ്യാറാക്കിയ ഹെലിപാഡിൻ ഇറങ്ങുന്ന രാഹുൽ ഗാന്ധി യു ഡി എഫിന്റെ പ്രചരണ ബസായ ഇന്ദിര ഗാരണ്ടി ബസിൽ റോഡ് മാർഗമാണ് പേരാമ്പ്രയിൽഎത്തുക. ഉച്ചക്ക് 1 മണിക്ക് പേരാമ്പ്രയിൽ എത്തുന്ന രാഹുൽ ഗാന്ധി ചെമ്പ്ര റോഡിൽ മാർക്കറ്റ് ഫഡ് ഗ്രൗണ്ടിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് ജനങ്ങളെ അഭിസംബോധന ചെയ്യുക. രാഹുൽ ഗാന്ധിയുടെ സന്ദർശന പ്രമാണിച്ച് വടക്ക് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ ചേനായി റോഡിലും തെക്ക് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ ബൈപ്പാസിൽ ഇ എം എസ് ജംഗഷൻ വരെയുമായി പാർക്ക് ചെയ്യണമെന്നും വടകര ഭാഗത്ത് നിന്നും ചെമ്പ്ര ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ പട്ടണത്തിൽ പ്രവേശിക്കാതെ പാർക്ക് ചെയ്യണമെന്നും തെരഞ്ഞെടുപ്പ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു
പുതുപ്പാടി: പുതുപ്പാടി പഞ്ചായത്തിലെ കാക്കവയലിൽ ലഹരിമരുന്നിന് അടിമയായ യുവാവ് തൂമ്പയുമായി നാട്ടുകാർക്ക് നേരെ നടത്തിയ പരാക്രമത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്. കാക്കവയൽ വട്ടപ്പറമ്പിൽ നിഷാദ് (40) ആണ് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ആക്രമണത്തിൽ ചാമപ്പുറായിൽ റഷീദിൻ്റെ കൈ ഒടിഞ്ഞുഇന്ന് രാവിലെ സ്കൂൾ ബസ് കാത്തുനിൽക്കുകയായിരുന്ന കുട്ടികൾക്ക് നേരെ നിഷാദ് തൂമ്പ വീശുകയായിരുന്നു. ഭയന്നോടിയ കുട്ടികൾ ബഹളം വെച്ചതോടെ ഓടിയെത്തിയതായിരുന്നു പിതാവായ റഷീദ്. ഇയാളുടെ തലയ്ക്ക് നേരെ നിഷാദ് തൂമ്പ കൊണ്ട് അടിക്കാൻ ശ്രമിച്ചു. ഇത് കൈകൊണ്ട് തടയുന്നതിനിടെയാണ് റഷീദിന് പരിക്കേറ്റത്. റഷീദിൻ്റെ കൈയിലെ എല്ലിന് ഒടിവുണ്ട്. പരാക്രമത്തിനിടെ ആളുകളുടെ പിന്നാലെ ഓടുന്നതിനിടയിൽ റോഡിൽ വീണ് നിഷാദിനും പരിക്കേറ്റു. തുടർന്ന് നാട്ടുകാരും ബന്ധുക്കളും ചേർന്ന് ഇയാളെ കൈകാലുകൾ കെട്ടിയിട്ടാണ് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിക്ക് അകത്തും ഇയാൾ വൻതോതിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.പിന്നീട് പോലീസ് സ്ഥലത്തെത്തി ഇയാളെ ആംബുലൻസിൽ കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ഏറെക്കാലം വിദേശത്തായിരുന്ന നിഷാദ് എം.ഡി.എം.എ ഉൾപ്പെടെയുള്ള മാരക ലഹരിമരുന്നുകൾ ഉപയോഗിക്കുന്നയാളും വിൽപനക്കാരനുമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. സംഭവത്തിൽ താമരശ്ശേരി പോലീസ് തുടർനടപടികൾ സ്വീകരിച്ചു വരുന്നു.
ആലപ്പുഴ: കഞ്ചാവുൾപ്പെടെയുള്ള ലഹരിമരുന്നുകൾ ഉപയോഗിച്ചശേഷം സമൂഹമാധ്യമങ്ങളിലൂടെ വീരപരിവേഷം നേടാനായി പള്ളി സെമിത്തേരിയിൽ അതിക്രമിച്ചുകയറി റീൽസ് ചിത്രീകരിച്ച പ്രതികളെ ആലപ്പുഴ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. സഞ്ചയ് സത്യൻ (18), സച്ചിൻ സത്യൻ (18), അൻസിൽ (18) എന്നിവരാണ് പിടിയിലായത്. ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവയിലൂടെ ഇവർ ചിത്രീകരിച്ച ദൃശ്യങ്ങൾ പ്രചരിപ്പിച്ചിരുന്നു. കഴിഞ്ഞദിവസം ആലപ്പുഴ പൂന്തോപ്പ് പള്ളിയുടെ സെമിത്തേരിയിലായിരുന്നു സംഭവം. പള്ളി അധികാരികളുടെ പരാതിയിൽ നോർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് സിസിടിവി ക്യാമറകൾ ഉൾപ്പെടെ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. കൃത്യത്തിന് ശേഷം നാട്ടിൽനിന്നും മുങ്ങി പുനലൂർ, കായംകുളം തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞുവന്നിരുന്ന പ്രതികളെ അതിസാഹസികമായാണ് പോലീസ് പിടികൂടിയത്. പ്രതികൾക്ക് ലഹരിമാഫിയകളുമായി അടുത്ത ബന്ധമുണ്ടെന്നും ഇവരുടെ അറസ്റ്റിലൂടെ കൂടുതൽ കുറ്റക്കാരെ കണ്ടെത്താൻ പോലീസിന് കഴിയുമെന്നും ഇൻസ്പെക്ടർ എം ജെ അരുൺ അറിയിച്ചു. പിടിയിലായവർ കഞ്ചാവ്, അടിപിടി തുടങ്ങി സമാനമായ നിരവധി കേസുകളിൽ ഉൾപ്പെട്ടവരും ജയിൽശിക്ഷ അനുഭവിച്ചവരുമാണ്.
കൊയിലാണ്ടി: ഉള്ളിയേരിയിൽ നിന്നും കാണാതായ പ്ലസ് ടു, എസ്.എസ്. എൽ.സി വിദ്യാർത്ഥികളെ 16 ദിവസത്തെ തിരച്ചിലിനൊടുവിൽ ബംഗളുരുവിലെ യശ്വന്തപുരയിൽ കണ്ടെത്തി. മാർച്ച് 13-ന് വീടുവിട്ടിറങ്ങിയ കുട്ടികൾ മംഗലാപുരം, ഡൽഹി, കണ്ണൂർ, ഊട്ടി എന്നിവിടങ്ങളിലൂടെ സഞ്ചരിച്ചാണ് ഒടുവിൽ ബംഗളുരുവിൽ എത്തിയത്. കൈവശമുണ്ടായിരുന്ന സ്വർണം പണയം വെച്ച ബാക്കി പണം വാങ്ങാൻ എത്തിയപ്പോഴാണ് കുട്ടികളെ തിരിച്ചറിഞ്ഞത്. ആൾ ഇന്ത്യ കെഎംസിസി ബംഗളുരു ജ.സെക്രട്ടറി എംകെ നൗഷാദ് സാഹിബിനെ അത്തോളി പോലീസ് വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിലുള്ള നിർദ്ദേശ പ്രകാരം വി.കെ നാസർ, അർഷാദ്, റിയാസ് ക്വാലിറ്റി, മഹ്മൂദ് വി.കെ, താജു യശ്വന്തപുര, ഹമീദ്, മഹ്മൂദ് വി.കെ, അഷ്റഫ് (സെക്രട്ടറി, കരാവലി ഇക്ക്യാത്ത വേദികെ) തുടങ്ങിയ പ്രവർത്തകർ റെയിൽവേ സ്റ്റേഷനുകളും സി.സി.ടി.വി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ ഊർജിത തിരച്ചിലാണ് കുട്ടികളെ കണ്ടെത്തിയത്. കോഴിക്കോട് റൂറൽ എസ്‌പി ഫാറാഷ് ഐപിസ്, പേരാമ്പ്ര ഡിവൈഎസ്‌പി ആഗസ്റ്റിൻ എന്നിവരുടെ മേൽനോട്ടത്തിൽ അത്തോളി പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ സജിത്ത്. എം ആണ് കേസിന്റെ അന്വേഷണം നടത്തിയത്.കോഴിക്കോട്, എറണാകുളം, മലപ്പുറം, മംഗലാപുരം, ബാംഗ്ലൂർ, ചെന്നൈ, ഡൽഹി എന്നിവിടങ്ങളിലെ നൂറുകണക്കിന് സിസിടിവി ദൃശ്യങ്ങളും മറ്റും അന്വേഷണത്തിൻ്റെ ഭാഗമായി പോലീസ് പരിശോധിച്ചിരുന്നു. പോലീസ് കൊടുത്ത വിവരത്തിന്റെ അടിസ്ഥാനത്തിൽ ബാംഗ്ലൂരിലുള്ള കെ.എം.സി.സി.എന്ന സംഘടനയാണ് കുട്ടികളെ ബാംഗ്ലൂരിൽ കണ്ടു തിരിച്ചറിയുകയായിരുന്നു.
കോഴിക്കോട്: കോഴിക്കോട് ട്രെയിനിന് നേരെയുണ്ടായ കല്ലേറില്‍ യാത്രക്കാരിയായ വിദ്യാര്‍ഥിനിയ്ക്ക് ഗുരുതര പരിക്ക്. പുറമേരി സ്വദേശി ഐശ്വര്യ രാമകൃഷ്ണനാണ് പരിക്കേറ്റത്. വിദ്യാര്‍ഥിനിയുടെ താടിയെല്ലിന് പൊട്ടലുണ്ട്. രണ്ട് പല്ലുകളും പൂര്‍ണമായി നഷ്ടമാകുകയും രണ്ടെണ്ണം പൊട്ടിപ്പോകുകയും ചെയ്തു. ഇന്നലെ രാത്രിയായിരുന്നു സംഭവം. കണ്ണൂര്‍ എക്‌സിക്യുട്ടീവ് എക്‌സ്പ്രസിനുനേരെയാണ് കല്ലേറുണ്ടായത്. വിദ്യാര്‍ഥിനി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ആലുവ യു.സി കോളേജിലെ ബിരുദ വിദ്യാര്‍ഥിനിയ്ക്കാണ് പരിക്കേറ്റത്. കോളേജ് കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്ന സമയത്താണ് കല്ലേറുണ്ടാകുകയും പരിക്കേല്‍ക്കുകയും ചെയ്തത്. കടലുണ്ടിക്കും ഫറൂക്കിനും ഇടയില്‍വെച്ചാണ് കല്ലേറുണ്ടായത്. കല്ലെറിഞ്ഞത് ആരാണെന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. ഈ ട്രയിനിന് മുമ്പ് കടന്നുപോയ വന്ദേഭാരത് എക്‌സ്പ്രസിനുനേരെയും കല്ലേറുണ്ടായിരുന്നു.
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഒരേദിശയിലേക്ക് പോകുകയായിരുന്ന ബസിനും ലോറിയ്ക്കും ഇടയില്‍ ബൈക്ക് കുടുങ്ങി അപകടം. ദേശീയപാതയില്‍ ശോഭിക വെഡ്ഡിങ് സെന്ററിന് സമീപം ഇന്ന് രാവിലെ 8.45 ഓടെയായിരുന്നു അപകടം. അപകടത്തില്‍ ബൈക്ക് യാത്രികന് പരിക്കുണ്ട്. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്നു മൂന്ന് വാഹനങ്ങള്‍. ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ബൈക്ക് ലോറിയ്ക്കുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു.
ഉള്ളിയേരി: കുന്നത്തറയുടെ അക്ഷര സാക്ഷാത്കാരമായി നൂറു വർഷം മുമ്പ് ആരംഭിച്ച കുന്നത്തറ എ.എം.എൽ.പി സ്കൂൾ വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പൂർവവിദ്യാർത്ഥി സംഗമം, കുട്ടികളുടെയും രക്ഷിതാക്കളുടെയും വിവിധ കലാപരിപാടികൾ, കലാകാരൻമാരുടെ ദേശീയ സംഘടനയായ നൻമയുടെ അത്തോളി യൂണിറ്റ് അവതരിപ്പിച്ച ഫോൾ ക്കസ്ട്ര എന്നിവ ആഘോഷപരിപാടികളുടെ ഭാഗമായി.'കലോപ്സിയ 202 6' എന്ന പേരിൽ നടത്തിയ ആഘോഷ പരിപാടികൾ പൃഥ്വീരാജ് മൊടക്കല്ലൂർ ഉദ്ഘാടനം ചെയ്തു. 'പി.ടി.എ. പ്രസിഡൻ്റും ചിത്രകാരനുമായ ജിജുലാൽ ബോധി അധ്യക്ഷനായി.പി.വി. ഭാസ്കരൻ കിടാവ്, പ്രഥമാധ്യാപകൻ എ. രജിത്, സുനിൽകുമാർ കാവിടുക്കിൽ, പി. എൻ. ദീപ ടീച്ചർ, അനിൽകുമാർ തെക്കേടത്ത്, എസ്.ആർ.ജി കൺവീനർ എം.കെ .ശോഭന എന്നിവർ ആശംസാപ്രസംഗം നടത്തി.
കൊച്ചി : യുവനടിയുടെ പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്ത് അറസ്റ്റിലായി. തൊടുപുഴയിൽ വെച്ചാണ് രഞ്ജിത്തിനെ കസ്റ്റഡിയിൽ എടുത്തത്. പുതിയ ചിത്രത്തിലെ യുവ നടിയാണ് പരാതിക്കാരി. ഈ അടുത്ത കാലത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. രഞ്ജിത്ത് നിലവിൽ തൊടുപുഴ പൊലീസിൻ്റെ കസ്റ്റഡിയിൽ ആണ്. കൊച്ചി പൊലീസിന് ഉടൻ കൈമാറും.
ന്യൂഡൽഹി: രാജ്യത്ത് വീണ്ടും പാചക വാതക വില വർദ്ധിച്ചു. വാണിജ്യ സിലിണ്ടറിനാണ് വില വർദ്ധിച്ചത്. 19 കിലോഗ്രാം വരുന്ന വാണിജ്യ സിലിണ്ടറിന് ഡൽഹിയിൽ 195.50 രൂപയാണ് കൂട്ടിയത്. ഇതോടെ ഇന്ന് മുതൽ 19 കിലോയുടെ ഒരു എൽപിജി വാണിജ്യ ഗ്യാസിൻ്റെ വില 2,078 ആയി. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് രാജ്യത്ത് എൽപിജി ക്ഷാമം രൂക്ഷമാകുന്നതിനിടയിലാണ് ഇപ്പോഴത്തെ വില വർദ്ധന. കഴിഞ്ഞ മാർച്ചിൽ 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 114.5 രൂപ കൂട്ടിയിരുന്നു. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിലാണ് വീണ്ടും വില വർദ്ധിച്ചത്. അതേ സമയം ഗാർഹിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന എൽപിജിയിൽ വില വർദ്ധനവില്ല.
കൊച്ചി: സുരേഷ് ഗോപിക്ക് കോടതിയിൽ കനത്ത തിരിച്ചടി. തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളാനാവില്ലെന്നും തൃശൂരിലെ ലോക്‌സഭാംഗത്വം റദ്ദാക്കണം എന്ന ആവശ്യം നിലനിൽക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഹര്‍ജി നിലനില്‍ക്കില്ലെന്ന സുരേഷ് ഗോപിയുടെ ഉപഹര്‍ജി കോടതി തള്ളി. സിപിഐ നേതാവിന്റെ ഹര്‍ജിയില്‍ സുരേഷ് ഗോപി വിചാരണ നേരിടണം. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് നടപടി. ഇതോടെ സിപിഐ നേതാവിന്റെ ഹര്‍ജിയില്‍ സുരേഷ് ഗോപി വിചാരണ നേരിടേണ്ടിവരും.സുരേഷ് ഗോപിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സിപിഐ നേതാവ് എ എസ് ബിനോയ് ഹർജി നൽകിയത്. അതേസമയം, തന്റെ പക്ഷത്ത് ന്യായമുണ്ടെന്നും മേൽക്കോടതിയെ സമീപിക്കുമെന്നും സുരേഷ് ഗോപി പ്രതികരിച്ചു. ന്യായം കോടതിയെ ബോധിപ്പിക്കും. കേസ് കൊടുത്തവർക്ക് അവകാശമുള്ളതുപോലെ തങ്ങൾക്കും മേൽക്കോടതിയെ സമീപിക്കാൻ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.