താമരശ്ശേരി: നഗരമധ്യത്തിൽ യുവാവിനു നേരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുക യും ക്രൂരമായി മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. താമരശ്ശേരി തേക്കുംതോട്ടം സ്വദേശി മുഹമ്മദ് ദിൽഷാൻ (18) ആണ് അക്രമത്തിന് ഇരയായത്. പ്ലസ് ടു പരീക്ഷ കഴിഞ്ഞ് ഉപരിപഠനത്തിന് തയ്യാറെടുക്കുന്ന ദിൽഷാനെ യാതൊരു പ്രകോപനവു മില്ലാതെയാണ് പ്രതി ആക്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ താമരശ്ശേരി ചീനിമുക്കിലായിരുന്നു ആദ്യ സംഭവം. സുഹൃത്തുക്കൾക്കൊപ്പം ചീനിമുക്കിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു ദിൽഷാൻ. ഈ സമയത്ത് ദിൽഷാന്റെ സുഹൃത്തായ ലാമിഷിനെ ഒരാൾ മർദ്ദിക്കുന്നത് കണ്ട് ദിൽഷാൻ ഇടപെടുകയും ഇരുവരെയും പിടിച്ചുമാറ്റുകയും ചെയ്തു. ഇതിൽ പ്രകോപിതനായ പ്രതി, താമരശ്ശേരിയിൽ ബിസ്സിനസ്സ് ചെയ്യുന്ന ബാലുശ്ശേരി സ്വദേശി ബാസിൽ ലത്തീഫ് തന്റെ അരയിൽ സൂക്ഷിച്ചിരുന്ന തോക്ക് എടുത്ത് ദിൽഷാന്റെ വയറിനു നേരെ ചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു.
തുടർന്ന് പ്രതിയും സംഘവും കാറിൽ അവിടെനിന്ന് മടങ്ങിയെങ്കിലും അൽപ്പസമയത്തിന് ശേഷം കൂടുതൽ ആളുകളുമായി വീണ്ടും സ്ഥലത്തെത്തി. ഇവർ ദിൽഷാന്റെ സുഹൃത്തുക്കളുമായി വീണ്ടും വാക്കേറ്റത്തിൽ ഏർപ്പെട്ടെങ്കിലും നാട്ടുകാർ ഇടപെട്ട് ഇവരെ സ്ഥലത്തുനിന്ന് ഓടിച്ചുവിടുകയായിരുന്നു. ചീനിമുക്കിലെ സംഭവത്തിന് ശേഷം ദിൽഷാൻ സുഹൃത്തിനൊപ്പം ഓടക്കുന്നിലെ വർക്ക്ഷോപ്പിൽ പോയി മടങ്ങി വരവെയായിരുന്നു രണ്ടാമത്തെ ആക്രമണം. താമരശ്ശേരി മിനി ബൈപ്പാസിൽ വെച്ച് മറ്റൊരു സുഹൃത്തിനെ കണ്ട് കാർ നിർത്തിയ ദിൽഷാനെ, സമീപത്തെ തന്റെ സ്ഥാപനത്തിലുണ്ടായിരുന്ന ബാസിൽ ഓടിയെത്തി ആക്രമിക്കുകയായിരുന്നു. കാറിന്റെ ഡോർ വലിച്ചു തുറന്ന പ്രതി ദിൽഷാന്റെ ഇടതു ചെവിക്ക് താഴെയും മുഖത്തും ക്രൂരമായി മർദ്ദിച്ചു.
മർദ്ദനമേറ്റ ദിൽഷാൻ വീട്ടിലെത്തി വിവരം അറിയിച്ചതിനെ തുടർന്ന് സഹോദരനൊപ്പം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. തനിക്ക് പ്രതിയുമായി മുൻപരിചയമില്ലെന്നും എന്തിനാണ് ആക്രമിച്ചതെന്ന് അറിയില്ലെന്നും ദിൽഷാൻ പറഞ്ഞു. സംഭവത്തിൽ താമരശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരസ്യമായി തോക്ക് ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതും ആക്രമണം നടത്തിയതും ഗൗരവമായാണ് പോലീസ് കാണുന്നത്. പ്രതി കൈവശം വെച്ചിരുന്ന തോക്ക് യഥാർത്ഥമാണോ അതോ എയർ ഗണ്ണാണോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ചുവരികയാണ്. സുഹൃത്തുക്കൾ തമ്മിലുള്ള തർക്കത്തിന്റെ കാരണവും ബാസിൽ എന്തിനാണ് തോക്കുമായി നടന്നതെന്ന കാര്യവും വിശദമായ അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു