കുറ്റ്യാടി: മുള്ളങ്കുന്നിനും കുറ്റ്യാടിക്കുമിടയിൽ കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ചു. ഇന്ന് രാവിലെ ആറുമണിയോടെയാണ് അപകടമുണ്ടായത്. മുള്ളങ്കുന്നു ഭാഗത്തുനിന്ന് കുറ്റ്യാടിയിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. റോഡരികിലെ മതിലിൽ കാർ ശക്തമായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മതിൽ ഭാഗികമായി തകർന്നു. അപകടത്തെ ത്തുടർന്ന് റോഡരികിലെ ജലവിതരണ പൈപ്പ് പൊട്ടുകയും വലിയ തോതിൽ വെള്ളം പുറത്തേക്ക് ഒഴുകുകയും ചെയ്തു.ഉടൻ തന്നെ നാട്ടുകാർ ഇടപെട്ട് വെള്ളം നിയന്ത്രണവിധേയമാക്കിയതിനാൽ കൂടുതൽ നാശനഷ്ടങ്ങൾ ഒഴിവായി.
കൊച്ചി: കുംഭമേള വൈറല്‍ താരത്തെ വിവാഹം ചെയ്ത കേസില്‍ ഉത്തര്‍ പ്രദേശ് സ്വദേശി മുഹമ്മദ് ഫര്‍മാന്‍ ഖാന്‍റെ അറസ്റ്റ് തടഞ്ഞ നടപടി ഹൈക്കോടതി നീട്ടി. അഞ്ചാഴ്ചത്തേക്കാണ് അറസ്റ്റ് തടഞ്ഞ നടപടി ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് നീട്ടിയത്. മുഹമ്മദ് ഫര്‍മാനെതിരെ കേസെടുത്തോ എന്നതില്‍ മധ്യപ്രദേശ് സംസ്ഥാന പൊലീസ് മേധാവിയില്‍ നിന്ന് സ്ഥിരീകരണം ലഭിച്ചില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കുംഭമേള വൈറല്‍ താരത്തിന് പ്രായപൂര്‍ത്തിയായില്ല എന്നതിനാൽ വിവാഹം ചെയ്തതിന് പോക്സോ കുറ്റം ചുമത്തിയാണ് മധ്യപ്രദേശ് പൊലീസ് ഫര്‍മാനെതിരെ കേസെടുത്തത്. പെണ്‍കുട്ടിക്ക് 18 വയസ് തികഞ്ഞുവെന്നാണ് ഫര്‍മാന്‍ ഹൈക്കോടതിയെ അറിയിച്ചത്. 2025 ജൂണില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ നല്‍കിയ ജനന സര്‍ട്ടിഫിക്കറ്റും ഫര്‍മാന്‍ ഹൈക്കോടതിയില്‍ ഹാജരാക്കിയിരുന്നു. മുഹമ്മദ് ഫര്‍മാന്റെയും പെണ്‍കുട്ടിയുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി അടുത്തമാസം 20ന് വീണ്ടും പരിഗണിക്കും.വിവാഹവുമായി ബന്ധപ്പെട്ട് ഇതിനകം കേരള പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തങ്ങള്‍ക്ക് മുന്നില്‍ പെണ്‍കുട്ടിയും വിവാഹം കഴിച്ച ഫര്‍മാനും ഹാജരാക്കിയ രേഖകള്‍ യഥാര്‍ത്ഥമാണെന്നാണ് വിവാഹം രജിസ്റ്റര്‍ ചെയ്ത പൂവാര്‍ പഞ്ചായത്ത് ഓഫീസിലെ അധികൃതര്‍ പൊലീസിന് നല്‍കിയ മൊഴി. രേഖകളുടെ ആധികാരികത സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി പൂവാര്‍ പൊലീസ് നാളെ സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കും. ദേശീയ പട്ടികവര്‍ഗ കമ്മീഷന്റെയും മധ്യപ്രദേശ് പൊലീസിന്റെയും ഇടപെടലോടെയാണ് കേരളാ പൊലീസും വിവാഹ വിവാദത്തില്‍ അന്വേഷണം തുടങ്ങിയത്.കേരളത്തില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ പെണ്‍കുട്ടിയും വിവാഹം കഴിച്ച ഫര്‍മാന്‍ ഖാനും ഉപയോഗിച്ച സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത സംബന്ധിച്ചാണ് ആദ്യ അന്വേഷണം. ആധാര്‍ കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ്, പാന്‍ കാര്‍ഡ് എന്നിവ പരിശോധിച്ചെന്നും ഇവ പ്രകാരം പെണ്‍കുട്ടിക്ക് 18 വയസ് പൂര്‍ത്തിയായിരുന്നുവെന്ന് ബോധ്യപ്പെട്ടിരുന്നുവെന്നുമാണ് അധികൃതര്‍ മൊഴി നല്‍കിയത്. സര്‍ട്ടിഫിക്കറ്റ് എടുക്കാനായി കൊടുത്ത വിവരങ്ങള്‍ തെറ്റാണോയെന്ന് അറിയില്ലെന്നും മൊഴിയിലുണ്ട്.
നടുവണ്ണൂർ: നടുവണ്ണൂർ ജവാൻ ഷൈജു വളവിൽ വീണ്ടും വാഹനപകടം. കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ യാത്രക്കാരായിരുന്ന ആറുപേർക്ക് പരിക്കേറ്റു. പരിക്കേറ്റ അഞ്ചുപേരും സ്ത്രീകളാണ്. പരിക്കേറ്റവരെ മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്ത് വരികയായിരുന്നു അത്തോളി കോതങ്ങൽ സ്വദേശികൾ സഞ്ചരിച്ച ഓട്ടോറിക്ഷയിലാണ് കാർ നിയന്ത്രണം വിട്ട് ഇടിച്ചുകയറിയത്. കെ എൽ 7633 ഓട്ടോയും കെഎൽ 11 സി ബി 7623 ഗ്രാൻഡ് വിസ്താര കാറുമാണ് അപകടത്തിൽപ്പെട്ടത്. ഓട്ടോയുടെ വലതുവശത്ത് ഇരുന്നവർക്കാണ് കൂടുതൽ പരിക്കേററത്. സംഭവം നടന്ന ഉടനെ പ്രദേശവാസികളും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. അപകട വളവ് എന്ന പേരുകേട്ട ഇവിടെ നിരവധി അപകടങ്ങൾ മുൻപ് നടന്നിട്ടുണ്ട്. നിരവധി ആളുകൾക്ക് ജീവനും നഷ്ടമായിട്ടുണ്ട്.വളവ് നിവർത്താൻ പദ്ധതികൾ ഉണ്ടെങ്കിലും ഒന്നും ഫലപ്രാപ്തിയിൽ എത്തിയിട്ടില്ല.
കായംകുളം: കായംകുളത്ത് വാഹനാപകടത്തില്‍ പെട്ട യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ പൊലീസിന് വീഴ്ചയില്ലെന്ന് റിപ്പോര്‍ട്ട്. കോടതിയില്‍ ഹാജരാകാനുള്ള രേഖ നല്‍കിയാണ് വിട്ടയച്ചത്. രഹസ്യമൊഴി രേഖപ്പെടുത്താന്‍ ആലപ്പുഴ സിജെഎം കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും എസ്പി ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കി. അതേസമയം സിനിലിനെ വ്യാപാര വ്യവസായ ഏകോപന സമിതി സസ്‌പെന്റ് ചെയ്തു. സിനില്‍ സബാദിനെതിരെ ഏഴ് വര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ലൈംഗികാതിക്രമ കേസാണ് പൊലീസ് ഫയല്‍ ചെയ്തിരിക്കുന്നത്. പീഡനത്തിന് അടക്കം കേസെടുക്കണമെന്നാണ് പെണ്‍കുട്ടിയുടെ വാദം. അപകടം നടന്നത് ഏപ്രില്‍ നാലിന് രാത്രി 12.45 എന്നാണ് പെണ്‍കുട്ടി മൊഴിനല്‍കിയത്. എന്നാല്‍ ആശുപത്രി രേഖകളില്‍ കായംകുളം കെപിഎസി ജംഗ്ഷനില്‍ അപകടം നടന്നത് 9.30നാണെന്നാണ്. മൂന്നു മണിക്കൂറിന് ശേഷം ലഭിച്ച വിവരത്തില്‍ ലൈംഗികാത്രികമത്തെ കുറിച്ച് സൂചിപ്പിച്ചിരുന്നില്ല. പിന്നീട് ലഭിച്ച വിവരത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചതെന്നുമാണ് പൊലീസ് വിശദീകരിക്കുന്നു. അതേസമയം കോടതിയെ സമീപിക്കുമെന്നാണ് പെണ്‍കുട്ടി പറയുന്നത്.
താമരശ്ശേരി: പരപ്പൻപൊയിലിലെ തറവാട് വീടിനുള്ളിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. താമരശേരി ഈങ്ങാപ്പുഴ സ്വദേശി ഭാസ്‌കരന്‍ ആണ് മരിച്ചത്. പോക്സോ കേസില്‍ പ്രതി ചേര്‍ത്തതില്‍ മനംനൊന്താണ് ജീവനൊടുക്കിയതെന്ന് കുടുംബം. ഭാസ്‌കരനെതിരെ ആറുവയസുകാരിയുടെ മൊഴി പ്രകാരം പോക്സോ കേസ് എടുത്തിരുന്നു.നിലവിൽ പൂലോട് പ്രദേശത്ത് വ്യാപാരം നടത്തിവരികയായിരുന്നു ഭാസ്കരൻ. ഇന്ന് രാവിലെയാണ് ഇദ്ദേഹം പരപ്പൻ പൊയിലിലുള്ള തന്റെ തറവാട് വീട്ടിലെത്തിയത്. എന്നാൽ ഏറെ സമയം കഴിഞ്ഞിട്ടും ഇദ്ദേഹത്തെ പുറത്തു കാണാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ അന്വേഷിച്ചെത്തുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിനിടയിലാണ് വീടിനുള്ളിൽ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിൽ ഭാസ്കരനെ കണ്ടെത്തിയത്.താമരശേരി പരപ്പന്‍പൊയില്‍ കരുവാറമ്മലുള്ള തറവാട് വീടിനകത്തെ ജനല്‍ കമ്പിയില്‍ ആണ് തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. കൈയുടെ ഞരമ്പറുത്ത ശേഷം ആണ് തൂങ്ങിയത്. രണ്ട് ദിവസം മുന്‍പാണ് കേസെടുത്തത്. ഇന്നലെ രാവിലെയാണ് ഇയാള്‍ തറവാട്ട് വീട്ടില്‍ എത്തിയത്. വൈകുന്നേരമായിട്ടും പുറത്തേക്ക് കാണാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കടയിലെത്തിയ കുട്ടിയോട് മോശമായി പെരുമാറി എന്നായിരുന്നു മൊഴി.നേരത്തെ ഈങ്ങാപ്പുഴയിൽ 'ബാൽസൺ' എന്ന പേരിൽ ഇൻഡസ്ട്രിയൽ യൂണിറ്റ് നടത്തിയിരുന്ന ഭാസ്കരൻ മേഖലയിലെ അറിയപ്പെടുന്ന വ്യവസായിയായിരുന്നു. ഇദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം നാട്ടുകാർക്കും സുഹൃത്തുക്കൾക്കും വലിയ ആഘാതമായി. ബാപ്പൂട്ടിയുടെയും കൊറ്റിയുടെയും മകനാണ്. ഷീലയാണ് ഭാര്യ.മക്കൾ: ബാഷിത, ഷിബിത, ഷിബിന.മരുമക്കൾ: ഷാജി (തോട്ടുമുക്കം), ഷിനോബ് (വടകര), മഹേഷ് (കുന്ദമംഗലം).മൃതദേഹം പോലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ താമരശ്ശേരി പോലീസ് മേൽനടപടികൾ സ്വീകരിച്ചു വരുന്നു.
തിരുവനന്തപുരം :പാളയം പെട്രോള്‍ പമ്പില്‍ വന്‍ കവര്‍ച്ച. ഒന്നര ലക്ഷം രൂപയോളം മോഷണം പോയി. പുലര്‍ച്ചെയായിരുന്നു സംഭവം. ഓഫീസിനുള്ളില്‍ കയറി പണവുമെടുത്ത് മോഷ്ടാവ് ഇറങ്ങിയോടുകയായിരുന്നു. ഒരാള്‍ നടന്നു വരുന്നതും, ജീവനക്കാരന്റെ കണ്ണുവെട്ടിച്ച് ഓഫീസിനുള്ളില്‍ കയറുകയുമായിരുന്നു. ഇയാള്‍ പണവുമെടുത്ത് ഓടുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. മ്യൂസിയം പൊലീസ് അന്വേഷണം ആരംഭിച്ചു.ഇവിടെ രണ്ടാമത്തെ തവണയാണ് മോഷണം നടക്കുന്നത്. പുലര്‍ച്ചെ ഒരു ജീവനക്കാരന്‍ മാത്രമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ മൂന്നു ദിവസത്തെ കളക്ഷനാണ് പമ്പില്‍ സൂക്ഷിച്ചിരുന്നതെന്ന് പമ്പ് ഉടമകള്‍ പറയുന്നു.
തിരുവനന്തപുരം :സംസ്ഥാനത്ത് കൊടുംചൂട് തുടരും. കേരളത്തില്‍ വരും ദിവസങ്ങളില്‍ വേനല്‍ ചൂട് കൂടുതല്‍ കടുക്കുമെന്നാണ് മുന്നറിയിപ്പ്. പാലക്കാട്, കൊല്ലം, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാം. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും പത്തനംതിട്ട ജില്ലയില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ചൂട് വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. പാലക്കാട് കഴിഞ്ഞദിവസം 40 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. ഏപ്രില്‍ 14 വരെ സംസ്ഥാനത്തെ പത്ത് ജില്ലകളില്‍ സാധാരണയേക്കാള്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. ഉയര്‍ന്ന താപനിലയോടൊപ്പം അന്തരീക്ഷത്തില്‍ ഈര്‍പ്പമുള്ള വായു തുടരുന്നതിനാല്‍, മലയോര മേഖലകളിലൊഴികെയുള്ള പ്രദേശങ്ങളില്‍ കടുത്ത ചൂടിനും അസ്വസ്ഥതയ്ക്കും സാധ്യതയുണ്ട്. അതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം.
മേപ്പയ്യൂർ :ജനകീയ മുക്കിലെ മുസ്ലിം ലീഗ് നേതാവ് കെ.പി ഇബ്രാഹിം അന്തരിച്ചു. ഖത്തർ കെ.എം.സി.സി സംസ്ഥാന കൗൺസിൽ അംഗം,പേരാമ്പ്ര നിയോജക മണ്ഡലം ഭാരവാഹി,പ്രവാസി ലീഗ് മേപ്പയ്യൂർ പഞ്ചായത്ത് പ്രസിഡന്റ്,ജനകീയ മുക്ക് ഖത്തർ മഹല്ല് കമ്മറ്റി സ്ഥാപക നേതാവ്,ജനകീയ മുക്ക് മഹല്ല് വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.ഭാര്യ നഫീസ. മക്കൾ:മുഹമ്മത്,മുനീർ,മുനവ്വർ(മൂവരും ഖത്തർ),മുഹ്സിന,മുഫീദ.മരുമക്കൾ:മജീദ്,റംഷാദ്,നഫ്‌ല,ബബുഷിറ,ഹഫ്സത്ത്.സഹോദരങ്ങൾ:അമ്മത്,കുഞ്ഞബ്‌ദുള്ള,അബ്ദുറഹിമാൻ,പാത്തു,കുഞ്ഞയിശ,ഫാത്തിമ,നഫീസ എന്നിവരാണ്.
പേരാമ്പ്ര: പേരാമ്പ്ര എ യു പി സ്‌കൂളിന് സമീപം ചെറുവാപൊയിൽ സി പി ഷാജി (54) നിര്യാതനായി.ഭാര്യ : ധന്യ (മേപ്പയിൽ വടകര)മക്കൾ: നിരഞ്ജന (അധ്യാപിക സൈലം ഇൻസ്റ്റിറ്റ്യൂട്ട്),ഹരിവർദ്ധൻ , ഗിരിവർദ്ധൻ (വിദ്യാർത്ഥികൾ പേരാമ്പ്ര ഹയർ സെക്കന്ററി സ്കൂൾ)പിതാവ് :പരേതനായ സി . പി ചാത്തുക്കുട്ടിനായർ.(മുൻപേരാമ്പ്ര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്),മാതാവ്: ജാനകി അമ്മ.സഹോദരി : റീന (മുൻ പ്രധാന അധ്യാപിക ഏരവട്ടൂർ നാരായണ വിലാസം എ യു . പി . സ്കൂൾ)സഹോദരി ഭർത്താവ്: പി . വി ശശിധരൻ എരവട്ടൂർ (മുൻ പ്രധാനാധ്യാപകൻ എരവട്ടൂർ നാരായണ വിലാസം എ. യു .പി സ്കൂൾ) സംസ്ക്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പിൽ.
തുറയൂർ: മുൻ തുറയൂർ ഗ്രാമ പഞ്ചായത്ത് അംഗവും ഇരിങ്ങത്ത് എം.എൽ.പി സ്‌കൂൾ അധ്യാപികയുമായിരുന്ന ടി.എ അലീമ ടീച്ചർ നിര്യാതയായി.ഭർത്താവ്: ഒ.പി കുഞ്ഞബ്ദുള്ള മാസ്റ്റർ. മക്കൾ: റഫീഖ് (അധ്യാപകൻ) ഷഫീഖ് (ബഹറൈൻ), റഈസ്, ഉബൈസ് (കുവൈറ്റ് ), റൈഹാന ത്ത്. മരുമക്കൾ: അഷറഫ് (മുളിയങ്ങൽ ), സലീന, ഷമീന, നജ്‌മ, റിഷാന. സംസ്ക്കാരം രാവിലെ 10 മണിക്ക് ഇരിങ്ങത്ത് ജുമാ മസ്‌ജിദിൽ.