വാഷിങ്ടൺ/തെഹ്റാൻ: ലോകത്തെ മുൾമുനയിൽ നിർത്തിയ പ്രസ്താവന യുദ്ധങ്ങൾക്കും യുദ്ധ സന്നാഹങ്ങൾക്കും ഒടുവിൽ, ഇറാനുമായി രണ്ടാഴ്ച വെടിനിർത്തൽ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനും ഈ തീരുമാനം അംഗീകരിച്ചു.പാകിസ്താൻ പ്രധാനമന്ത്രി ശഹബാസ് ശരീഫ്, ഫീൽഡ് മാർഷൽ ആസിം മുനീർ എന്നിവരുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് ഈ തീരുമാനമെന്നും ട്രംപ് വ്യക്തമാക്കി. ഹുർമുസ് കടലിടുക്ക് താൽക്കാലികമായി പൂർണ്ണമായും തുറക്കാൻ ഇറാൻ സമ്മതിച്ചതായി പാകിസ്താൻ അറിയിച്ചു.
വെഞ്ഞാറമൂട്: വിനോദയാത്ര ക്കെത്തിയ പത്ത് വയസുകാരന്‍ അമ്യൂസ്‌മെന്റ് പാര്‍ക്കിലെ പൂളിൽ മുങ്ങി മരിച്ചു. വിതുര തേവിയോട് മാതളം നെല്‍സാ ഹൗസില്‍ നബീഷിന്റെയും, ധന്യയുടെയും മകന്‍ അഖുല്‍ ശിവയാണ് മരിച്ചത്. ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് സംഭവം. ബന്ധുക്കളായ 11 പേര്‍ക്കൊപ്പമാണ് കുട്ടി പാര്‍ക്കിലെത്തിയത്. ഉച്ച ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ കുട്ടി പൂളിലേക്ക് എടുത്ത് ചാടിയപ്പോൾ ഭക്ഷണം ശ്വാസ കോശത്തില്‍ കുടുങ്ങി, ഛര്‍ദ്ദിയും ദേഹാസ്വാസ്ഥ്യവുമുണ്ടായതാണ് മരണ കാരണമെന്ന് പറയപ്പെടുന്നു. ജീവനക്കാര്‍ ഉടന്‍ കുട്ടിയെ പുറത്തെടുത്ത് പ്രഥമ ശുശ്രൂഷകള്‍ നല്‍കിയ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും മരണം സംഭവിച്ചു. പിരപ്പന്‍കോടുള്ള സ്വകാര്യ വിനോദ സഞ്ചാര കേന്ദ്രത്തില്‍വെച്ചാണ് സംഭവം. വിതുര ഗവ യുപിഎസിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ച അഖുല്‍. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി
കോഴിക്കോട്:തൊണ്ടയാട് ജംഗ്ഷനിൽ മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. യുവാവിന് തലക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് 11:10 മണിക്ക് തൊണ്ടയാട് ജംഗ്ഷൻ മൈ ജി ഷോറൂമിന് എതിർവശത്തായിരുന്നു അപകടം. രണ്ടു സ്കൂട്ടറും ഒരു കാറും തമ്മിലാണ് കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. മുന്നിൽ പോകുന്ന കാർ പെട്ടെന്ന് ബ്രേക്ക് ഇട്ടതാണ് അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികൾ പറയുന്നു. KL57 G 182 എന്ന സ്കൂട്ടറിൽ സഞ്ചരിച്ച യുവാവിനാണ് ഗുരുതരമായി പരിക്കേറ്റത്. പരിക്കേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി.അപകടത്തിൽ പരിക്കേറ്റ ആളെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല.
പാലക്കാട്: കണ്ണാടി പഞ്ചായത്തിൽ ബി.ജെ.പി വോട്ടർമാരെ പണം നൽകി സ്വാധീനിക്കുന്നുവെന്ന പരാതിയുമായി കോൺഗ്രസ്. ബി.ജെ.പി സ്ഥാനാർത്ഥി ഒരു മരണ വീട്ടിൽ പോയി തിരിച്ചുവരും വഴി സമീപത്തുള്ള വയോധികയ്ക്ക് അയ്യായിരം രൂപ നൽകിയെന്നാണ് കോൺഗ്രസ് ആരോപണം. ഇതിൻ്റെ ദൃശ്യങ്ങളും കോൺഗ്രസ് പുറത്തുവിട്ടിട്ടുണ്ട്. ശോഭ സുരേന്ദ്രന് ഒപ്പമുണ്ടായിരുന്ന സ്ത്രീയാണ് പണം നൽകിയത്. കോൺഗ്രസ് പ്രവർത്തകർ ഇത് ചോദ്യം ചെയ്‌തത് പ്രദേശത്ത് വാക്കേറ്റത്തിന് വഴിവെച്ചു. സംഭവവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് ദൃശ്യങ്ങളുൾപ്പെടെ പരാതി സമർപ്പിക്കുമെന്ന് കോൺഗ്രസ് പ്രവർത്തകർ വ്യക്തമാക്കി. കഴിഞ്ഞദിവസം സമീപത്തെ ക്ഷേത്രത്തിലെത്തി അൻപതിനായിരത്തോളം രൂപ അവിടെ നൽകിയെന്നും അവിടെയുള്ള ആളുകൾ തന്നെ ഇത് പറഞ്ഞിട്ടുണ്ടെന്നും കോൺഗ്രസ് ആരോപിച്ചു.
നടുവണ്ണൂർ: പ്രമുഖ ശബ്ദ കലാകാരനും നാടക സാംസ്കാരിക പ്രവർത്തകനും അവതാരകനുമായ തങ്കയം ശശികുമാർ അന്തരിച്ചു. നാടകത്തിന്റെ കളിവിളക്കണയും പോലെ, തങ്കയം ശശികുമാർ എന്ന നാടകകാരന്റെ അപ്രതീക്ഷിത വിടപറയലിൽ വിറങ്ങലിച്ചു നിൽക്കുകയാണ് സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും. ശബ്ദഗാംഭീര്യം കൊണ്ടും അസാമാന്യമായ അഭിനയശൈലി കൊണ്ടും ആസ്വാദക ഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയ ശശികുമാർ, സംവിധാന രംഗത്തും വിസ്മയങ്ങൾ തീർത്തു. കാലം മായ്ക്കാത്ത ഒട്ടനവധി കഥാപാത്രങ്ങളെ അവശേഷിപ്പിച്ച് കൊണ്ടാണ് തങ്കയം കാലയവനികക്കുള്ളിൽ മറയുന്നത് പറമ്പിന്റെ മുകളിൽ വച്ച് സ്കൂട്ടറടിച്ച് പരിക്കേറ്റതിനെ തുടർന്ന് കോഴിക്കോട് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശശികുമാറിനെ ഇടിച്ച സ്കൂട്ടർ നിർത്താതെ പോവുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് അന്ത്യം. ബാലുശ്ശേരി ഉള്ളിയേരി മേഖലകളിലെ സാംസ്കാരിക രംഗത്ത് നിറഞ്ഞു നിന്ന തങ്കയം ശശികുമാറിന് മികച്ച ശബ്ദ കലാകാരനുള്ള ഖാൻ കാവിൽ പുരസ്കാരമടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർത്ഥിയായ മകൾ അഭിനയയും നാടക കലാരംഗത്ത് പ്രവർത്തിക്കുന്നു. അഭിനയയെ കൂടാതെ ഒരു മകനുമുണ്ട്. പറമ്പിന്റെ മുകളിലാണ് വീട്. വൈകിട്ട് വീട്ടു വളപ്പിൽ സംസ്കാരം നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്തിലെ പന്തിരിക്കര ടൗണിന് സമീപത്തെ ഫാൻ, ഫർണിച്ചർ നിർമ്മാണ യൂണിറ്റിലാണ് തീപ്പിടിത്തം പന്തിരിക്കര കൂടാത്താങ്കണ്ടി സൂപ്പിയുടെ ഉടമസ്ഥതയിലുളള മിറാനോ ഫാ ൻ നിർമ്മാണ യൂണിറ്റ്. ഫർണിച്ചർ നിർമ്മിക്കാനുള്ള മരങ്ങളും ഫാൻ നിർമ്മാണ സാധനങ്ങളും കത്തി നശിച്ചു. മൂന്നു മണിക്കൂറോളം സമയമെടുത്താണ് തീ അണക്കാൻ സാധിച്ചത്. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 12:30 - ഓടെ യാണ് സംഭവം തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നു. 60ലക്ഷത്തോളം രൂപയുടെ നഷ്ടമു ണ്ടായതായിസൂപ്പി പറഞ്ഞു. പേരാമ്പ്ര, നാദാപുരം എന്നിവിടങ്ങളിൽ നിന്നും അഗ്നിരക്ഷാ സേന സ്ഥലതെത്തിയിരുന്നു. സ്റ്റേഷൻ ഓഫീസർ മാരായ പി.കെ ഭരതൻ , വരുൺ എന്നിവർ നേത്യത്വം നൽകി.
കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിക്ക് സമീപം കെ.എസ്.ആർ.ടി.സി ബസ്സിടിച്ച് സ്കൂട്ടർ യാത്രികയായ വീട്ടമ്മ മരിച്ചു.അണ്ടോണ വേങ്ങേരി മീത്തൽ കരീമിൻ്റെ ഭാര്യ മുബഷിറ (44) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരത്തോടെ യായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസ് മുബഷിറ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ടു മറിഞ്ഞ സ്കൂട്ടറിൽ നിന്നും ബസ്സിൻ്റെ പിൻചക്രം ദേഹത്ത് കയറി സംഭവ സ്ഥലത്തുവെച്ച് തന്നെ മരണം സംഭവിച്ചു.മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
തിരുവനന്തപുരം: വിഷു തിരക്ക് പ്രമാണിച്ച് കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റയിൽവേ. ചെന്നൈ സെൻട്രൽ-മംഗലാപുരം-ചെന്നൈ എഗ്മോർ, മംഗലാപുരം-തിരുവനന്തപുരം നോർത്ത്-മംഗലാപുരം ട്രെയിനുകളാണ് പ്രഖ്യാപിച്ചത്. ട്രെയിൻ നമ്പർ 06127 ചെന്നൈ സെൻട്രൽ-മംഗലാപുരം സ്പെഷ്യൽ ഇന്ന് രാത്രി 11.55നാണ് ചെന്നൈയിൽ നിന്ന് പുറപ്പെടുക. നാളെ (ഏപ്രിൽ 9) വൈകുന്നേരം നാല് മണിക്കാണ് മംഗലാപുരത്തെത്തുക. മടക്ക ട്രെയിൻ 06128 മംഗലാപുരം-ചെന്നൈ എഗ്മോർ സ്പെഷ്യൽ നാളെ രാത്രി എട്ട് മണിയോടെ മംഗലാപുരത്ത് നിന്ന് പുറപ്പെടും. അടുത്ത ദിവസം(ഏപ്രിൽ 10) ഉച്ചയ്ക്ക് 12.30-ാടെ ചെന്നൈ എഗ്മോറിലെത്തും. കേരളത്തിൽ പാലക്കാട്, ഷൊർണുർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസർഗോഡ് എന്നിങ്ങനെയാണ് സ്റ്റോപ്പുകൾ.അന്നേ ദിവസം (ഏപ്രിൽ 10) മംഗലാപുരത്തേക്ക് വീണ്ടും ട്രെയിൻ യാത്ര പുറപ്പെടും. ട്രെയിൻ നമ്പർ 06153 ചെന്നൈ എഗ്മോർ - മംഗലാപുരം സ്പെഷ്യൽ എഗ്മോറിൽ നിന്നും ഉച്ചയ്ക്ക് 2.30നാണ് പുറപ്പെടുക. അടുത്ത ദിവസം (ഏപ്രിൽ 11) കാലത്ത് 6.55ന് മംഗലാപുരത്തെത്തും. മടക്ക ട്രെയിനായ 06154 വിഷുദിനമായ ഏപ്രിൽ 15നാണ് ചെന്നൈ എഗ്മോറിലേക്ക് യാത്ര തിരിക്കുക. ഏപ്രിൽ 15ന് വൈകുന്നേരം നാല് മണിക്ക് ട്രെയിൻ മംഗലാപുരത്തുനിന്നും പുറപ്പെടും. അടുത്ത ദിവസം രാവിലെ 10.45ന് ചെന്നൈ എഗ്മോറിലെത്തും.
കോഴിക്കോട്: സംസ്ഥാനത്ത് പതിനാറാം കേരള നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കവെ വിവിധ ജില്ലകളിൽ വ്യാപകമായി വോട്ടിങ് യന്ത്രങ്ങൾ പണിമുടക്കുന്നു. പല മണ്ഡലങ്ങളിലും വോട്ടെടുപ്പ് നിശ്ചിത സമയത്ത് തുടങ്ങാൻ കഴിയാത്തതും, ആരംഭിച്ചയിടങ്ങളിൽ യന്ത്രങ്ങൾ പാതിവഴിയിൽ നിലച്ചതും വോട്ടർമാരെയും ഉദ്യോഗസ്ഥരെയും ഒരുപോലെ വലച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് കൂടുതൽ പരാതികൾ ഉയർന്നിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് പുരവൂർ 62-ാം നമ്പർ ബൂത്തിൽ യന്ത്രം തകരാറിലായതിനെ തുടർന്ന് പുതിയ മെഷീൻ എത്തിക്കേണ്ടി വന്നു. നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ തിരുവള്ളൂർ 9, ആലുംമൂട് 26 എന്നീ ബൂത്തുകളിലും വോട്ടെടുപ്പ് ഇതുവരെ ആരംഭിക്കാനായിട്ടില്ല. വാമനപുരം മണ്ഡലത്തിലെ ആനാട് എസ്എൻവിഎച്ച്എസിലെ 218-ാം നമ്പർ ബൂത്തിൽ പോളിങ് തുടങ്ങിയെങ്കിലും സാങ്കേതിക തകരാർ മൂലം നിലവിൽ നിർത്തിവെച്ചിരിക്കുകയാണ്.
കോഴിക്കോട് :സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടിംഗ് പുരോഗമിക്കുകയാണ്. സമയം ഉച്ചയ്ക്ക് 1മണിയാവുമ്പോൾ 45.72 % പോളിംഗ് നടന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പോളിംഗ് എറണാകുളം ജില്ലയിലാണ് 44. 47% . കോഴിക്കോട് 41.32 ശതമാനമാണ് പോളിങ്ങ്. കനത്ത ചൂടിനെ അവഗണിച്ചും പലയിടത്തും ബൂത്തുകളിൽ സമ്മതിദായകരുടെ നീണ്ടനിരയാണ് അനുഭവപ്പെടുന്നത്. 38.2 ശതമാനം വോട്ടിംഗ് നടന്ന കാസർകോട് ജില്ലയിലാണ് ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത്. കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി പേരാമ്പ്ര മണ്ഡലങ്ങളിലാണ് ഏറ്റവും കൂടുതൽ പോളിംഗ് നടന്നത്. കൊയിലാണ്ടിയിൽ 40.96% പേർ വോട്ട് ചെയ്തപ്പോൾ പേരാമ്പ്രയിൽ 40.55%പോളിംഗ് ആയി. നാദാപുരത്ത് 40.91% പേരും ബാലുശ്ശേരിയിൽ : 40.56% പേരും വടകരയിൽ 40.24% പെരും വോട്ട് ചെയ്ത് കഴിഞ്ഞു. കുന്ദമംഗലം: 39.82%കൊടുവള്ളി: 39.09%, തിരുവമ്പാടി: 39.58% വടകര: 40.24% കുറ്റ്യാടി: 39.79%, നാദാപുരം : 40.91%, കൊയിലാണ്ടി: 40.96%പേരാമ്പ്ര: 40.55%, ബാലുശ്ശേരി : 40.56% എലത്തൂർ:39.49%, കോഴിക്കോട് നോർത്ത് : 39.75%, കോഴിക്കോട് സൗത്ത്:40.43% നിങ്ങളെ ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ പോളിംഗ് ശതമാനം.