തിരുവനന്തപുരം :കോഴിക്കോടും പാലക്കാടും സ്‌ട്രോങ് റൂമുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദത്തില്‍ ഇടപെട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ യു. കേല്‍ക്കര്‍. പോളിങ്ങിനു ശേഷം തിരഞ്ഞെടുപ്പ് സാമഗ്രികള്‍ സൂക്ഷിച്ചിരിക്കുന്ന വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ സീല്‍ ചെയ്തതും അല്ലാത്തതുമായ മുറികള്‍ ഒരു കാരണവശാലും തുറക്കരുതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ നിര്‍ദേശം നല്‍കി. വോട്ടെണ്ണല്‍ കഴിയും വരെ മെറ്റീരിയല്‍ റൂം ഉള്‍പ്പെടെ ഒരു മുറിയും തുറക്കാന്‍ പാടില്ലെന്നാണ് 14 ജില്ലാ കലക്ടര്‍മാര്‍ക്കും റിട്ടേണിങ് ഓഫിസര്‍മാര്‍ക്കും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.ഇന്ന് രാവിലെ, പാലക്കാട് നെന്മാറ മണ്ഡലത്തില്‍ വിക്ടോറിയ കോളജിലെ ഇന്ന് സ്‌ട്രോങ് റൂം തുറക്കാന്‍ തീരുമാനിച്ചെങ്കിലും പിന്നീട് ജില്ലാ കലക്ടര്‍ അതു വേണ്ടെന്നു വച്ചിരുന്നു. നെന്മാറ മണ്ഡലത്തിന്റെ മെറ്റീരിയല്‍ റൂം തുറക്കാന്‍ തീരുമാനിച്ചതില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വിശദീകരണം തേടിയിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ കൈവശം വയ്‌ക്കേണ്ട രേഖകള്‍ മുറികളില്‍ വച്ച് പൂട്ടിയിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തം ഉദ്യോഗസ്ഥര്‍ക്കാണ്. അതിന്റെ പേരില്‍ വോട്ടെണ്ണല്‍ ദിവസത്തിനു മുന്‍പ് മുറികള്‍ തുറക്കാന്‍ ശ്രമിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. അത് സംശയത്തിനിടയാക്കുകയും തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യതയെ ബാധിക്കുകയും ചെയ്യും. അങ്ങനെ ചെയ്യുന്നത് തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ക്കു വിരുദ്ധമാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചിട്ടുണ്ട്. ഇന്‍ഡക്‌സ് കാര്‍ഡ് തയാറാക്കാനോ എന്‍കോര്‍ പോര്‍ട്ടലിലെ വിവരങ്ങള്‍ പരിശോധിക്കാനോ മുറി തുറക്കരുതെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ നിര്‍ദേശിച്ചിട്ടുണ്ട്. കോഴിക്കോട് പേരാമ്പ്രയിലെ സ്‌ട്രോങ്ങ് റൂം വിവാദം അണയുന്നതിന് പിന്നാലെ യാണ് പാലക്കാട് നെന്മാറയിലും സ്‌ട്രോങ്ങ് റൂം വിവാദം ഉയര്‍ന്ന് വന്നത്. വിക്ടോറിയ കോളേജിലെ സ്‌ട്രോങ്ങ് റൂം തുറക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം വിവാദമായതോടെ മാറ്റി. തുറക്കാന്‍ തീരുമാനിച്ചത് മെറ്റീരിയല്‍ സ്‌ട്രോങ് റൂം ആണെന്നും ഇവിഎം സ്‌ട്രോങ് റൂം അല്ലെന്നും ജില്ലാ കളക്ടര്‍ എംഎസ് മാധവിക്കുട്ടി വിശദീകരിച്ചു. മെറ്റീരിയല്‍ റൂം തുറക്കുന്നതില്‍ അസ്വാഭാവികതയില്ല. ഫോം 17എ എടുക്കാനാണ് റൂം തുറക്കാന്‍ തീരുമാനിച്ചത്. വെബ്‌സൈറ്റില്‍ കണക്കുകള്‍ രേഖപ്പെടുത്താന്‍ വേണ്ടിയായിരുന്നു ഇത്. എന്നാല്‍ പിന്നീട് റൂം തുറക്കേണ്ടെന്ന് തീരുമാനിച്ചു. കോഴിക്കോട്ട് വെള്ളിമാടുകുന്ന് ജെഡിടി സെന്ററിലെ പേരാമ്പ്ര മണ്ഡലത്തിന്റെ സ്‌ട്രോങ് റൂമിനോടു ചേര്‍ന്നുള്ള മെറ്റീരിയല്‍ റൂം തുറന്ന് വന്‍ വിവാദമായിരിക്കേയാണ് നെന്മാറയില്‍ സ്‌ട്രോങ് റൂം തുറക്കാന്‍ കമ്മിഷന്‍ തീരുമാനിച്ചത്. ഇതിനു പിന്നാലെയാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ ഉത്തരവ്. അതേസമയം നെന്മാറയില്‍ റൂം തുറക്കുന്ന വിവരം സ്ഥാനാര്‍ഥികളെ ഫോണില്‍ വിളിച്ചാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചതെന്ന് നെന്മാറയിലെ യുഡിഎഫ് സ്ഥാനാര്‍ഥി എ.തങ്കപ്പന്‍ പറഞ്ഞു. അതില്‍ അസ്വാഭാവികത യുണ്ടെന്നും സ്ഥാനാര്‍ഥികളെ രേഖാമൂലം അറിയിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. അതിനിടെ, പേരാമ്പ്ര സ്‌ട്രോങ് റൂം തുറന്നതില്‍ ജില്ലാ കലക്ടര്‍ ഉടന്‍ വിശദീകരണം നല്‍കും.
തിരുവനന്തപുരം :സംസ്ഥാന സര്‍ക്കാരിന്റെ സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതിക്കായുള്ള അപേക്ഷകരുടെ എണ്ണത്തിൽ വർധനവ്. പദ്ധതി ആരംഭിച്ച ഫെബ്രുവരിയില്‍ 10.05 ലക്ഷം അപേക്ഷകരായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോഴത് 18.18 ലക്ഷമായി ഉയര്‍ന്നു. ഏപ്രില്‍ മാസത്തെ പെന്‍ഷന്‍ വിതരണം ഉടന്‍ തുടങ്ങും. 35 വയസ് പൂര്‍ത്തിയായ സ്ത്രീകള്‍ക്ക് എപ്പോള്‍ വേണമെങ്കിലും പെന്‍ഷന് അപേക്ഷിക്കാം. അതിനാല്‍ തന്നെ ഗുണഭോക്താക്കള്‍ ഇനിയും കൂടും. മലപ്പുറം ജില്ലയിലാണ് അപേക്ഷകര്‍ കൂടുതല്‍. 2.55 ലക്ഷമാണ് അപേക്ഷകരുടെ എണ്ണം. ഇവരില്‍ 2.4 ലക്ഷം പേര്‍ക്ക് പെന്‍ഷന്‍ കിട്ടിത്തുടങ്ങി. 1.91 അപേക്ഷകരോടെ തിരുവനന്തപുരം ജില്ലയാണ് രണ്ടാം സ്ഥാനത്ത്. 1.69 ലക്ഷം പേര്‍ക്കാണ് പെന്‍ഷന്‍ കിട്ടിയത്. ഏറ്റവും കുറവ് പത്തനംതിട്ട ജില്ലയിലാണ്. 51,479 പേരാണ് അപേക്ഷകര്‍. ഇതില്‍ 44,851 പേര്‍ക്ക് പെന്‍ഷന്‍ അനുവദിച്ചു.ബാക്കി അപേക്ഷകള്‍ പരിശോധനയിലാണ്. 35നും 60നും ഇടയിലുള്ള മഞ്ഞ, പിങ്ക് കാര്‍ഡുകളിലെ അംഗങ്ങളായ സ്ത്രീകള്‍ക്കാണ് പെന്‍ഷന് അര്‍ഹത. അതേസമയം, സംസ്ഥാനത്തു നിന്ന് താമസം മാറുകയോ ജോലി ലഭിക്കുകയോ ചെയ്താലോ റേഷന്‍കാര്‍ഡ് മാറിയാലോ പെന്‍ഷന്‍ ലഭിക്കില്ല. അനര്‍ഹമായി പെന്‍ഷന്‍ വാങ്ങിയാല്‍ 18 ശതമാനം പലിശ സഹിതം തിരികെ ഈടാക്കും.
തിരുവനന്തപുരം :ചുട്ടുപൊള്ളി കേരളം. 12 ജില്ലകളിൽ വെള്ളിയാഴ്‌ച വരെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിൽ സാധാരണത്തേക്കാൾ 3 മുതൽ 4 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യത. പാലക്കാട് ജില്ലയിൽ 40 °C വരെയും കൊല്ലം ജില്ലയിൽ 39 °C വരെയും, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 37°C വരെയും, തിരുവനന്തപുരം ജില്ലയിൽ 36°C വരെയും താപനില ഉയരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻ കരുതലുകൾ സ്വീകരിക്കണം.പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.
എറണാകുളo :തൻ്റെ പേരിലുള്ള വ്യാജ ലോൺ ആപ്പിനെതിരെ പ്രതികരിച്ചുക്കൊണ്ട് രംഗത്തു വന്നിരിക്കയാണ് സിനിമാ താരം അജു വർഗീസ്. അനുമതിയില്ലാതെ തൻ്റെ പേരും ചിത്രവും വെച്ച് ലോൺ ആപ്പിന്റെ് പരസ്യം ചെയ്യുന്നു. ആരും ചതിയിൽപ്പെടരുത് എന്ന് വ്യക്തമാക്കി കൊണ്ടാണ് അജു വർഗീസ് രoഗത്തു വന്നത്. ലോൺ ആപ്പുകൾ കൊണ്ടുള്ള അപകടങ്ങൾ വർദ്ധിച്ചു വരികയാണ്. നിതിൻ രാജിൻ്റെ മരണത്തിലും ലോൺ ആപ്പ് ആണ് കാരണമെന്ന് ആരോപണ മുയർന്നിരുന്നു. ഇക്കഴിഞ്ഞ ദിവസം വടകരയിൽ യുവാവിനെ കാണാതായ കേസിലും ലോൺ ആപ്പ് തന്നെയായിരുന്നു വില്ലൻ. ആപ്പിന്റെ വിശ്വാസ്യത വർദ്ധിക്കാൻ ഇത്തരക്കാർ സിനിമാ താരങ്ങളുടെയും മറ്റും ചിത്രം ഉപയോഗിച്ച് പരസ്യം ചെയ്യുന്നു. എ എം ട്രസ്റ്റ് ലോൺ സർവ്വീസസ് എന്ന സ്വകാര്യ സ്ഥാപനമാണ് അജുവിൻ്റെ പേരും ചിത്രവും ഉപയോഗിച്ച് പരസ്യം ചെയ്‌തത്. കേരളത്തിൽ എവിടെയും മൂന്ന് ലക്ഷം രൂപ വരെ ലോൺ നൽകുമെന്നാണ് സ്ഥാപനത്തിന്റെ പരസ്യ വാചകം. ഒരു ലക്ഷത്തിന് പ്രതിമാസം 3042 അടച്ചാൽ മതിയെന്നും പരസ്യത്തിൽ പറയുന്നു. എന്നാൽ തനിക്ക് ഇതുമായി ഒരു ബന്ധവുമില്ലെന്ന് താരം പറയുന്നു. വ്യാജ വാഗ്ദാനങ്ങളിൽ വീണ് പണം നഷ്ടമാവരുതെന്നും താരം വ്യക്തമാക്കുന്നു.
ഉള്ളിയേരി : അധ്യാപകനും, സൈക്കിൾ സഞ്ചാരിയുമായ അഭിലാഷ് പുത്തഞ്ചേരി ശ്രീലങ്കൻ സൈക്കിൾ പര്യടനം കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തി. 'സീറോ കാർബൺ സീറോ കലാമിറ്റി' എന്ന സന്ദേശവുമായി മാർച്ച് 20ന് ആണ് യാത്ര തുടങ്ങിയത് . ശ്രീലങ്കയുടെ വടക്കേയറ്റമായ സക്കോട്ടെ മുനമ്പിൻ നിന്ന് തുടങ്ങിയ യാത്ര തെക്കേയറ്റമായ ദോൻന്ത്രയിൽ അവസാനിച്ചു. ജാഫ്ന, മാന്നാർ തലൈമാനർ , ചെട്ടികുളം , മാതല അനുരാധപുര ദംബുള്ള, സിഗ്രിയ, കാൻഡി, ഗബോള, നുവലേറിയ, വെളമട , എല്ല , ബദുല്ല . ഭണ്ടാരവില്ല , കൊളംബോ, പാണദുര , ഗോൾ , കേഗൽ, കലുതറ, ഹൊമഗോമ, നെടുംതീവ്,മാതറ, എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു. ഭക്ഷണവും രാത്രിയുറക്കവും ശ്രീലങ്കൻ സൈക്കിൾ സുഹൃത്തുക്കളുടെ വീട്ടിലും ബുദ്ധിസ്റ്റ് ആശ്രമങ്ങളിലും ആയിരുന്നു. രാജ്യത്തെ ഇടതുപക്ഷ പാർട്ടിയും, ഭരണകക്ഷിയുമായ ജെ. വി. പി (ജനത വിമുക്തി പെരമുന) കേന്ദ്ര കമ്മിറ്റി ഓഫീസ് സന്ദർശിച്ചപ്പോൾ പ്രവർത്തകർ സ്വീകരണം നൽകി.ഭൂമിശാസ്ത്രപരമായും സാംസ്കാരിക പരമായും കേരളവും ശ്രീലങ്കയും തമ്മിൽ ഒട്ടേറെ സാമ്യതകൾ ഉണ്ടെന്ന് അഭിലാഷ് സ്വീകരണ പരിപാടിയിൽ പറഞ്ഞു. തിരുവനന്തപുരം സ്വദേശിയായ സൈക്കിൾ സഞ്ചാരി അഭിജിത്തും ഇദ്ദേഹത്തിൻ്റെ കൂടെ യാത്ര ചെയ്തിരുന്നു. അടുത്ത സൈക്കിൾ പര്യടനം. വിയറ്റ്നാം, കംബോഡിയ, ലാവോസ് എന്നിവടങ്ങളി ലേക്കാണ്.അമ്പത് വർഷം പൂർത്തിയാക്കിയ കലാ സാംസ്‌കാരിക സംഘടന ചെന്താര പുത്തഞ്ചേരിയുടെ നേതൃത്വത്തിൽ കൂമുള്ളി വായനശാലയ്‌ക്ക് സമീപം യാത്ര കഴിഞ്ഞെത്തിയ അഭിലാഷിന് സ്വീകരണം നൽകി .അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.ജയകൃഷ്ണൻമാസ്റ്റർ അഭിലാഷിനെ ഹാരം അണിയിച്ചു കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ഉള്ളിയേരി പഞ്ചായത്ത് പതിമൂന്നാം വാർഡ് മെമ്പർ വത്സൻ എടക്കാത്തിൽ അധ്യക്ഷത വഹിച്ചു. അത്തോളി പഞ്ചായത്ത് വികസന ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനിൽകുമാർ, ആർ ബാബു കൂമുള്ളി, രാജൻ കേളോത്ത്, പി. ജനാർദ്ധനൻമാസ്റ്റർ, അഭിലാഷ് പുത്തഞ്ചേരി എന്നിവർ സംസാരിച്ചു. സുരേന്ദ്രൻ പുത്തഞ്ചേരി സ്വാഗതവും ഹിമ നന്താത്ത് നന്ദിയും പറഞ്ഞു.തുടർന്ന് കൂമുള്ളിയിൽ നിന്നും ആരംഭിച്ച ഘോഷയാത്ര പുത്തഞ്ചേരിയിൽ അഭിലാഷിന്റെ വീട്ടുമുറ്റത്ത് അവസാനിച്ചു.