പുതുക്കിയ ശമ്പളത്തിന് 2026 ജനുവരി ഒന്ന് മുതൽ പ്രാബല്യം
ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ദീർഘനാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് എട്ടാം ശമ്പള കമ്മീഷൻ നടപടികൾ വേഗത്തിലാകുന്നു. പണപ്പെരുപ്പവും നിലവിലെ സാമ്പത്തിക സാഹചര്യങ്ങളും പരിഗണിച്ച് ശമ്പളത്തിലും പെൻഷനിലും ഗണ്യമായ വർധനവാണ് കമ്മീഷൻ ലക്ഷ്യമിടുന്നത്.
2025 ജനുവരിയിൽ പ്രഖ്യാപിച്ച കമ്മീഷന്റെ ശിപാർശകൾ പ്രകാരം പുതുക്കിയ ശമ്പളത്തിന് 2026 ജനുവരി ഒന്ന് മുതൽ മുൻകാല പ്രാബല്യം ലഭിക്കുമെന്നാണ് സൂചന. അടിസ്ഥാന ശമ്പളം നിശ്ചയിക്കുന്നതിലെ നിർണ്ണായക ഘടകമായ ഫിറ്റ്മെന്റ് ഫാക്ട്‌ടർ 2.57 മുതൽ 3.25 വരെ വർധിപ്പിക്കാൻ സാധ്യതയുള്ളതിനാൽ ജീവനക്കാരുടെ വരുമാനത്തിൽ വലിയ കുതിച്ചുചാട്ടമുണ്ടാകും. ശമ്പള പരിഷ്കരണത്തിന് പുറമെ പെൻഷൻ സംവിധാനം, വിവിധ അലവൻസുകൾ, ക്ഷാമബത്ത എന്നിവയിലും കാലോചിതമായ മാറ്റങ്ങൾ കമ്മീഷൻ ശിപാർശ ചെയ്യും.