പേരാമ്പ്ര: ഇന്ധനം നിറയ്ക്കുന്നതിനിടെ ഉണ്ടായ തർക്കത്തിൽ പെട്രോൾ പമ്പ് ജീവനക്കാരിക്ക് മർദനം. മൂരികുത്തിയിലെ പ്രോമിസ് ഫ്യൂവൽസിൽ ജോലി ചെയ്യുന്ന പാറാട്ടുപാറ നിരവത്ത് ഉഷ (48)യ്ക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഓട്ടോറിക്ഷയിൽ ഇന്ധനം നിറയ്ക്കുന്നതിനിടെയാണ് സംഭവം. വാഹനത്തിൽ ചന്ദനത്തിരി കത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ജീവനക്കാരി ഡ്രൈവറോട് ചോദ്യം ചെയ്യുകയായിരുന്നു. ഇതിനെ തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് ഡ്രൈവർ ഡീസൽ ടാങ്കിന്റെ മൂടി ഉപയോഗിച്ച് തലയിൽ അടിച്ചെന്നാണ് ഉഷയുടെ പരാതി.പരിക്കേറ്റ ഉഷയെ ഉടൻ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. സംഭവത്തിൽ പേരാമ്പ്ര പൊലീസിൽ പരാതി നൽകിയതായി അധികൃതർ അറിയിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്നുവെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഈ മാസം 24 വരെയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സംസ്ഥാനത്തെ 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി വയനാട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട്. പാലക്കാട് ജില്ലയിൽ താപനില 38 ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ട്. കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ താപനില 37 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരും. രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെയുള്ള അധിക താപനിലയാണ് ഈ പ്രദേശങ്ങളിൽ രേഖപ്പെടുത്തുന്നത്. ചൂട് കൂടുന്നത് കണക്കിലെടുത്ത് ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്.
നടുവണ്ണൂർ: മേപ്പയൂരിൽ നിന്നും നന്മണ്ടയിലേക്ക് വരികയായിരുന്ന കാർ എതിർവശത്തുള്ള മോട്ടോർ വെഹിക്കിൾ ചാർജിങ് ഉപകരണം സ്ഥാപിച്ച ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് തകർന്ന് അപകടം. വളവിൽ വെച്ച് ഓവർടേക്ക് ചെയ്തു പോവുകയായിരുന്നു വിദ്യാർത്ഥിനി ഓടിച്ച സ്കൂട്ടറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് കാറിന്റെ മുൻവശം പോസ്റ്റിന് കുറുകെ ഇടിച്ചത്. മേപ്പയൂരിൽ നിന്നും നന്മണ്ടയിലേക്ക് പോവുകയായിരുന്നു കുടുംബം സഞ്ചരിച്ച കെഎൽ 76 എഫ് 24 84 വാഗണർ കാറാണ് അപകടത്തിൽപ്പെട്ടത്. കാറിൽ ഉണ്ടായിരുന്ന സ്ത്രീക്ക് നിസ്സാര പരിക്കേറ്റെങ്കിലും മറ്റുള്ളവർ അത്ഭുതകരമായി രക്ഷപ്പെട്ടു. കാറിന്റെ മുൻവശം പാടെ തകർന്നിട്ടുണ്ട്. സ്കൂട്ടറും അപകടത്തിൽ പെട്ടു. ഇന്ന് വൈകിട്ട് ആറുമണിയോടെയാണ് അപകടം. അപകട സമയത്ത് മറുവശത്ത് കാൽനടയാത്രക്കാർ ആരുമില്ലാത്തതുകൊണ്ട് വലിയ ദുരന്തം ഒഴിവായി
ചെറുവണ്ണൂർ: എൻഡിഎ ചെറുവണ്ണൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ എൻഡിഎ പേരാമ്പ്ര നിയോജകമണ്ഡലം സ്ഥാനാർത്ഥി എം മോഹനൻ മാസ്റ്റർക്ക് ചെറുവണ്ണൂരിൽ സ്വീകരണവും റോഡ് ഷോയും സംഘടിപ്പിച്ചു. ബി ജെ പി ജില്ല സെക്രട്ടി കെ കെ രജിഷ് , കെ എം സുധാകരൻ, എം പ്രകാശൻ ടി എം ഹരിദാസ്, ഡി കെ മനു, എം സായി ദാസ്, കെ പി സുനിൽ, കെ പി ബാബു, നാഗത്ത് നാരായണൻ, കെ പ്രദിപൻ, അഡ്വ.:എം.സി ആദർശ് എന്നിവർ സംസാരിച്ചു
തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി മാറ്റി ഉത്തരവിറങ്ങി. എസ്എസ്എൽസി പരീക്ഷയുടെ മൂല്യനിർണയ ജോലികൾ ഏപ്രിൽ 16ന് ആരംഭിക്കും. നേരത്തെ ഏപ്രിലിൽ 6മുതൽ ഏപ്രിലിൽ 25വരെ മൂന്ന് സ്പെല്ലുകളായി നടത്താനായിരുന്നു നിർദേശം. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പ് 9ന് നടക്കുന്ന സാഹചര്യ ത്തിലാണ് മാറ്റം. തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് കേന്ദ്രീകൃത മൂല്യനിർണ്ണയ ക്യാമ്പുകളുടെ പ്രവർത്തനം താഴെ സൂചിപ്പിക്കും പ്രകാരമുള്ള മൂന്ന് സ്പെല്ലുകളായി പുനഃക്രമീകരിച്ചു.സ്പെൽ 116.04.2026 മുതൽ 18.04.2026 വരെ (03 ദിവസം)സ്പെൽ 220.04.2026 മുതൽ 25.04.2026 വരെ (06 ദിവസം)സ്പെൽ 327.04.2026 മുതൽ 02.05.2026 വരെ (05 ദിവസം)മൂല്യനിർണയ നടപടികൾക്ക് ശേഷം മെയ് രണ്ടാം വാരത്തോടെ എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.
കോഴിക്കോട്: നഗരമധ്യത്തിൽ സ്വകാര്യ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. കല്ലായി റോഡിൽ കോട്ടപ്പറമ്പ് ആശുപത്രിക്ക് മുൻവശത്താണ് അപകടം നടന്നത്. കോഴിക്കോട് - തിരുവമ്പാടി റൂട്ടിലോടുന്ന 'വി ഫോർ' (വിഫോർ - KL 40 Q 5131) എന്ന സ്വകാര്യ ബസ്സും KL 11 AJ 800 എന്ന നമ്പറിലുള്ള സ്കൂട്ടറുമാണ് അപകടത്തിൽപ്പെട്ടത്. സ്കൂട്ടർ യാത്രക്കാരന്റെ കാലിലൂടെ ബസ്സിന്റെ ചക്രം കയറിയിറങ്ങിയതായാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. ഇദ്ദേഹത്തിന്റെ പരിക്ക് അതീവ ഗുരുതരമാണ്. അപകടം നടന്ന ഉടനെ തന്നെ പരിക്കേറ്റയാളെ കോഴിക്കോട് സിറ്റി ട്രാഫിക്കിന്റെ ആംബുലൻസിൽ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ വ്യക്തിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അപകടത്തെ തുടർന്ന് പ്രദേശത്ത് ചെറിയ രീതിയിൽ ഗതാഗത തടസ്സമുണ്ടായി.
വടകര: വടകര നിയമസഭ മണ്ഡലത്തിലെഎൻ.ഡി.എ റിബൽ സ്ഥാനാർത്ഥിയുടെ പത്രിക തള്ളി. ഹിന്ദു ഐക്യവേദി ജില്ല സെക്രട്ടറി ശ്യാംരാജിന്റ പത്രികയാണ് തള്ളിയത്. സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് ശ്യാംരാജ് വടകരയിൽ ബി.ജെ.പിയയ്ക്കെതിരെ മത്സരംഗത്തേക്ക് വന്നത്. പത്രിക പൂരിപ്പിച്ചതിലെ പിഴവാണ് തള്ളാൻ കാരണമെന്നാണ് പ്രാഥമിക വിവരം. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിക്കുന്നതിന് തൊട്ടുമുമ്പായി ഇന്നലെ വൈകുന്നേരമാണ് ശ്യാംരാജ് പത്രിക നൽകിയത്.മുൻ ചോറോട് പതിനേഴാം വാർഡ് മെമ്പറും ബി.ജെ.പി വടകര നിയോജകമണ്ഡലം ജനറൽ സെക്രട്ടറിയുമായിരുന്നു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ചോറോട് ബ്ലോക്ക് ഡിവിഷൻ ബി.ജെ.പി സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. ബി.ജെ.പിയുടെ വടകരയിലെ പ്രമുഖ നേതാക്കളായ വിനിഷ് പുതുപ്പണം, അറക്കിലാട് ഗണേശ് എന്നിവർക്ക് ഒപ്പമാണ് നോമിനേഷൻ നൽകിയത്.ശ്യാം രാജിന്റ സ്ഥാനാർത്ഥിത്വം നേതൃത്വത്തിന് തലവേദനയായി മാറിയിരുന്നു. പത്രിക തള്ളിയത് ആശ്വാസമായെങ്കിലും ഔദ്യോഗിക സ്ഥാനാത്ഥി അഡ്വ.കെ. ദിലീപിനെതിരെ മേഖലയിൽ ഏറെ സ്വാധീനമുള്ള നേതാവ് രംഗത്തെത്തിയത് ബി.ജെ.പിയിൽ പൊട്ടിത്തെറിക്ക് ഇടയാക്കിയിട്ടുണ്ട്.
ബൊഗോട്ട: കൊളംബിയയില്‍ സൈനിക വിമാനം തകര്‍ന്ന് വീണ് നിരവധി പേര് മരിച്ചു. വിമാനം ടേക്ക് ഓഫ് ചെയ്ത ഉടനെയാണ് അപകടം. വിമാനത്തിലുണ്ടായിരുന്ന 80 യാത്രക്കാര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സി-130 ഹെര്‍ക്കുലസ് ടാക്ടിക്കല്‍ ട്രാന്‍സ്പോര്‍ട്ട് എയര്‍ ക്രാഫ്റ്റാണ് തകര്‍ന്ന് വീണത്. വിമാനത്തില്‍ രണ്ട് പ്ലാറ്റൂണുകള്‍ ഉണ്ടെന്നാണ് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നത്. 110 സൈനികരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
വടകര: വടകരയിൽ കെട്ടിട മുറിയിൽ അധ്യാപകൻ മരിച്ച നിലയിൽ. ജനത ആശുപത്രിക്ക് സമീപമുള്ള രാഗേഷ് ഹോട്ടൽ കെട്ടിടത്തിന് മുകളിൽ വാടകയ്ക്ക് താമസിക്കുകയായിരുന്ന കുന്നംകുളം സ്വദേശി കെ.എം.സോമൻ ആണ് മരിച്ചത്.രാവിലെ ഭാര്യ ഫോണിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ഫോൺ എടുക്കാത്തതിനാൽ കെട്ടിട ഉടമയെ ബന്ധപ്പെടുകയും കെട്ടിട ഉടമ പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. നഗ്നനായി രക്തംവാർന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മലമൂത്ര വിസർജനവും സ്ഥലത്തുനടന്നിട്ടുണ്ട്. വാതിൽ ചാരിയ നിലയിലായിരുന്നു. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയും, പൊലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി മൃതദേഹം ഫോറൻസിക് സർജന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.പത്തുവർഷത്തിലേറെയായി ഇതേ കെട്ടിടത്തിൽ താമസിക്കുകയാണ് സോമൻ. നേരത്തെ മണിയൂർ എഞ്ചിനിയറിങ് കോളേജ് അധ്യാപകനായിരുന്നു.
പേരാമ്പ്ര : ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പേരാമ്പ്ര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അശ്വിൻ കുമാറും പാർട്ടിയും ഇന്ന് പുലർച്ചെ നടത്തിയ റെയ്ഡിൽ പേരാമ്പ്ര എടവരാട് വെച്ച് 3.51 ഗ്രാം മെത്താം ഫിറ്റമിൻ കൈവശം വെച്ചതിന് KL 77 E 6884 നമ്പർ ആക്സസ് സ്കൂട്ടർ സഹിതം ഉള്ളിയേരി മഠത്തിൽ കുന്നുമ്മൽ വീട്ടിൽ മുഹമ്മദ് ജവാദിനെയും (31) എടവരാട് മുക്കണം ക്കോട്ട് വീട്ടിൽ ഷിജാസിനെയും (30) പ്രതികളാക്കി പോലീസ് എൻ ടി പി എസ് കേസ് എടുത്തു. പ്രതികൾ ഓടി രക്ഷപെട്ടു. ജവാദ് സ്ഥിരം കുറ്റവാളി ആണെന്നും ഇയാൾ നിലവിൽ കോടതി ജാമ്യത്തിൽ പുറത്തിറങ്ങിയതെ ഉള്ളൂ എന്നും എക്സൈസ് സി ഐ അശ്വിൻ കുമാർ അറിയിച്ചു. എടവരാട് ഭാഗത്ത് യുവാക്കൾ തമ്പടിച്ചു രാത്രി കാലങ്ങളിൽ എംഡിഎം എ ഉപയോഗിക്കുന്നതായി രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് എംഡിഎം എ പിടികൂടിയത്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാവും എന്ന് അധികൃതർ അറിയിച്ചു. പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ രൂപേഷ് വി.കെ, അനൂപ് മയങ്ങിയിൽ സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ദിനേശ് സി എന്നിവർ ഉണ്ടായിരുന്നു.