വടകര: ദേശീയപാത 66-ൽ വടകര പാലോളിപ്പാലത്തിന് സമീപം ടിപ്പർ ലോറി ഇടിച്ച് കൂറ്റൻ ദിശാസൂചക ബോർഡ് തകർന്നു വീണു. ഇന്ന് പുലർച്ചെയാണ് അപകടം നടന്നതെന്ന് കരുതപ്പെടുന്നു. അപകടത്തിൽ ലോറി ഡ്രൈവർക്ക് പരിക്കേറ്റു. ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിയന്ത്രണം വിട്ട ഭാരത് ബെൻസ് ടിപ്പർ ലോറി റോഡിന് സൈഡിലെ മീഡിയറിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ഇതേ തുടർന്ന് ഹൈവേയിലെ വലിയ ദിശാസൂചക ബോർഡ് സ്ഥാപിച്ചിരുന്ന ഇരുമ്പ് തൂണിൽ ഇടിച്ചു.
ഇടിയുടെ ആഘാതത്തിൽ കൂറ്റൻ ബോർഡ് ലോറിയുടെ ക്യാബിന് മുകളിലേക്ക് തകർന്നു വീണു.
ലോറിയുടെ മുൻഭാഗം പൂർണ്ണമായും തകർന്നിരിക്കുകയാണ്.ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ക്യാബിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുത്തത്.
ബോർഡ് വീണതിനെത്തുടർന്ന് ദേശീയപാതയിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. പോലീസും ഹൈവേ അതോറിറ്റി അധികൃതരും സ്ഥലത്തെത്തി ക്രെയിൻ ഉപയോഗിച്ച് തകർന്നു വീണ ബോർഡ് നീക്കം ചെയ്തു