തൃശ്ശൂര്‍: തൃശ്ശൂർ വാടാനപ്പള്ളിയില്‍ സ്വകാര്യ ഗോഡൗണില്‍ ബിജെപി വോട്ടിനുവേണ്ടി കിറ്റ് തയ്യാറാക്കിയെന്ന ആരോപണമുയര്‍ന്നതിന് പിന്നാലെ സംഘര്‍ഷം. രണ്ടായിരത്തോളം കിറ്റുകളാണ് വിതരണത്തിന്എത്തിച്ചത്. ഇത് കോൺഗ്രസ്, സിപിഐഎം പ്രവർത്തകർ തടയുകയായിരുന്നു.
സ്ഥലത്ത് ബിജെപി-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിൽ സംഘര്‍ഷമുണ്ടായി. സൂപ്പര്‍മാര്‍ക്കറ്റിന് അകത്തുള്ളവരെ അറസ്റ്റ് ചെയ്യണമന്ന് ടി എന്‍ പ്രതാപന്‍ ആവശ്യപ്പെട്ടു. സാധനങ്ങള്‍ പിടിച്ചെടുക്കണമെന്നാണ് ആവശ്യം. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കിറ്റുകൾ ഉള്ളതായി ആരോപണമുയർന്ന ഗോഡൗണിലെ മുകളിലെ മുറിയിൽ നിന്നും ബിജെപി നേതാവും നടനുമായ ദേവൻ പുറത്തേക്ക് വന്നു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്‌ളയിങ് സ്‌ക്വാഡ് സ്ഥലത്തെത്തി കിറ്റ് കസ്റ്റഡിയിലെടുത്തു. ബിജെപി നേതാക്കളടക്കമുള്ളവരെ അറസ്റ്റ് ചെയ്യാതെ പിരിഞ്ഞു പോകില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. പ്രദേശത്ത് ഇപ്പോഴും സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്.
കഴിഞ്ഞദിവസം ഒളരിയിൽ വോർട്ടർമാർക്ക് ബിജെപി ഭക്ഷ്യകിറ്റ് വിതരണം ചെയ്തെന്ന പരാതിയിൽ തൃശ്ശൂർ വെസ്റ്റ് പൊലീസ് കേസെടുത്തു. വോട്ടിന് കിറ്റ് നൽകിയെന്നാരോപിച്ച് എൽഡിഎഫ് ആയിരുന്നു പരാതി നൽകിയത്. ഏകദേശം 900 രൂപ വിലയുള്ള 26 കിറ്റുകളായിരുന്നു 'കാർത്തിക' സൂപ്പർമാർക്കറ്റ് വഴി വിതരണം ചെയ്തത്. സൂപ്പർമാർക്കറ്റിൽ കിറ്റുകൾ ഓർഡർ ചെയ്ത രാധാകൃഷ്ണൻ എന്നയാളെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തത്. ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള വകുപ്പുകൾ ഉൾപ്പെടെയാണ് ചുമത്തിയിരിക്കുന്നത്. ശിവരാമപുരം നഗറിലെ താമസക്കാർക്കാണ് സൂപ്പർമാർക്കറ്റ് വഴി കിറ്റുകൾ വിതരണം ചെയ്തത്.