തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഒന്നാംക്ലാസ് പ്രവേശനത്തിനുള്ള പ്രായം ഈ അധ്യയനവർഷവും അഞ്ചുവയസ്സായി തന്നെ തുടരും. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി പ്രായപരിധി ആറുവയസ്സായി ഉയർത്തണമെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിരുന്നെങ്കിലും, കേരള വിദ്യാഭ്യാസ ചട്ടം (കെ ഇ ആർ) മുൻനിർത്തി പഴയ രീതി തുടരാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.
ഈ വർഷം പ്രായപരിധി ആറുവയസ്സാകുമെന്ന് കരുതി കുട്ടികളെ വീണ്ടും യു.കെ.ജി ക്ലാസുകളിലും അങ്കണവാടികളിലും ഇരുത്താൻ തയ്യാറെടുത്തിരുന്ന രക്ഷിതാക്കൾക്ക് പുതിയ തീരുമാനം വലിയ ആശ്വാസമാകും. പ്രായപരിധി ഉയർത്തുന്നത് ഒഴിവാക്കിയതോടെ സ്‌കൂളുകളിൽ കുട്ടികൾ കുറയുന്ന സാഹചര്യം ഒഴിവാകുകയും അധ്യാപകരുടെ ആശങ്കകൾക്ക് പരിഹാരമാവുകയും ചെയ്യും.
മേയ് രണ്ടുമുതൽ സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ പ്രവേശന നടപടികൾ ആരംഭിക്കും. മതിയായ രേഖകൾ ഹാജരാക്കാൻ സാധിക്കാത്തവർക്ക് താൽക്കാലിക പ്രവേശനം നൽകാൻ സൗകര്യമുണ്ടാകും. ഒന്ന് മുതൽ എട്ട് വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് പാഠപുസ്തകങ്ങളും യൂണിഫോമും സൗജന്യമായി നൽകും. പ്രവേശനത്തിനായി കുട്ടികൾക്ക് യാതൊരുവിധ പരീക്ഷകളും നടത്തരുതെന്നും ഫീസുകൾ ഈടാക്കരുതെന്നും വിദ്യാഭ്യാസ വകുപ്പ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.