കോഴിക്കോട്: ലോറിയിൽ നിന്നും മരത്തടി ഇറക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മാത്തറ മേലത്ത് സ്വദേശി കെ.ടി. അബൂബക്കർ (66) ആണ് മരിച്ചത്.ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം നടന്നത്. മൂരിയാട് പ്രദേശത്തെ ഒരു മരമില്ലിലേക്ക് ലോറിയിൽ കൊണ്ടുവന്ന മരത്തടികൾ ഇറക്കുന്നതിനിടയിൽ, മരത്തടി അബൂബക്കറിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ അബൂബക്കറെ ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും, അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.ഭാര്യ: സഫിയമക്കൾ: കെ.ടി. ഫാദിൽ, കെ.ടി. ആദിൽ, കെ.ടി. മിസിരിയമരുമക്കൾ: ജംഷീദ്, ജിൻഷില, ആദിലസഹോദരങ്ങൾ: കെ.ടി. ബീരാൻകോയ, കെ.ടി. ബാവ, കെ.ടി. സുബൈദ, കെ.ടി. ഹഫ്സത്ത്
ട്രംപ് പ്രഖ്യാപിച്ച ഹോർമുസ് നാവിക ഉപരോധം ആരംഭിച്ചു. ഉപരോധം നടപ്പാക്കാൻ അമേരിക്കൻ നാവിക സേനക്ക് ട്രംപ് നിർദേശം നൽകി.ഇറാനിയൻ തുറമുഖങ്ങളിൽ പ്രവേശിക്കുന്നതും പുറത്തേക്ക് പോകുന്നതുമായ എല്ലാ സമുദ്ര ഗതാഗതവും തടയുമെന്ന് യുഎസ് നാവിക സേന അറിയിച്ചു. ട്രംപിന്റെ തീരുമാനം അനുസരിച്ച് അനിശ്ചിത കാലത്തേക്ക് ഉപരോധം നടപ്പാക്കുമെന്ന് യുഎസ് നാവിക സേന വ്യക്തമാക്കി. അതിനിടെ ഇറാന്റെ കപ്പലുകൾ അടുത്തുവന്നാൽ തകർത്തുകളയുമെന്ന് ട്രംപിന്റെ ഭീഷണി. ട്രൂത്ത് സോഷ്യലിലൂടെയാണ് ഭീഷണി മുഴക്കിയത്. മയക്കുമരുന്ന് മാഫിയ ബോട്ടുകളെ തകർത്തത് പോലെ ഇറാന്റെ കപ്പലുകളും തകർക്കും. മാരകമായ ആക്രമണമായിരിക്കും നടത്തുക. ഇറാന്റെ നാവികസേനയെ കടലിന്റെ അടിത്തട്ടിലേക്ക് പറഞ്ഞയച്ചു. 158 കപ്പലുകളാണ് ഇതുവരെ തകർത്തതെന്നും ട്രംപ് ചൂണ്ടിക്കാട്ടി.ഇറാൻ തുറമുഖങ്ങളിൽ അമേരിക്ക പ്രഖ്യാപിച്ച നാവിക ഉപരോധം ഔദ്യോഗികമായി ആരംഭിച്ചു. ഇന്ത്യൻ സമയം രാത്രി ഏഴരയ്ക്കാണ് ഉപരോധം നിലവിൽ വന്നത്. ഇറാൻ ഇതര രാജ്യങ്ങളിലെ തുറമുഖങ്ങളിലേക്ക് പോകുന്ന കപ്പലുകളെ തടയില്ലെന്ന് അമേരിക്ക അറിയിച്ചിട്ടുണ്ടെങ്കിലും, ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഇവിടെ സംഘർഷാവസ്ഥ നിലനിൽക്കുന്നത് ആഗോള എണ്ണവിലയെ ബാധിക്കാൻ സാധ്യതയുണ്ട്.അതേസമയം അമേരിക്കയും ഇറാനും തമ്മിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ വീണ്ടും ശ്രമിക്കുമെന്ന് പാകിസ്താൻ. സമാധാന ശ്രമങ്ങൾ ഇപ്പോഴും നടക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് അറിയിച്ചു. വെടിനിർത്തൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഇസ്ലാമാബാദ് സമാധാന ചർച്ചകൾ ഒരു ചരിത്ര നിമിഷമായിരുന്നുവെന്ന് ഷെഹബാസ് ഷെരീഫ് വ്യക്തമാക്കി.
കോഴിക്കോട്: മൂഴിക്കലിൽ 16 കാരിയും 20 കാരനും മരിച്ച നിലയിൽ. പെൺകുട്ടിയുടെ അമ്മയുടെ സഹോദരി പുത്രനാണ് പ്രതിയായ അബിനാൻ (24). യുവതിയുടെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയ ശേഷം യുവാവ് വീടിനുള്ളിൽ തന്നെ ആത്മഹത്യ ചെയ്തെന്ന് പ്രാഥമിക നിഗമനം. സംഭവം നടന്നത് പെൺകുട്ടിയുടെ വീട്ടിൽ. മൃതദേഹങ്ങൾ മെഡിക്കൽ കോളേജിലേക്ക് മാറ്റി. പെൺകുട്ടിയുടെ വീടിൻ്റെ രണ്ടാം നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.ഇന്നലെ രാത്രിയാണ് സംഭവം നടന്നതെന്നാണ് നിഗമനം. രാവിലെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടതും വിവരം പൊലീസിൽ അറിയിച്ചതും. കൊലപാതകത്തിലേക്ക് നയിച്ച കാരണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു. കുടുംബങ്ങൾ തമ്മിലുള്ള തർക്കമാണോ അതോ മറ്റെന്തെങ്കിലും വ്യക്തിപരമായ കാരണങ്ങളാണോ കൊലപാതകത്തിനു പിന്നിലെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
തിരുവനന്തപുരം: വേനലും ചൂടും കടുത്തതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തിൽ റെക്കോർഡ് വർദ്ധനവ്. ചരിത്രത്തിൽ ആദ്യമായി സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം 6000 മെഗാവാട്ട് കടന്നു. ഇന്നലെ വൈകുന്നേരമാണ് വൈദ്യുതി ഉപഭോഗം 6012 മെഗാവാട്ട് ആയത്. ഏപ്രിൽ 13ന് രേഖപ്പെടുത്തിയ 5933 മെഗാവാട്ടായിരുന്നു മുൻ റെക്കോർഡ്. വൈദ്യുതി ഉപഭോഗം കുത്തനെ ഉയർന്നതോടെ കെഎസ്ഇബിയും ആശങ്കയിലാണ്. കടുത്ത ചൂടിൽ ഫാൻ, കൂളർ, എ സി എന്നിവ ഉപയോഗിക്കുന്നതിൽ വലിയ വർധനവ് ഉണ്ടായതാണ് വൈദ്യുതി ഉപഭോഗം വർധിപ്പിച്ചത്. ഉപഭോഗം 6000 മെഗാവാട്ട് പിന്നിട്ടാൽ പ്രതിസന്ധി ഉണ്ടാകുമെന്ന് കെഎസ്ഇബി നേരത്തെത്തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്നലത്തെ മൊത്തം വൈദ്യുതി ഉപയോഗം 112.52 ദശലക്ഷം യൂണിറ്റ് ആണ്. ഏപ്രിലിലെ ഏറ്റവും ഉയർന്ന വൈദ്യുതി ഉപഭോഗമാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഇതോടെ ആഭ്യന്തര ഉൽപാദനം കൂട്ടുമെന്ന നിലപാടിലാണ് കെഎസ്ഇബി. വൈദ്യുതി പ്രതിസന്ധി ഒഴിവാക്കാൻ പീക്ക് സമയത്ത് (വെകുന്നേരം 6 മണി മുതൽ രാത്രി 11 വരെ) വൈദ്യുതി ഉപയോഗിക്കുന്നതിൽ നിയന്ത്രണം കൊണ്ടുവരാൻ ശ്രമിക്കണമെന്ന് കെഎസ്ഇബി നിർദേശിക്കുന്നുണ്ട്.
കൊരയങ്ങാട്: വിഷു ആഘോഷിക്കുന്നതിനിടെ ഉണ്ടായ ദാരുണ അപകടത്തിൽ 16 കാരനായ വിദ്യാർത്ഥി മരിച്ചു. കൊരയങ്ങാട് തെരുവിലെ എടക്കോടൻ വീട്ടിൽ അദ്വൈത് ആണ് മരിച്ചത്. വിഷുദിനത്തിൽ കൊരയങ്ങാട് ഗ്രൗണ്ടിൽ പടക്കം പൊട്ടിക്കെ, പടക്കം ശരീരത്തിൽ തെറിച്ചതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും, ചികിത്സയിൽ കഴിയുന്നതിനിടെ മരണം സംഭവിച്ചു. സംഭവത്തിൽ ഒരാൾക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. അനീഷിന്റെയും ബിൻ സിയുടെയും മകനാണ് അദ്വൈത്. സഹോദരൻ: അർജുൻ.
തിരുവനന്തപുരം: വേനലവധിക്കാലത്തെ സ്‌പെഷ്യല്‍ ക്ലാസുകള്‍ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. നിയമലംഘനം നടത്തുന്ന വിദ്യാലയങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.കേരള വിദ്യാഭ്യാസ ചട്ടങ്ങളിലെ വ്യവസ്ഥകള്‍ പ്രകാരം മാര്‍ച്ച് മാസത്തിലെ അവസാന പ്രവൃത്തിദിവസം മുതല്‍ മേയ് മാസം വരെ കുട്ടികള്‍ക്ക് വേനലവധി അനുവദിച്ചിട്ടുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.ചുട്ടുപൊള്ളുന്ന വേനല്‍ച്ചൂട് കണക്കിലെടുത്ത് തൊഴിലാളികള്‍ക്ക് ഉള്‍പ്പെടെ സര്‍ക്കാര്‍ പുതുക്കിയ തൊഴില്‍ സമയക്രമം നിശ്ചയിച്ചിരിക്കുന്ന സാഹചര്യത്തില്‍ കുട്ടികളെ വിദ്യാലയങ്ങളില്‍ എത്തിക്കുന്നത് അവരുടെ മൗലികാവകാശങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും ലംഘനമാണ്.കഠിനമായ ചൂടില്‍ സ്‌കൂളുകളിലെ പഠന അന്തരീക്ഷം കുട്ടികള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. ബാലാവകാശ കമ്മീഷന്റെയും കോടതികളുടെയും മുന്‍ ഉത്തരവുകള്‍ പ്രകാരം കുട്ടികളുടെ അവധിക്കാലം തടസ്സപ്പെടുത്താന്‍ ആര്‍ക്കും അവകാശമില്ല എന്നും മന്ത്രി വി പറഞ്ഞു.സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകള്‍ക്ക് പുറമെ സിബിഎസ്ഇ, ഐസിഎസ്ഇ തുടങ്ങി എല്ലാ സ്ട്രീമുകളില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങളും ഈ നിര്‍ദ്ദേശം പാലിക്കാന്‍ ബാധ്യസ്ഥരാണ്. അതിനാല്‍ യാതൊരു കാരണവശാലും സ്‌പെഷ്യല്‍ ക്ലാസുകള്‍ അനുവദിക്കില്ലെന്നും ഇത് ലംഘിക്കുന്ന വിദ്യാലയങ്ങളെ നിരീക്ഷിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
കോഴിക്കോട്: കോൺവെൻറ് റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. മദര്‍ ഓഫ് ഗോഡ് കത്തീഡ്രല്‍ പള്ളിയുടെ പുറകുവശത്തായാണ് മൃതദേഹം കണ്ടെത്തിയത്. കൊഴിഞ്ഞാമ്പാറ സ്വദേശിനിയുടേതാണ് കുഞ്ഞ്.പള്ളിയില്‍ വെച്ച് പ്രസവിച്ച് ശേഷം കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു. പൊലീസ് കസ്റ്റഡിയിലെടുത്ത മാതാവിനെ നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സിസിടിവിയില്‍ ഇവരുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു.പാലക്കാട് നിന്നെത്തിയ തീര്‍ത്ഥാടക സംഘമാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടത്. ഉടന്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസും ഫോറന്‍സിക് സംഘവും സംഭവസ്ഥലത്ത് പരിശോധന നടത്തുകയാണ്.