തന്നെക്കുറിച്ച് അസത്യവും അർദ്ധസത്യവും പ്രചരിപ്പിച്ചു
ബാലുശ്ശേരി: കോഴിക്കോട് ഡിസിസി കമ്മിറ്റിയിൽ നിന്നും രാജിവച്ച നിജേഷ് അരവിന്ദ് വിശദീകരണവുമായി രംഗത്ത്. രാജിയുടെ കാരണങ്ങൾ വിശദമായി പ്രതിപാദിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് തൻറെ ഫേസ്ബുക്ക് വാളിൽ പ്രസിദ്ധപ്പെടുത്തിയത്. സംഘടനാപരമായ വിഷയങ്ങൾ പരിഹരിക്കുന്നതിനായി താൻ കെപിസിസി പ്രസിഡണ്ട് ഉൾപ്പെടെയുള്ള നേതാക്കൾക്ക് കത്തയച്ചിരുന്നു. എന്നാൽ ഈ കത്ത് പാർട്ടിയിലെ ചിലർ മാധ്യമങ്ങൾക്ക് ചോർത്തി നൽകി അപമാനിക്കാൻ ശ്രമിച്ചു. സ്ഥാനമാനങ്ങളിൽ അഭിരമിക്കുന്നവർ മാത്രമല്ല, പാർട്ടി എന്ന ഉത്തമ ബോധ്യമുള്ളതിനാൽ പാർട്ടിക്ക് അകത്തു തന്നെ നിലപാടുകൾ ഇനിയും പറയാനും ചർച്ച ചെയ്യാനും കഴിയും. കോൺഗ്രസ് പ്രസ്ഥാനത്തോടുള്ള ബന്ധം ഒരിക്കലും മുറിച്ചുമാറ്റാൻ കഴിയില്ല. അതേസമയം തിരുത്തേണ്ടതും തിരുത്തപ്പെടേണ്ടതും തിരുത്തി തന്നെ പോകണം എന്ന നിലപാടിൽ മാറ്റവുമില്ല, നിജേഷ് വിശദീകരിച്ചു.
മാറ്റമില്ലാത്ത കോൺഗ്രസുകാരനായി ഇന്നത്തെ പോലെ നാളെയും ഇവിടെത്തന്നെ കാണും. മരണംവരെ കോൺഗ്രസ് അല്ലാത്ത മറ്റൊരു രാഷ്ട്രീയമില്ല എന്നുകൂടി പറഞ്ഞു കൊണ്ടാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്. പോസ്റ്റ് വന്നതോടെ നിരവധി പേർ ലൈക്കും കമന്റുമായി രംഗത്ത് വന്നു. കമൻറ് ചെയ്തതിൽ ഭൂരിപക്ഷം പേരും നിജോഷിനെ പിന്തുണയ്ക്കുന്നവരാണ്.