കോഴിക്കോട്: സംസ്ഥാനത്ത് സ്വകാര്യ ആശുപത്രി നഴ്സുമാർ വീണ്ടും സമരം തുടങ്ങി. 26 പ്രമുഖ ആശുപത്രികളിലാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ്റെ (യുഎൻഎ) നേതൃത്വത്തിൽ സമരം പുനരാരംഭിച്ചത്. ഹൈക്കോടതി നിർദേശ പ്രകാരം നടത്തിയ മധ്യസ്ഥ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് നഴ്സുമാർ സമരം തുടങ്ങിയത്. നഴ്സുമാരുടെ സമരം കർശനമായി നേരിടുമെന്ന് അറിയിച്ച മാനേജ്മെൻ്റ് അസോസിയേഷൻ ആവശ്യം വന്നാൽ ആശുപത്രികൾ അടച്ചിടുമെന്നും പ്രഖ്യാപിച്ചു. 40,000 രൂപ മിനിമം വേതനം ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് സമരം.”
കായണ്ണ: പിണറായി സർക്കാർ സാധാരണക്കാരെയും പാവങ്ങളെയും മറന്ന് മുതലാളിത്തത്തിന്റെ പാതയിലാണ് സഞ്ചരിക്കുന്നതെന്ന് മുൻ കെ പി സി സി പ്രസിഡന്റ് വി എം സുധീരൻ അഭിപ്രായപ്പെട്ടു. ബാലുശ്ശേരി യു ഡി എഫ് സ്ഥാനാർത്ഥി വി ടി.സൂരജിന്റെ തിരെഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കായണ്ണ പഞ്ചായത്തിൽ യു ഡി എഫ് കമ്മിറ്റി സംഘടിപ്പിച്ച കുടുംബ സഗമം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പിസി ബഷീർ അധ്യക്ഷത വഹിച്ചു. കേരളത്തിൽ ഭരണ മാറ്റം വരുമെന്നും അതിൽ വി ടി സൂരജും വിജയം വരിക്കുമെന്നും അദ്ദേഹം പറഞ്ഞു. റംസീന നരിക്കുനി മുഖ്യ പ്രഭാഷണം നടത്തി. എം ഋഷികേശൻ മാസ്റ്റർ,അബ്ദുസ്സമദ് പൂനത്ത്,ആശിഖ് ചെലവൂർ,എൻ വി.റഹ്മാൻ,പി കെ സലാം മാസ്റ്റർ,പോയിൽ വിജയൻ,സി കെ,അസീസ്,മാങ്ങര രാജൻ,വി പി.ശ്രീധരൻ സി.കെ.അബ്ദുറഹിമാൻ പ്രസംഗിച്ചു.
ബാലുശ്ശേരി :കിനാലൂർ ജി യു പി സ്കൂൾ 99 മത്തെ വാർഷികോത്സവ ഉദ്ഘാടനവും, നൂറാം വാർഷികോൽസവത്തിന്റെ ലോഗോ പ്രകാശനവും റിട്ടയേഡ് ഡയറ്റ് പ്രിൻസിപ്പളും വിദ്യാഭ്യാസ പ്രവർത്തകനു മായ ടി. കെ .അബ്ബാസ് അലി നർവഹിച്ചു. സ്കൂൾ പ്രാധാനാധ്യാപിക ശ്രീജ കെ. ബി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു . എം .പി. ടി എ പ്രസിഡൻ്റ് ഫമിന, എസ്.എം.സി ചെയർമാൻ നിഥിൻ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളായ സി.കെ സതീഷ് കുമാർ, രംഗീഷ്കുമാർ പി.കെ, രാജീവൻ പി.കെ, അമ്പാടി ബാബുരാജ്, ഇസ്മയിൽ എം.ടി, റഫീക്ക് കെ.കെ, റംല എം.കെ എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു. പി ടി എ പ്രസിഡന്റ് ടി.കെ ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയർമാൻ എം പി ദേവദാസ് സ്വാഗതവും ഷൈനി ടീച്ചർ നന്ദിയും പറഞ്ഞു.
പേരാമ്പ്ര :പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വിവാദത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നല്‍കി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ടി പി രാമകൃഷ്ണന്‍. ചട്ടലംഘനം നടന്നിട്ടില്ലെന്നും അനൗണ്‍സ്‌മെന്റ് നടന്നത് സ്ഥാനാര്‍ത്ഥിയോ മുന്നണിയോ അറിയാതെ ആണെന്നും ഇത്തരം പ്രചാരണം എല്‍ഡിഎഫ് നയമല്ലെന്നും ടി പി രാമകൃഷ്ണന്‍ വിശദീകരിച്ചു. കേസില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തഹിലിയ ഇന്ന് വിശദീകരണം നല്‍കും.ഫാത്തിമ തഹ്ലിയക്കെതിരെ മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ അനൗണ്‍സ്‌മെന്റ് നടത്തിയെന്നാരോപിച്ച് യുഡിഎഫ് ആയിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. അനൗണ്‍സ്‌മെന്റ് വീഡിയോ സഹിതമായിരുന്നു പരാതി. തുടര്‍ന്ന് ടി പി രാമകൃഷ്ണന് നോട്ടീസ് അയക്കുകയായിരുന്നു.ഫാത്തിമ തെഹ്ലിയയെ പേരാമ്പ്രയില്‍ സ്ഥാനാര്‍ത്ഥിയാക്കിയ മുസ്ലിം ലീഗ് മതം പറഞ്ഞ് വോട്ടുപിടിക്കുന്നുവെന്ന രീതിയിലുള്ള അനൗണ്‍സ്‌മെന്റ് എല്‍ഡിഎഫ് പ്രചാരണ വാഹനത്തിലുണ്ടായിരുന്നുവെന്നായിരുന്നു യുഡിഎഫിന്റെ ആരോപണം.ഇതിനിടെ സ്ഥാനാര്‍ത്ഥിക്കൊപ്പം എത്തിയവര്‍ സമുദായത്തിന്റെ പേരില്‍ വോട്ട് ചോദിച്ചെന്നാരോപിച്ച് ഫാത്തിമ തഹ്ലിലക്കെതിരെ പരാതി നല്‍കിയ കീഴരിയൂര്‍ സ്വദേശി വീണ്ടും പൊലീസിനെ സമീപിച്ചു. തഹ്ലിയക്കെതിരെ പരാതി കൊടുത്തവര്‍ക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നുവെന്ന് കാട്ടിയാണ് പരാതി നല്‍കിയത്. സ്ത്രീത്വത്തെ അപമാനിക്കുന്നുവെന്നുവെന്ന് കാട്ടി കോഴിക്കോട് റൂറല്‍ എസ്പിക്കാണ് പരാതി നല്‍കിയത്.
കോഴിക്കോട് :കോഴിക്കോട് ബീച്ച് ഗവ.ഹോസ്പിറ്റൽ ബ്ലഡ് സെന്ററിന് രക്തദാതാക്കൾക്ക് ഉപകാരപ്പെടുന്ന വിധം ഉപയോഗിക്കുവാൻ വേണ്ടി ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പ് എയർ കൂളർ നൽകി. ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. സച്ചിൻ ബാബുവിന് ഹോപ്പ് പ്രസിഡന്റ് നാസർ ആയഞ്ചേരി കൂളർ കൈമാറി.ബ്ലഡ് സെന്റർ മെഡിക്കൽ ഓഫീസർ ഡോ. മേരി ട്രീസ ,കൗൺസലർ അഞ്ജുഷ,ബ്ലഡ് സെന്റർ ടെക്നികൽ സൂപ്പർവൈസർ ഷരീഫ എന്നിവർ സന്നിഹിതരായിരുന്നു. ഹോപ്പ് പ്രവർത്തകരായ ഗിരീഷ്ബാബു ശാരദാമന്ദിരം, സിദ്ദീഖ് പെരുമണ്ണ,നൗഷാദ് ബേപ്പൂർ,സുമേഷ് പാലേരി, ഷാജി വെള്ളിമാട്കുന്ന്,ഷുക്കൂർ അത്തോളി, റെജിന അരക്കിണർ,ഷറിജ ഒളവണ്ണ, മലബാർ റഷീദ്തുടങ്ങിയവർ പങ്കെടുത്തു.
തിരുവനന്തപുരം :സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. 22 കാരറ്റ് 1 പവൻ സ്വർണത്തിന് 75 രൂപ കുറഞ്ഞ് വില 1,09,880 രൂപയായി. ഒരു ഗ്രാമിന് ഇന്ന് 13,735 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി സ്വർണ വിലയിൽ ചെറിയ ഇടിവുണ്ടായിട്ടുണ്ട്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ സ്വർണ വില 1,09,240 രൂപയാണ്. ഏപ്രിൽ 2 ന് ആണ് ഈ വില രേഖപ്പെടുത്തിയിരുന്നത്. 2026 ജനുവരി 29-ന് രേഖപ്പെടുത്തിയ ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമാണ് കേരളത്തിലെ ഇതുവരെയുള്ള റെക്കോർഡ് നിരക്ക്. അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം വെള്ളിക്ക് 250 രൂപയും 10 പവൻ വെള്ളിക്ക് 2500 രൂപയുമാണ് വില വരുന്നത്.
അരൂർ :അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനെതിരെ കേസെടുത്ത് പോലീസ്. എല്‍ഡിഎഫ്, എന്‍ഡിഎ പ്രവര്‍ത്തകര്‍ക്കെതിരെയും പൂച്ചാക്കല്‍ പോലീസ് കേസെടുത്തിട്ടുണ്ട്. പോളിങ്ങ് ബൂത്തില്‍ നിരോധന ഉത്തരവ് ലംഘിച്ചതിനാണ് നടപടി.പോളിങ് സമയം കഴിഞ്ഞ ശേഷം ബൂത്തില്‍ കയറാന്‍ ആര്‍ക്കും അനുവാദം ഇല്ലെന്ന തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിനാണ് നടപടി. പോളിങ് സമയത്തിനുശേഷം പോളിങ് ബൂത്തില്‍ കയറാന്‍ അനുവദിക്കാത്ത തിനെ തുടര്‍ന്ന് കുത്തിയിരുന്ന് ഷാനിമോള്‍ ഉസ്മാന്‍ പ്രതിഷേധിച്ചിരുന്നു.
പാലക്കാട് : കർണാടകയിൽ കുടുംബത്തോടൊപ്പമുള്ള വിനോദയാത്രയ്ക്കിടെ കാണാതായ പാലക്കാട് സ്വദേശിനി ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി.ചിക്കമംഗളൂരുവില്‍ കാണാതായ മലയാളി പെണ്‍കുട്ടി ശ്രീനന്ദയ്ക്കായി മൂന്ന് ദിവസത്തിലേറെയായി തുടര്‍ന്ന തിരച്ചില്‍ അവസാനിച്ചത് കണ്ണീരില്‍. 1500 അടിയോളം താഴ്ചയില്‍നിന്ന് ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി. പാലക്കാട്ടുനിന്ന് കുടുംബത്തോടൊപ്പം വിനോദസഞ്ചാരത്തിനെത്തിയതായിരുന്നു പത്താംക്ലാസ് വിദ്യാര്‍ഥിനിയായ ശ്രീനന്ദ. ചൊവ്വാഴ്ച വൈകിട്ടോടെയാണ് കുട്ടിയെ കാണാതാകുന്നത്.വിനോദ യാത്രയ്ക്കിടെ ചിക്കമഗളൂരു മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിനു സമീപമാണ് പാലക്കാട് കടമ്പഴിപ്പുറം സ്വദേശിയായ 15 വയസുകാരി ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തിയത്. തിരച്ചില്‍ ആരംഭിച്ച് മൂന്നാം ദിവസം പിന്നിടുമ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസും വനംവകുപ്പും ദുരന്തനിവാരണ സേനയും ചേര്‍ന്നാണ് തിരച്ചില്‍ നടത്തിയത്. ഡ്രോണ്‍ ക്യാമറകളും വിന്യസിച്ചിരുന്നു. 1500 അടി താഴ്ച്ചയില്‍, ബാബ ബുധാന്‍ഗിരിക്ക് താഴെ ഹര്‍ഷന ഗുപ്പയിലാണ് തിരച്ചിലിനിടെ മൃതദേഹം കണ്ടെത്തിയത്. വെള്ളച്ചാട്ടത്തില്‍ വീണെന്നു സംശയമുയര്‍ന്നെങ്കിലും തിരച്ചിലിനു ശേഷം പൊലീസ് സാധ്യത തള്ളിയിരുന്നു. ചൊവ്വാഴ്ച വൈകിട്ടു മറ്റു രണ്ടു കുട്ടികള്‍ക്കൊപ്പം ശ്രീനന്ദ ഫോട്ടോ എടുത്തിരുന്നു. സംഘം തിരിച്ചിറങ്ങുന്നതിനിടെയാണ് ഒരാളെ കാണാനില്ലെന്ന വിവരം അറിയുന്നത്. ശ്രീനന്ദയ്‌ക്കൊപ്പം എത്തിയ 40 അംഗ സംഘത്തിലെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉള്‍പ്പെടെ 15 പേര്‍ അന്വേഷണ സംഘത്തെ സഹായിക്കാന്‍ സ്ഥലത്തു തങ്ങിയിരുന്നു. പശ്ചിമഘട്ടത്തിലെ ചന്ദ്രഗിരി പര്‍വത മേഖലയിലാണു ബാബാ ബുധാന്‍ഗിരി.മരണത്തില്‍ കുടുംബം ദുരൂഹത ആരോപിക്കുന്നുണ്ട്. ചൊവ്വാഴ്ച വൈകിട്ട് 5:20ന് കുടുംബത്തോടൊപ്പം എടുത്ത ഫോട്ടോയില്‍ കുട്ടി പിറകില്‍ നില്‍ക്കുന്നുണ്ട്. എന്നാല്‍ 5:35ന് എടുത്ത് ഫോട്ടോകളില്‍ കുട്ടിയെ കാണാനില്ല. തുടര്‍ന്ന് പ്രദേശത്ത് ശക്തമായ തിരച്ചില്‍ നടത്തി വരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. നൂറോളം പേരടങ്ങുന്ന സംഘം ഇന്ന രാവിലെ മുതല്‍ പ്രദേശത്ത് തിരച്ചില്‍ നടത്തിയിരുന്നു. കേരള പോലീസ് സംഘവും ഇവിടെ എത്തിയിരുന്നു.
തിരുവനന്തപുരം :സംസ്ഥാനത്ത് ചൂട് കൂടുന്നു. താപനില വർധിക്കുന്ന സാഹചര്യത്തിൽ 12 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ്. സാധാരണയേക്കാള്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് അധിക താപനിലയാണ് നിലവില്‍ രേഖപ്പെടുത്തുന്നത്. പാലക്കാട് ജില്ലയില്‍ 39 ഡിഗ്രിവരെയും കൊല്ലത്ത് 38ഡിഗ്രി വരെയുമാണ് താപനില രേഖപ്പെടുത്തിയിരിക്കുന്നത്. കൂടാതെ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പുണ്ട്.
ഡൽഹി :രാജ്യത്തെ ഡിജിറ്റൽ പേമെന്റ് സംവിധാനം കൂടുതൽ സുരക്ഷിതമാക്കുന്നതിന് പുതിയ സംവിധാനങ്ങൾ നടപ്പാക്കാൻ ഒരുങ്ങി ആർബിഐ. പുതിയ തീരുമാനങ്ങൾ ഉടൻ നിലവിൽ വന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതോടുകൂടി യുപിഐ, നെറ്റ് ബാങ്കിംഗ്, കാർഡ് പെയ്മെന്റുകൾ എന്നിവയിൽ വലിയ മാറ്റമുണ്ടായേക്കാം. സൈബർ തട്ടിപ്പുകാരെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആർബിഐയുടെ ഈ പുതിയനീക്കം. പുതിയ മാറ്റം അനുസരിച്ച് ഇനി മുതൽ ഒടിപി മാത്രം ഉപയോഗിച്ച് പണം ഇടപാടുകൾ നടത്താൻ ആവില്ല. ഇതിനൊപ്പം പിൻ നമ്പറും ബയോമെട്രിക് ഫെയ്സ് ഐഡിയോ അല്ലെങ്കിൽ വിരൽ അടയാളമോ നൽകണം. ഒരു ദിവസം ഓൺലൈൻ പേമെന്റ് ആപ്പിലൂടെ ബാലൻസ് പരിശോധിക്കുന്നതിലും നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്.