രാവിലെ 7.30 മുതൽ 10.30 വരെയാണ് ക്ലാസുകൾ
ബാലുശ്ശേരി: സംസ്ഥാനത്തെ സ്കൂളുകളിൽ ഇന്ന് മുതൽ ആരംഭിക്കുന്ന അവധിക്കാല പഠന പിന്തുണ ക്ലാസുകളുടെ സമയത്തിൽ മാറ്റം വരുത്തിയത് മദ്രസാ വിദ്യാഭ്യാസം തടസപ്പെടുത്തുമെന്ന് പരാതി. പുതുക്കിയ ക്രമീകരണ പ്രകാരം രാവിലെ 7.30 മുതൽ 10.30 വരെയാകും ക്ലാസുകൾ നടക്കുക. ഈ സമയത്താണ് മദ്രസകളും പ്രവർത്തിക്കുക. അവധിക്കാല ക്ലാസ്സ് നിർബന്ധമാണെന്ന നിർദ്ദേശം വിദ്യാഭ്യാസ വകുപ്പും അവധിക്കാലത്ത് വിദ്യാലയത്തിൽ ക്ലാസുകൾ നടക്കാൻ പാടില്ലെന്ന് വിദ്യാഭ്യാസ മന്ത്രിയും പ്രഖ്യാപിച്ചതോടെയാണ് ആശയക്കുഴപ്പമുണ്ടായത്. ബാലാവകാശ കമ്മീഷന്റെ ശക്തമായ സമ്മർദ്ദത്തെ തുടർന്നാണ് മന്ത്രിക്ക് നിലപാട് സ്വീകരിക്കേണ്ടി വന്നത്.
നേരത്തെ രാവിലെ 9.30 മുതൽ 11.30 വരെയായിരുന്നു ക്ലാസുകൾ നിശ്ചയിച്ചിരുന്നത്. എന്നാൽ, ക്ലാസുകൾ തുടങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ഇന്നലെ വൈകിട്ടോടെയാണ് സമയമാറ്റം സംബന്ധിച്ച നിർദ്ദേശം അധ്യാപകർക്ക് ലഭിച്ചത്. അവധിക്കാലമായ ഏപ്രിൽ മെയ് മാസങ്ങളിലാണ് മദ്രസാ വിദ്യാഭ്യാസം സജീവമായി നടക്കുന്നത്.