നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിലെത്തിയാണ് അതിക്രമം
കോഴിക്കോട്: ഒറ്റപ്പെട്ട വഴികളിലൂടെ നടന്നുപോകുന്ന സ്ത്രീകളെ ലക്ഷ്യമിട്ട് അതിക്രമം നടത്തുന്ന യുവാവ് പിടിയിൽ. പന്നിയങ്കര റെയിൽവേ ട്രാക്കിന് സമീപം യുവതിയെ കടന്നുപിടിച്ച സംഭവത്തിലാണ് കണ്ണഞ്ചേരി വെള്ളടത്ത് താമസിക്കുന്ന കൊമ്മേരി സ്വദേശി നിഹാലിനെ പന്നിയങ്കര പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്ന് രാവിലെ പന്നിയങ്കര റെയിൽവേ ട്രാക്കിന് സമീപത്തുകൂടി നടന്നു പോവുകയായിരുന്ന യുവതിക്കുനേരെയാണ് അതിക്രമമുണ്ടായത്. നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിലെത്തിയ അക്രമി യുവതിയെ കടന്നുപിടിച്ചശേഷം വേഗത്തിൽ വാഹനം ഓടിച്ച് രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ യുവതി ഉടൻ തന്നെ പൊലീസിൽ പരാതി നൽകി.
പരാതിയെത്തുടർന്ന് പന്നിയങ്കര പൊലീസ് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്. സംഭവസ്ഥലത്തിന് സമീപമുള്ള സിസിടിവി ക്യാമറകൾ പരിശോധിച്ച പൊലീസ്, പ്രതി സഞ്ചരിച്ച ബൈക്കിന്റെ ദൃശ്യങ്ങൾ കണ്ടെത്തുകയായിരുന്നു. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നിഹാലിനെ പിടികൂടിയത്. നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിൽ കറങ്ങി നടന്ന്, ആളൊഴിഞ്ഞ സ്ഥലങ്ങളിൽ ഒറ്റയ്ക്ക് കാണുന്ന സ്ത്രീകളോട് മോശമായി പെരുമാറുന്നതാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. ഇത്തരത്തിൽ നിരവധി സംഭവങ്ങൾ ഇയാൾ നടത്തിയിട്ടുണ്ടെങ്കിലും, ഭയം മൂലമോ മറ്റ് കാരണങ്ങളാലോ പരാതിക്കാർ മുന്നോട്ട് വരാതിരുന്നതാണ് ഇയാൾക്ക് തുണയായത്. പ്രതി സഞ്ചരിച്ചിരുന്ന ബൈക്കിന് നമ്പർ പ്ലേറ്റ് ഇല്ലാത്തത് ദുരൂഹത വർദ്ധിപ്പിക്കുന്നുണ്ട്. ഈ വാഹനം മോഷ്ടിച്ചതാണോ എന്ന സംശയവും പൊലീസ് പങ്കുവെക്കുന്നു. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണെന്നും, വാഹനത്തിന്റെ ഉറവിടം സംബന്ധിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.