കോഴിക്കോട്: സരോവരത്ത് ബസ് അറ്റകുറ്റപ്പണിക്കിടെ ജാക്കി തെന്നിമാറി ബസിനടിയിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ തൊഴിലാളി മരിച്ചു. ആലപ്പുഴ സ്വദേശി ഗിരി പ്രസാദ് ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ അന്തരിച്ചത്. സരോവരത്ത് വെച്ച് ബസിനടിയിൽ കയറി റിപ്പയറിങ് ജോലി ചെയ്യുകയായിരുന്നു ഗിരി പ്രസാദും മറ്റൊരു തൊഴിലാളിയും. ഈ സമയത്ത് ബസ് ഉയർത്തി നിർത്തിയിരുന്ന ജാക്കി അപ്രതീക്ഷിതമായി തെന്നി മാറുകയായിരുന്നു. ഇതോടെ ബസിന്റെ ഭാരം മുഴുവൻ ശരീരത്തിലേക്ക് അമർന്ന് ഗിരി പ്രസാദിന് മാരകമായി പരിക്കേറ്റു.അപകടത്തിൽ പരിക്കേറ്റ രണ്ട് തൊഴിലാളികളെയും ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന ഗിരി പ്രസാദിനെ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന തൊഴിലാളി ചികിത്സയിലാണ്. നിലവിൽ ഗിരി പ്രസാദിന്റെ മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.
ഭോപ്പാൽ: വൈറൽ കുംഭമേള താരത്തിന്റെ ഭർത്താവ് ഫർമാൻ ഖാനെതിരെ പോക്സോ കേസ്. മധ്യപ്രദേശ് പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. ദേശീയ പട്ടികവർഗ്ഗ കമ്മീഷന്റെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. കമ്മീഷന്റെ അന്വേഷണത്തിൽ പെൺകുട്ടിക്ക് പ്രായപൂർത്തി ആയില്ലെന്ന കണ്ടെത്തലിന് പിന്നാലെ ആണ് നടപടി. പെൺകുട്ടി ജനിച്ചത് 2009 ഡിസംബർ 30നാണ്. വിവാഹ സമയത്ത് പെൺകുട്ടിക്ക് പ്രായം 16 മാത്രമായിരുന്നു. അതേസമയം കേരളത്തിലെയും മധ്യപ്രദേശിലെയും ഡിജിപിമാർക്ക് ഡൽഹിയിൽ ഹാജരാകാൻ കമ്മീഷൻ നിർദ്ദേശം നൽകി. ഏപ്രിൽ 22ന് ഹാജരാകണം. വിവാഹത്തിന് വ്യാജ ജനന സർട്ടിഫിക്കറ്റ് നിർമിച്ചെന്നും കമ്മീഷൻ.അതേസമയം കുംഭമേളയിലെ വൈറല്‍ താരത്തിന്റെയും കാമുകന്‍ ഫര്‍മാന്‍ ഖാനും തമ്മിലുള്ള വിവാഹം തീർത്തും നിയമപരമെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. പൂവാര്‍ അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തില്‍ സിപിഎം നേതാക്കളുടെ സാന്നിധ്യത്തിൽ നടന്ന ഇവരുടെ വിവാഹം നിയമപരമല്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയടക്കം പോക്സോ കേസിൽ കുടുങ്ങുമെന്നുമെല്ലാമുള്ള പ്രചരണത്തിനാണ് പൊലീസിന്‍റെ സ്ഥിരീകരണം ഉണ്ടായത്. താരത്തിന്റെ പ്രായം 18 തികഞ്ഞെന്നും ഇത് സ്ഥിരീകരിച്ച ശേഷമാണ് വിവാഹത്തിനുള്ള തീരുമാനമെടുത്തതെന്നും തമ്പാനൂർ പൊലീസ് അന്ന് പറഞ്ഞിരുന്നു.തിരുവനന്തപുരം പൂവാർ നൈനാർ അരുമാനൂർ നൈനാർ ക്ഷേത്രത്തൽ വെച്ചായിരുന്നു വിവാഹം. മഹാരാഷ്ട്ര സ്വദേശി മുഹമ്മദ് ഫര്‍മാന്‍ ആണ് വിവാഹം കഴിച്ചത്. നിർബന്ധിച്ച് നാട്ടിലേക്ക് കൊണ്ടുപോകാൻ അച്ഛൻ ശ്രമിക്കുന്നു എന്ന പരാതിയുമായി വൈറൽ താരം തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ അഭയം തേടുകയായിരുന്നു. പൂവാറിലെ ഷൂട്ടിംഗ് സ്ഥലത്ത് നിന്നാണ് താരവും ആൺസുഹൃത്ത് ഫർമാനും എത്തിയത്. പൊലീസ് മൊണാലിസയെ ഫർമാനൊപ്പം അയക്കുകയായിരുന്നു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും വിവാഹത്തിൽ പങ്കെടുത്തിരുന്നു. വിവാഹത്തെ കുടുംബം എതിർത്തതിനെ തുടർന്നാണ് ഇവർ കേരളത്തിൽ അഭയം തേടി എത്തിയത്. കേരളത്തിൽ വിവാഹം നടത്താനാണ് താത്പര്യമെന്നാണ് അന്ന് താരവും ഫർമാനും അറിയിച്ചിരുന്നു.
മലപ്പുറം: കോട്ടയ്ക്കലിന് സമീപം എടരിക്കോട് കോളേജ് പടിയിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. തമിഴ്നാട് സ്വദേശികളായ ഇളയരാജ, ഭാര്യ സരസ്വതി എന്നിവരാണ് മരിച്ചത്.ഇന്ന് ഉച്ചക്ക് രണ്ടരയോടെയാണ് അപകടം നടന്നത്. ഇവർ സഞ്ചരിച്ചിരുന്ന ഗുഡ്‌സ് ഓട്ടോയ്ക്ക് പിന്നിൽ ബസ് ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ഓട്ടോ മുന്നിലുണ്ടായിരുന്ന ലോറിക്കടിയിലേക്ക് ഇടിച്ച് കയറിയതാണ് അപകടത്തിന്റെ ആഘാതം വർധിപ്പിച്ചത്. നാട്ടുകാരും പോലീസും ചേർന്ന് ഉടൻ തന്നെ ഇരുവരെയും പുറത്തെടുത്ത് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ നിലവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു വരുന്നു.
അവിടനല്ലൂർ : അവിടനല്ലൂരിലെ റിട്ടയേർഡ് നഴ്സിംഗ് സൂപ്രണ്ട് പീറ്റകണ്ടി വത്സല (68 ) നിര്യാതയായി. ഭർത്താവ് : ടി.കെ. ബാലകൃഷ്ണൻ (റിട്ട.സബ് റജിസ്ട്രാർ) മക്കൾ ഭവ്യ, ദിവ്യ. മരുമക്കൾ: ലജി രാജ്.(കാരയാട്), അരുൺ.(കണ്ണാടി പൊയിൽ). സംസ്കാരം നാളെ രാവിലെ (11-04-2026 ശനിയാഴ്ച) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.
ഹൂസ്റ്റണ്‍: ചരിത്രദൗത്യം പൂര്‍ത്തിയാക്കി ആര്‍ട്ടെമിസ് 2 തിരിച്ചെത്തി. 54 വര്‍ഷത്തിന് ശേഷമാണ് മനുഷ്യര്‍ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് വീണ്ടും പ്രവേശിച്ചത്. ഭൂമിയില്‍ നിന്നും ദൃശ്യമല്ലാത്ത ചന്ദ്രന്റെ മറുപുറം കൂടി കാണുകയും ചിത്രങ്ങള്‍ പകര്‍ത്തുകയും ശേഷമാണ് ആര്‍ട്ടെമിസ് 2ന്റെ ഒറയോണ്‍ പേടകം തിരിച്ചെത്തിയിരിക്കുന്നത്. പത്ത് ദിവസം നീണ്ട ദൗത്യമായിരുന്നു ആര്‍ട്ടിമെസ് 2വിന്റേത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.07നാണ് പേടകം ഭൗമാന്തരീക്ഷത്തില്‍ പ്രവേശിച്ചത്. പിന്നീട് 5.37ന് പസഫിക് സമുദ്രത്തില്‍ സ്പ്ലാഷ് ഡൗണ്‍ നടന്നു. സാന്റിയാഗോ തീരത്തോട് ചേര്‍ന്നാണ് പേടകം സമുദ്രത്തില്‍ പതിപ്പിച്ചത്.
പേരാമ്പ്ര : ജില്ലയിൽ മൊത്തം മണ്ഡലങ്ങൾ പരിഗണിക്കുമ്പോൾ 2021 നെ അപേക്ഷിച്ചു വോട്ട് വർദ്ധിച്ചതും വോട്ടിംഗ് ശതമാനം വർദ്ധിച്ചതും ബേപ്പൂർ കുന്നമംഗലം മണ്ഡലങ്ങളിലാണ്. ഈ മണ്ഡലങ്ങളിൽ എസ് ഐ ആറിന് ശേഷം ആകെ 10000 ത്തോളം വോട്ടുകൾ വർദ്ധിച്ചപ്പോൾ ബേപ്പൂരിൽ ചെയ്ത വോട്ടുകളുടെ എണ്ണത്തിൽ പതിനെട്ടായിരത്തിന്റെതും കുന്ദമംഗലത്ത് പന്ത്രണ്ടായിരത്തിന്റെതും വർദ്ധനവുണ്ടായി. ഇത്രയും വോട്ടുകൾ വർദ്ധിച്ച ഈ രണ്ട് മണ്ഡലങ്ങളുമാണ് ഇത്തവണ ജില്ലയിൽ നിർണായകമാവുക. മുമ്പെല്ലാം എൽഡിഎഫിനോടൊപ്പം നിന്ന് ഈ മണ്ഡലങ്ങളിൽ നടന്ന കനത്ത പോളിംഗ് അവസാനഘട്ടത്തിൽ വർദ്ധിച്ച വോട്ടുകളിൽ യുഡിഎഫിന് മുൻതൂക്കം ഉണ്ടായിയെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. ഏതായാലും ആര് ജയിച്ചാലും ഈ രണ്ടു മണ്ഡലങ്ങളിലും വലിയ ഭൂരിപക്ഷം ഇത്തവണ പ്രതീക്ഷിക്കേണ്ടതില്ല. ഇത്തവണത്തെ പോളിംഗ് കണക്കിൽ അഞ്ച് ശതമാനത്തിലേറെ വർദ്ധനവ് കാണിക്കുന്ന കോഴിക്കോട് നോർത്ത്, സൗത്ത് മണ്ഡലങ്ങളിലും യഥാർത്ഥത്തിൽ വലിയ പോളിംഗ് നടന്നിട്ടില്ല. എസ് ഐ ആർ ന് ശേഷം ജില്ലയിലെ മറ്റു മണ്ഡലങ്ങളിലെ അപേക്ഷിച്ചു ഏറ്റവും കൂടുതൽ, വോട്ട് കുറഞ്ഞ മണ്ഡലങ്ങളാണ് ഇവ. 2021ലെ അപേക്ഷിച്ച് ജില്ലയിൽ വോട്ടു ചെയ്തവരുടെ എണ്ണം ഏറ്റവും കുറഞ്ഞതും ഈ മണ്ഡലങ്ങളിലാണ്. പേരാമ്പ്രയിൽ കാടിളക്കി പ്രചരണങ്ങൾ നടന്നിട്ടും 2021 ലേതിനേക്കാൾ ഒരു ശതമാനത്തോളം വോട്ട് കുറവാണ് ഇത്തവണ. എങ്കിലും മുൻ തിരഞ്ഞെടുപ്പിന് അപേക്ഷിച്ചു മൊത്തം പോൾ ചെയ്ത വോട്ടിൻ്റെ എണ്ണത്തിൽ 4000 ത്തോളം വോട്ട് കൂടുതലുണ്ട്. 2021ന് അപേക്ഷിച്ച് 8000 ത്തോളം വോട്ട് ഇത്തവണ മണ്ഡലത്തിൽ വർദ്ധിച്ചിരുന്നു. 2021ലെ ആകെ വോട്ട് 198218 ആണെങ്കിൽ 2026 അത് 205970 ആണ്. 2021ൽ 163737 പേരും (82.60%) 2026ൽ 167985 പേരും (81.56%) വോട്ട് ചെയ്തു. ഏറ്റവും ഒടുവിലത്തെ ഈ കണക്കനുസരിച്ച് വോട്ടിംഗിൽ 2021 നെ അപേക്ഷിച്ച് വൻ കുതിപ്പ് പേരാമ്പ്രയിൽ ഉണ്ടായിട്ടില്ല എന്നാണ് വ്യക്തമാവുന്നത്. അതുകൊണ്ടുതന്നെ വോട്ടിംഗ് ശതമാനത്തിന്റെ വർദ്ധനവ് നോക്കി ഇവിടെ വിജയം പ്രവചിക്കാൻ കഴിയുന്നില്ല. അതേസമയം ബാലുശ്ശേരി മണ്ഡലത്തിൽ ഇത്തവണ വോട്ടിംഗ് ശതമാനത്തിൽ തന്നെ മാറ്റമുണ്ടായിട്ടുണ്ട്. 225,249 ആയിരുന്നു 2021ലെ ആകെ വോട്ടർമാർ. അതിൽ 181954 പേർ വോട്ട് ചെയ്തു (80. 78%). ഈ തെരഞ്ഞെടുപ്പിൽ വോട്ടർമാരുടെ എണ്ണത്തിൽ മൂവായിരത്തോളം പേരുടെ വർദ്ധനവായി. ആകെ വോട്ട് 228689. ഇതിൽ 187140 പേരാണ് വോട്ട് ചെയ്തത്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 6000 വോട്ടിന്റെ വർധനവ്. ഇത്തവണ ഒടുവിലത്തെ കണക്ക് പ്രകാരം 81.83% ആണ് പോളിങ്. നേരത്തെയുള്ള വോട്ടിൽ വലിയ വ്യത്യാസമില്ലെങ്കിൽ വർദ്ധിച്ച ആറായിരം വോട്ടിന്റെ ആനുകൂല്യം ആർക്കു വരും എന്നതിന് അനുസരിച്ച് ബാലുശ്ശേരി ഫലം.
അരിക്കുളം: യു.ഡി.എഫ്. പ്രവർത്തകൻ രതീഷ് അടിയോടിയെ പോളിംഗ് ബൂത്തിൽ സി.പി.എം. പ്രവർത്തകർ അക്രമിച്ച് പരിക്കേൽപ്പിച്ചതിൽ പ്രതിഷേധിച്ച് ഊരള്ളൂരിൽ യു.ഡി.എഫ്. പ്രവർത്തകർ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. മുസ്ലീം ലീഗ് നേതാവ് സാജിദ് നടുവണ്ണൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് ശശി ഊട്ടേരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ചെയർമാൻ സി.രാമദാസ് , നാസർ ചാലിൽ, എൻ.കെ. ഉണ്ണിക്കൃഷ്ണൻ, ഇ.കെ. അഹമ്മദ് മൗലവി,സുമേഷ് സുധർമൻഎന്നിവർ സംസാരിച്ചു.
താമരശ്ശേരി : താമരശ്ശേരി ചുരത്തിൽ അഞ്ചാം വളവിൽ ലോറിയും, ആറ് ഏഴ് വളവിന്റെ ഇടയിൽ കെ എസ് ആർ ടി സി ബസ്സും തകരാറിലായി രൂക്ഷമായ ഗതാഗത തടസ്സം നേരിടുന്നുണ്ട്. അവധി ദിവസം ആയതിനാൽ ചുരം കയറുന്ന വാഹനങ്ങളും കൂടുതലുണ്ട്. രണ്ടാം വളവ് മുതൽ മുകളിലേക്ക് വലിയ വാഹനനിരയാണ്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ രേഖപ്പെടുത്തിയത് ഈ വര്‍ഷത്തെ റെക്കോര്‍ഡ് ചൂട്. പാലക്കാട് ജില്ലയിലാണ് ഇന്നലെ ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത്. 40.1°C താപനില ആണ് ഇന്നലെ ജില്ലയില്‍ രേഖപ്പെടുത്തിയത്. സാധാരണയേക്കാള്‍ 3.4 °C താപനില ആണിത്. കൊല്ലം ജില്ലയിലെ പുനലൂരിലും റെക്കോര്‍ഡ് ചൂടാണ് രേഖപ്പെടുത്തുന്നത്. പുനലൂരില്‍ ഇന്നലെ രേഖപെടുത്തിയത് 39.8°C താപനിലയായിരുന്നു അനുഭവപ്പെട്ടത്. ചൂട് കൂടിയതോടെ 12 ജില്ലകളില്‍ ഇന്ന് താപനില മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ്.തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാമെന്നും പൊതുജനങ്ങൾ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പകൽ 10 മണി മുതൽ മൂന്ന് മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മൽസ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, ആൽബനിസം അവസ്ഥയുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.
കൊയിലാണ്ടി: ദേശീയപാതയിൽ കൊയിലാണ്ടി കൊല്ലം പെട്രോൾ പമ്പിന് സമീപം ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ 28 പേർക്ക് പരിക്കേറ്റു. ഇലക്ഷൻ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന പോലീസുകാർ സഞ്ചരിച്ച ടൂറിസ്റ്റ് ബസ്സും കണ്ടെയ്നർ ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ശനിയാഴ്ച പുലർച്ചെ 12:30 ഓടെയായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ബസ്സും ലോറിയും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളുടെയും മുൻഭാഗം പൂർണ്ണമായും തകർന്നു. അപകടത്തിൽ തകർന്ന വാഹനങ്ങളുടെ ക്യാബിനുള്ളിൽ ഡ്രൈവർമാർ കുടുങ്ങിക്കിടന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കൊയിലാണ്ടി അഗ്നിരക്ഷാ സേന ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് വാഹനങ്ങൾ വെട്ടിപ്പൊളിച്ചാണ് ഡ്രൈവർമാരെ പുറത്തെടുത്തത്.എസ്.എഫ്.ആർ.ഒ ഐ. ഷിജി.സംഘം: ബി. ഹേമന്ദ്, ടി.കെ. ഇർഷാദ്, എൻ.പി. അനൂപ്, കെ.പി. നവീൻകുമാർ, ഐ. ഇന്ദ്രജിത്ത്-എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. പരിക്കേറ്റ 28 പേരെയും ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ആരുടെയും പരിക്ക് അതീവ ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ അല്പസമയം ഗതാഗതം തടസ്സപ്പെട്ടു.