തിരുവനന്തപുരം: സമൃദ്ധിയുടെ കണികണ്ടുണർന്ന് മലയാളികൾ. നാടും നഗരവും വിഷു ആഘോഷത്തിലാണ്. അമ്പലങ്ങളിൽ വിഷുക്കണി ദർശനത്തിന് വൻ ഭക്തജനത്തിരക്കാണ് ഉള്ളത്. അതേസമയം ഗുരുവായൂരപ്പനെ കണികാണാനെത്തിയത് പതിനായിരങ്ങൾ ആയിരുന്നു. ഗുരുവായൂരപ്പനെ കണികണ്ട് തൊഴാൻ ഇന്ന് ലക്ഷക്കണക്കിന് ഭക്തർ ഗുരുവായൂർ ക്ഷേത്രത്തിൽ എത്തും. ഭക്തർക്ക് സുഗമമായ വിഷുക്കണി ദർശനത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. പുലർച്ചെ 2.55മുതൽ 3.55 വരെയാണ് വിഷു കണി ദർശനം നടന്നത്. തുടർന്ന് നിർമ്മാല്യം ,അഭിഷേകം ഉൾപ്പെടെ പതിവ് പൂജകളും ദർശനവും. പൊതുവരിയിൽ കാത്തിരിക്കുന്ന ഭക്തർക്കാകും ദർശനത്തിന് മുൻഗണന. തിരക്ക് പരിഗണിച്ച് പ്രത്യേക ദർശന സൗകര്യമുള്ള സീനിയർ സിറ്റിസൻ , പ്രാദേശികം വിഭാഗങ്ങളുടെ ദർശനം ആദ്യമെത്തുന്ന 500 പേർക്ക് വീതമായി ടോക്കൺ മുഖേനെപരിമിതപ്പെടുത്തും. പ്രാദേശിക വിഭാഗക്കാർക്ക് പടിഞ്ഞാറേ ഗോപുരത്തിന് പുറത്തു നിന്നും മുതിർന്ന പൗരൻമാർക്ക് ഭഗവതി ക്ഷേത്രത്തിന് പുറത്തെ നെയ്യ് വിളക്ക് കൗണ്ടർ വഴി പുലർച്ചെ 3.30 മുതൽ ദർശനത്തിനായുള്ള ടോക്കൺ നൽകും. ശ്രീകോവിൽ നെയ്യ് വിളക്ക് വഴിപാട് ശീട്ടാക്കുന്ന ഭക്തർക്കുള്ള ദർശനം രാവിലെ 7.30 മുതലാകും. തിരക്കേറിയാൽ നെയ്യ് വിളക്ക് ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തും. അഭൂതപൂർവ്വമായ തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ വിഷു ദിവസം പുലർച്ചെ മുതൽ തന്നെ കിഴക്കേ നടയിലൂടെ ഭക്തരുടെ സഞ്ചാരം ക്രമീകരിക്കും. ദീപസ്തംഭത്തിന് മുന്നിൽ നിന്ന് ദർശനം തേടുന്നവർക്ക് വൺവേ സമ്പ്രദായം ഏർപ്പെടുത്തും. തിരക്ക് കുറയുന്നതിണ് അനുസരിച്ച് നിയന്ത്രണങ്ങളിലും ഇളവ് ഉണ്ടാകും.ക്രമാതീതമായ ഭക്തജന തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ ഭക്തരുടെ സുരക്ഷ ഉറപ്പാക്കാൻ ക്ഷേത്രം സുരക്ഷാ ജീവനക്കാർക്ക് പുറമെ കൂടുതൽ പൊലീസും രംഗത്തുണ്ട്.
കൊയിലാണ്ടി: ഏപ്രിൽ 14 ദേശീയ അഗ്‌നിരക്ഷാ ദിനത്തോടനുബന്ധിച്ച് കൊയിലാണ്ടി അഗ്നിരക്ഷാനിലയം വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വാരാചരണത്തിന്റെ ഭാഗമായി നിലയത്തിനു കീഴിലുള്ള വാഹനങ്ങളുടെ റോഡ് ഷോയും വിവിധ ഇടങ്ങളിൽ അഗ്‌നി സുരക്ഷയെപ്പറ്റിയുള്ള ബോധവത്കരണ അനൗൺസ്മെന്റും നടത്തി.സ്റ്റേഷൻ ഓഫീസർ ബിജു വി.കെ പതാക ഉയർത്തി. 1944 ഏപ്രിൽ 14ന് മുംബൈ വിക്ടോറിയ തുറമുഖത്ത് ചരക്കുമായി വന്ന ബ്രിട്ടീഷ് കപ്പലിന് തീപിടിച്ചതിനെ തുടർന്നുണ്ടായ പൊട്ടിത്തെറിയിലും അഗ്‌നിബാധയിലും തുറമുഖം കത്തിയമരവെ അഗ്‌നിശമന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട 66 അഗ്‌നി രക്ഷാ സേനാംഗങ്ങൾ ജീവൻ ബലി നൽകേണ്ടിവന്നതിൻ്റെ ഓർമ്മ പുതുക്കുന്ന ദിനം കൂടിയാണിത്. ജീവൻ ബലിയർപ്പിച്ച അഗ്‌നിരക്ഷാ സേന അംഗങ്ങൾക്കുള്ള ആദരവായി ഇന്ത്യയിൽ ഏപ്രിൽ 14ന് സർവീസ് ഡേ ആയി ആചരിക്കുന്നു.
വടകര: ദേശീയപാത 66-ൽ വടകര പാലോളിപ്പാലത്തിന് സമീപം ടിപ്പർ ലോറി ഇടിച്ച് കൂറ്റൻ ദിശാസൂചക ബോർഡ് തകർന്നു വീണു. ഇന്ന് പുലർച്ചെയാണ് അപകടം നടന്നതെന്ന് കരുതപ്പെടുന്നു. അപകടത്തിൽ ലോറി ഡ്രൈവർക്ക് പരിക്കേറ്റു. ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.നിയന്ത്രണം വിട്ട ഭാരത് ബെൻസ് ടിപ്പർ ലോറി റോഡിന് സൈഡിലെ മീഡിയറിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ഇതേ തുടർന്ന് ഹൈവേയിലെ വലിയ ദിശാസൂചക ബോർഡ് സ്ഥാപിച്ചിരുന്ന ഇരുമ്പ് തൂണിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ കൂറ്റൻ ബോർഡ് ലോറിയുടെ ക്യാബിന് മുകളിലേക്ക് തകർന്നു വീണു. ലോറിയുടെ മുൻഭാഗം പൂർണ്ണമായും തകർന്നിരിക്കുകയാണ്.ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ക്യാബിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുത്തത്. ബോർഡ് വീണതിനെത്തുടർന്ന് ദേശീയപാതയിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. പോലീസും ഹൈവേ അതോറിറ്റി അധികൃതരും സ്ഥലത്തെത്തി ക്രെയിൻ ഉപയോഗിച്ച് തകർന്നു വീണ ബോർഡ് നീക്കം ചെയ്തു
പയ്യോളി: കോഴിക്കോട് പയ്യോളിയിൽ യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. അയനിക്കാട് 24-ാം മൈലിന് സമീപം റെയിൽവേ ട്രാക്കിലാണ് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.മൃതദേഹം പൂർണ്ണമായും ഛിന്നഭിന്നമായ നിലയിലാണ്. തിക്കോടി ഭാഗത്തേക്കുള്ള ട്രാക്കിലാണ് ജഡാവശിഷ്ടങ്ങൾ കിടന്നത്. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് പ്രദേശവാസികൾ മൃതദേഹം കണ്ടെത്തിയത്.ഒന്നിലധികം ട്രെയിനുകൾ മൃതദേഹത്തിലൂടെ കയറിയിറങ്ങിയതായി കരുതപ്പെടുന്നു. ശരീരഭാഗങ്ങൾ റെയിൽവേ ട്രാക്കിൽ ദൂരത്തോളം ചിതറിക്കിടക്കുന്നിരുന്നു. പയ്യോളി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹാവശിഷ്ടങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
ആയഞ്ചേരി : വിഷു ആഘോഷങ്ങൾക്കിടെ അമ്പലത്തിൽ കണി വച്ച ശേഷം കുളത്തിൽ കുളിക്കാൻ ഇറങ്ങിയ കാക്കുനി തുലറ്റുന്നട സ്വദേശിയായ ഹേമന്ത് (16) ആണ് മുങ്ങി മരിച്ചത്. നീന്തൽ വശമില്ലാത്ത ഹേമന്ത് കുളത്തിൽ ഉണ്ടായിരുന്ന നീന്താൻ ഉപയോഗിക്കുന്ന തൊണ്ടര ഇട്ട് ഇറങ്ങിയതായിരുന്നു. തൊണ്ടര നീങ്ങി പോയതോടെ കുട്ടി വെള്ളത്തിൽ താഴ്ന്നു പോകുകയായിരുന്നു. കുളത്തിൽ കുളിക്കുകയായിരുന്നവർ ചേർന്നു ഹേമന്തിനെ പുറത്തെടുക്കാൻ ശ്രമം നടത്തി. ഇതിനിടെ വടകര ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ഫയർ ഫോഴ്സ് ഹേമന്തിനെ ഉടൻ തന്നെ വെള്ളത്തിൽ നിന്നും പുറത്തെത്തിച്ചു, ശേഷം ആയഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. വിഷു ആഘോഷങ്ങൾക്കിടയിൽ അപ്രതീക്ഷിതമായി എത്തിയ ഈ വിയോഗം നാടിനെയാകെ ദുഃഖത്തിൽ ആഴ്ത്തിയിരിക്കുകയാണ്. അച്ഛൻ പാറക്ക് താഴെ ബാബു. അമ്മ പ്രേമ, സഹോദരി ശ്രീദിയ. സംസ്കാരം ഇന്ന് രാത്രി 7മണിക്ക് വീട്ടു വളപ്പിൽ.
പയ്യോളി: അയനിക്കാട് 24-ാം മൈൽസിന് സമീപം ട്രെയിനിടിച്ച് മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയെ തിരിച്ചറിഞ്ഞു. അയനിക്കാട് സേവന നഗറിൽ ചെറിയഞ്ചാൽ താരേമ്മൽ രജില (42) യാണ് ട്രെയിനിടിച്ച് മരിച്ചത്.തിക്കോടി ഭാഗത്തേക്കുള്ള ട്രാക്കിലാണ് ചിന്നിച്ചിതറിയ നിലയിൽ മൃതദേഹം കാണപ്പെട്ടത്. ഇന്ന് രാവിലെ 7 ഓടെയായിരുന്നു സംഭവം.രാജീവൻ ആണ് രജിലയുടെ ഭർത്താവ്. മക്കൾ: തീർഥ, തരുൺ. പിതാവ്: പരേതനായ രാജു. മാതാവ്: ലീല. സഹോദരി: വിജില (ദുബൈ). മീറ്ററുകൾ അകലെ നിന്നാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടർന്ന്, സ്ഥലത്തെത്തിയ പയ്യോളി പോലീസ് നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം വടകര ജില്ല ഗവ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
തിരുവനന്തപുരം: മണ്ഡല പുനര്‍നിര്‍ണയത്തിന് എതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. മണ്ഡല പുനര്‍നിര്‍ണയം എന്ന പേരില്‍ കേന്ദ്ര സര്‍ക്കാര്‍ ധൃതിയില്‍ നടത്താന്‍ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്‌കാരം എന്ന നിലയില്‍ ചുരുക്കി കാണാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത് രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയര്‍ന്നിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെടുന്ന ബില്ലും 2011ലെ സെന്‍സസ് അടിസ്ഥാനമാക്കി മുന്നോട്ടുവെക്കുന്ന അതിലെ നിര്‍ദ്ദേശങ്ങളും സംസ്ഥാനങ്ങളുടെ അവകാശങ്ങളെയും തുല്യനീതിയേയും സാരമായി ബാധിക്കുന്നതാണ്. സംസ്ഥാനങ്ങളുമായി സമവായത്തില്‍ എത്താതെയാണ് ഇത്തരം നിര്‍ണായക വിഷയത്തില്‍ കേന്ദ്രം മുന്നോട്ട് പോകുന്നത് എന്നതുതന്നെ ആശങ്കാജനകമാണ്', മുഖ്യമന്ത്രി പറഞ്ഞു.
കൊടുവള്ളി:കിഴക്കോത്ത് കച്ചേരിമുക്കിൽ വെച്ച് കാറും സ്കൂട്ടർ ഇടിച്ച് ഉണ്ടായ അപകടത്തെ തുടർന്ന് യുവതി മരണപ്പെട്ടു.തയ്യിൽ തൊടുക മുഹമ്മദ് മുസ്ലിയാരുടെ മകൾ പന്നൂർ പറയരു കണ്ടി ഉമ്മു ഹഫ്സത്ത് (39) ആണ് മരണപ്പെട്ടത്. മാതാവ് : ആയിഷക്കുട്ടി കരുവൻപൊയിൽ. ഭർത്താവ്: റഷീദ് അട്ടക്കുളങ്ങര. മക്കൾ: മുഹമ്മദ് സിനാൻ,ആയിഷ ഹന്ന. സഹോദരങ്ങൾ: ത്വൽഹത്ത് , ഉഖ്ബത്ത്.
പേരാമ്പ്ര: ചെറുവണ്ണൂർ അൽ മദ്രസത്തുൽ ഇസ്ലാമിയയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി ജല തരണം 2026 എന്ന പേരിൽ നീന്തൽ പരിശീലന പരിപാടി ആരംഭിച്ചു. പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിലെ സ്റ്റേഷൻ ഓഫീസർ പി കെ ഭരതൻ പരിശീലനം ഉദ്ഘാടനം ചെയ്തു. മദ്രസ പ്രിൻസിപ്പാൾ കെഎം മുഹിയുദ്ധീൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ റഫീഖ് കാവിൽ, ലിറ്റിൽ ഫ്ലവർ സ്കൂൾ പ്രിൻസിപ്പാൾ എം കെ രാജീവൻ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മദ്രസ വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്ത ഉദ്ഘാടന ചടങ്ങിൽ പി ടി എ പ്രസിഡണ്ട് എം കെ അബ്ദുൽ അസീസ് സ്വാഗതവും ഹസീന നസ്റിൻ നന്ദിയും പറഞ്ഞു.